പത്തനംതിട്ട: പ്രായമുള്ളവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും പടികള്‍ കയറുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പത്തനംതിട്ട നഗരസഭ ആറാം വാര്‍ഡ് മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍എസ്വിഎം യുപി സ്കൂളിലെ പോളിംഗ് ബൂത്ത് അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പായി സൗകര്യപ്രദമായ മറ്റൊരിടം കണ്ടെത്തി മാറ്റുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന് നായര്‍ പറഞ്ഞു. കളക്ടറേറ്റില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സൗകര്യാര്‍ഥം ഓരോ നിയോജകമണ്ഡലത്തിലും ഒരു പോളിംഗ് ബൂത്ത് എങ്കിലും വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍എസ്വിഎം യുപി സ്കൂളില്‍ പോളിംഗ് ബൂത്ത് സ്ഥാപിച്ചിരുന്നത്. ഈ പ്രദേശത്ത് സൗകര്യപ്രദമായിട്ടുള്ള പൊതുസ്ഥലം അതുമാത്രമായിരുന്നു. അതിനാല്‍ ഇപ്രാവശ്യവും ഈ സ്ഥലം തന്നെ ഏറ്റെടുക്കുകയും അവിടെ വോട്ടെടുപ്പ് നടത്തേണ്ടിയും വന്നു. പ്രായമുള്ളവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പടികള്‍ കയറി എത്തുന്നതിന് ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ ഡോളി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
മലപ്പുറം ജില്ലയിലും തൃശൂരിന്റെ ചില ഭാഗങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടതു സംബന്ധിച്ച് കമ്മീഷന് മുന്‍വിധിയില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഇക്കാര്യം പരിശോധിക്കുന്നതിന് സിഡാക് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്നു പേരുള്ള ഉന്നതാധികാര സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയും ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ എന്‍ജിനിയര്‍മാരും ചേര്‍ന്ന് പരിശോധന നടത്തും. ഒരു മാസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടിയെടുക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
മറ്റ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് സുഗമമായിരുന്നു. വോട്ടെണ്ണല്‍ സംബന്ധിച്ച് ഒരു പ്രശ്നവുമുണ്ടായില്ല. കണ്ട്രോള് യൂണിറ്റുകള്‍ എല്ലാം തൃപ്തികരമായിരുന്നു. തിരഞ്ഞെടുപ്പ് നടപടി അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും അധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പാണ് ഇനി അവശേഷിക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനോ അതിനു മുന്‍പായോ തീര്‍ക്കണമെന്ന ലക്ഷ്യത്തിലാണ് നടപടി പുരോഗമിക്കുന്നത്. ഇത് സങ്കീര്‍ണ നടപടിയായതിനാല്‍ എല്ലാ ജില്ലകളിലും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: