അഞ്ചു പതിറ്റാണ്ട് പിന്നിട്ട ഇടത്-വലത് മുന്നണി രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും മൂന്നാം ബദലിനെ സ്വീകരിക്കാന്‍ കേരളം ഒരുങ്ങിയെന്നുമാണ് നവംബര്‍ ആദ്യം നടന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം എന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും വിജയിച്ചവര്‍ക്ക് പാര്‍ട്ടി ബത്തേരിയില്‍ ഒരുക്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010-ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടതു മുന്നണിക്ക് മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ കുറവും, യു.ഡി.എഫിന് പത്ത് ലക്ഷത്തോളം വോട്ടിന്റെ കുറവുമാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. ഇടതു മുന്നണിക്ക് 5 % വോട്ടും യു.ഡി.എഫിന് 9 % വോട്ടും കുറഞ്ഞപ്പോള്‍ ബി.ജെ.പി ക്ക് 9 % വോട്ടിന്റെ വര്‍ദ്ധനവാണ് ഈ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ വിജയി ബി.ജെ.പിയാണെന്നും മൂന്നാം ബദലിനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിയെന്നുമാണ് ഇതു നല്കുന്ന സന്ദേശമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 380 സീറ്റ് മാത്രം ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇക്കുറി അത് 990-ഓളം സീറ്റുകളായി വര്‍ദ്ധിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ അനന്തപുരിയില്‍ മന്ത്രി മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന ഏതാണ്ട് എല്ലാ കോര്പ്പറേഷന് ഡിവിഷനുകളിലും ബി.ജെ.പി ആണ് വിജയിച്ചത് എന്നത് പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ ദിശാ സൂചനയാണ്. സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പല പൊന്നാപുരം കോട്ടകളും തകര്‍ന്നടിയുന്ന ചിത്രമാണ് ഈ തെരഞ്ഞെടുപ്പ് കാഴ്ചവെച്ചത്. സി.പി.എം പ്രവര്‍ത്തകരുടെ ചോരകൊണ്ട് ചരിത്രമെഴുതിയ തില്ലങ്കേരിയില്‍ പോലും ആ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നത് മലയാളക്കര രാഷ്ട്രീയ മാറ്റത്തിനൊരുങ്ങി എന്നതിന്റെ വ്യക്തമായ സൂചനയാണ്. സി.പി.എം രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.തോമസ് ഐസക്കിന്റെ വാര്‍ഡില്‍ പോലും കാവിക്കൊടിയുടെ രാഷ്ടീയം വിജയക്കൊടി പാറിച്ചിരിക്കുകയാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ഏക പാര്‍ട്ടിയും ബി.ജെ.പി യാണ്. എസ്.എന്‍.ഡി.പി. യോഗം സംസ്ഥാന സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ നൂറ്റാണ്ടിലെ പുതിയ മാറ്റത്തിന്റെ തുടക്കമാണെന്നും ഈ യാത്ര ഡിസംബര്‍ 5-ന് ശംഖുമുഖത്ത് സമാപിക്കുമ്പോള്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം ഉണ്ടാകും എന്നും ആ രാഷ്ട്രീയ പ്രസ്ഥാനവുമായി ബി.ജെ.പി സഖ്യം ഉണ്ടാക്കും എന്നും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണി രാഷ്ട്രീയത്തിനെതിരായി പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് ഈ കൂട്ടുകെട്ട് നേതൃത്വം നല്‍കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ കെ.സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച ദേശീയ ജന.സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍, പള്ളിയറ രാമന്, ജില്ലാ സെക്രട്ടറി പി.ജി.ആനന്ദകുമാര്‍, മുന്‍ ജില്ലാ പ്രസിഡന്റ് കൂത്താറ ദാമോദരന്‍, അഡ്വ.പി.സി.ഗോപിനാഥ്, പി.വി.ശിവദാസന്‍, കെ.എം.പൊന്നു. ഗോപാലകൃഷ്ണന് മാസ്റ്റര്‍, പി.പദ്മനാഭന് മാസ്റ്റര്‍, പി.ആര്.വിജയന്, പി.മോഹനന്, രമ വിജയന്, കെ.പി.മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: