വടശ്ശേരിക്കര: ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയില്‍ അയ്യപ്പഭക്തര്‍ ചൂഷണത്തിന് വിധേയരാകുന്നതായി ആക്ഷേപം. അന്യസംസ്ഥാനത്തുനിന്നും എത്തുന്ന അയ്യപ്പഭക്തര്‍ ദര്‍ശന ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഏലം കറുവപട്ട ഗ്രാംപൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങാറുണ്ട്. ഇങ്ങനെ വാങ്ങുന്ന തീര്‍ത്ഥാടകരാണ് ഇവിടെ ചൂഷണത്തിന് വിധേയരാകുന്നത്. വടശ്ശേരിക്കരയിലെ ടിടിടിഎം വൊക്കേഷണല്‍ ഹയര്‍ സെക്കേണ്ടറി സ്കൂളിനു മുന്പില് റോഡിന്റെ ഇരു വശങ്ങളിലുമായി പതിനഞ്ചോളം താല്കാലിക സുഗന്ധ വ്യഞ്ജന വ്യാപാരികളാണ് മണ്ഡലമകരവിളക്കുത്സവക്കാലത്ത് കച്ചവടവുമായി തമ്പടിക്കുന്നത്.
സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങുന്നവരില്‍ 98ശതമാനവും അന്യ സംസ്ഥാനത്ത്നിന്നും വരുന്ന തീര്‍ത്ഥാടകരാണ്.വടശ്ശേരിക്കരയിലെ ഈ വ്യപാരകേന്ദ്രങ്ങളില്മിക്കയിടത്തും കൃത്യവും വ്യക്തവുമായ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാറില്ലെന്ന് ഭക്തര്‍ പറയുന്നു. പ്രദര്ശിപ്പിക്കുന്നിടത്താകട്ടെ ചെറിയ അക്ഷരത്തില്‍ മലയാളത്തിലും. രാത്രിയായാല്‍ ഇതും എടുത്തു മാറ്റുമെന്ന് ഭക്തര്‍ പറയുന്നു. സാധനങ്ങള്‍ വാങ്ങന്‍ തീര്‍ത്ഥാടകരുടെ തിരക്കുവര്ദ്ധിക്കുന്നതിനനുസരിച്ച് വിലയില്‍ അനുനിമിഷം മാറ്റമുണ്ടാകും. ചിലപ്പോള്‍ കുരുമുളകിനെക്കാള്‍ കൂടുതല്‍ വിലക്കു ജീരകം വിറ്റെന്നും വരും. സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബില്ലും കൊടുക്കാറില്ല. വില്പന നികുതിയോ, വാറ്റോ ഒന്നും ഇവര്‍ക്ക് ബാധകവുമല്ല.
വില്‍ക്കുന്ന സാധനങ്ങളുടെ ഗുണ നിലവാരത്തിലും ആക്ഷേപമുണ്ട്. വഴനയുടെ ഇലയും തൊലിയും കറുവ പട്ടയായും മൂപ്പെത്താത്ത ഉണങ്ങിയ പൂക്കള്‍ ഗ്രാമ്പൂ ആയും വില്പന നടത്തുന്നു എന്ന് നാട്ടുകാരില്‍ ചിലര്‍ പരാതിപ്പെടുന്നു. കശകശയില്‍ മറ്റെന്തോ ധാന്യമാണ് ചെര്ക്കുന്നതത്രെ ഏലക്കാ, ജീരകം മുതലായവ ഏറ്റവും താഴ്ന്ന ഗുണനിലവാരത്തിലുള്ളതാണെങ്കിലും വിലയില്‍ ഒരു കുറവുമില്ല. കുടംപുളി, കിസ്മസ്, ഈന്തപ്പഴം തുടങ്ങിയവ മലിനമാകാതെ അടച്ചു വെയ്ക്കുന്നതിന് പകരം തുറന്നു വെച്ചാണ് കച്ചവടം.
സുഗന്ധ വ്യഞ്ജന വ്യാപാരം നടത്തുന്നതിനു ഫുഡ് സേഫ്ടി ഓഫീസ്സറുടെ അനുമതി വേണം. നിര്‍ദ്ദിഷ്ട ഫാറത്തില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഒരു വര്‍ഷത്തില്‍ താഴെയുള്ള (താല്‍ക്കാലിക) കാലവധിയിലേക്കാണ് അപേക്ഷയെങ്കില്‍ ആവശ്യമായ രേഖകളോടൊപ്പം 100 രൂപ ഫീസ് അടച്ചു രജിസ്ട്രേഷന് എടുക്കണം. ഒരു വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ 2000 രൂപ അടച്ചു ലൈസന്‍സ് കരസ്ഥമാക്കേണ്ടത് നിര്‍ബന്ധമാണ്. കൂടാതെ സ്ഥാപനത്തിന് പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കണം. കൃത്യമായ ബില്ലും മറ്റു വില്പന രേഖകളും ഉണ്ടായിരിക്കണം. ഇത്തരം നടപടി ക്രമങ്ങള്‍ ഒന്നും താല്‍ക്കാലിക കച്ചവടക്കാര്‍ പാലിച്ചിട്ടില്ല എന്ന് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.
വടശ്ശേരിക്കര പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു താഴെയാണ് വര്‍ഷങ്ങളായി ഈ കൊള്ള ആരങ്ങേറുന്നത്. നിയമപരമല്ലാതെയും, അയ്യപ്പഭക്തരെ ചൂഷണം ചെയ്തുമുള്ള ഈ വഴി വാണിഭം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി റാന്നി താലൂക്ക് സെക്രട്ടറി രഘു ഇടക്കുളം ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: