പത്തനംതിട്ട: നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ തണല്‍മരങ്ങള്‍ പോലും ഇല്ലാത്തത് തീര്‍ത്ഥാടകരെയും അവരേയുംകൊണ്ടെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരേയും വലയ്ക്കുന്നു. ചുട്ടുപഴുക്കുന്ന വേനല്‍ചൂടില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കഴിയുക എന്നത് ഏറെ ദുഷ്കരമാണ്.
ശബരിമല ദര്‍ശനത്തിന് ശേഷം കെഎസ്ആര്‍ടിസി ബസ്സുകളില്‍ പമ്പയില്‍ നിന്നും നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി സ്റ്റാന്ഡുകളിലിറങ്ങി ഏറെദൂരം സഞ്ചരിച്ചുവേണം പാര്‍ക്കിങ് ഗ്രൗണ്ടിലെത്താന്‍. വഴിയോരങ്ങളില്‍പോലും തണല്‍ മരങ്ങളില്ലാതെ കഠിനമായ വെയിലേറ്റ് വേണം തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാന്‍.
പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ വിവിധ ഇടങ്ങളിലൊരുക്കാനായി ഇവിടെയുണ്ടായിരുന്ന റബര്മരങ്ങളടക്കം മുറിച്ചുനീക്കിയെങ്കിലും തണല്‍ മരങ്ങളൊന്നുംതന്നെ വെച്ചുപിടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒന്നോ രണ്ടോ തണല്മരങ്ങളുള്ളിടത്ത് തീര്‍ത്ഥാടകര്‍ വെയിലില്‍ നിന്ന് രക്ഷനേടാന്‍ കൂട്ടംകൂടിയിരിക്കുന്നത് കാണാം. തീര്‍ത്ഥാടകരെ പമ്പയിലെത്തിച്ച ശേഷം നിലയ്ക്കലിലെത്തി പാര്‍ക്കുചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തീര്‍ത്ഥാടകര്‍ തിരികെയെത്താന്‍ വേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരും. കഠിനമായ വെയിലായാലും രൂക്ഷമായ മഴയായാലും ഇവര്‍ക്ക് വാഹനംവിട്ടുപോകാന് കഴിയില്ല.
നിലയ്ക്കലില്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള കെട്ടിടമുണ്ടെങ്കിലും ഇതുവരെ തുറന്ന് നല്‍കിയിട്ടില്ല.
നിലയ്ക്കലിലെ കെഎസ്ആര്‍ടിസി താല്‍ക്കാലിക സ്റ്റാന്‍ഡിന്റേയും സ്ഥിതി ഇതുതന്നെ. കെഎസ്ആര്‍ടിസി ബസ്സുകള്കാത്തുനില്ക്കണമെങ്കില് വെയിലായാലും മഴയായാലും അതനുഭവിക്കേണ്ടിവരും. നിലയ്ക്കല്‍ ശിവക്ഷേത്രത്തിലെ നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാമെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ എവിടേക്കുള്ളതാണെന്ന് അറിയണമെങ്കില്‍ സ്റ്റാന്‍ഡിന്റെ ഗ്രൗണ്ടില്‍തന്നെ കാത്തുനില്‍ക്കേണ്ടിവരും.
നിലയ്ക്കലിലെത്തുന്ന വാഹനങ്ങള്‍ പലതും ഇപ്പോഴും റബര്‍ തോട്ടങ്ങളിലെ തണല്‍തേടിയാണ് പാര്‍ക്കുചെയ്യുന്നത്. തീര്‍ത്ഥാടകര്‍ക്കുകൂടി തണല്നല്കാനുതകുന്നതും വാഹന പാര്‍ക്കിംഗിന് തടസ്സമുണ്ടാകാത്ത തരത്തിലും പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍തന്നെ തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് തീര്‍ത്ഥാടകര്‍ ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: