ശബരിമല: തീര്‍ത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുന്നതിനിടയി ല്‍ ഹൃദയസ്തംഭനംമൂലം 4 തീര്‍ത്ഥാടകര്‍ മരണമടഞ്ഞു. സേലം സ്വദേശി മുരുകന്(32), ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ഓമനയമ്മ (74), തിരുവനന്തപുരം കിളിമാനൂര്‍ സ്വേദേശി സത്യബാബു (53), ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വേദേശി സുനില്‍ (46) എന്നിവരാണ് ഇന്നലെവരെ മരണപ്പെട്ടത്.
നാലുപേരും ഹൃദയസ്തംഭനം മൂലമാണ് മരിക്കാന്‍ ഇടയായത്. മലകയറിയപ്പോള്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയായതും ശ്വാസതടസ്സം ഉണ്ടായതുമാണ് ഹൃദയസ്തം‘നത്തിന് വഴിയൊരുക്കിയത്. മുന്‍വര്‍ഷങ്ങളിലേക്കാള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുണ്ടായത് കഴിഞ്ഞ തീര്‍ത്ഥാടനകാലത്താണ്.
എന്നിട്ടും 43 പേരാണ് ഹൃദയസ്തംഭനംമൂലം മരിക്കാനിടയായത്. മരിക്കുന്നതില്‍ ഏറെയും യുവജനങ്ങളും മദ്ധ്യവയ്സ്ക്കരുമാണ്. മലകയറുമ്പോള്‍ നേരിയ രക്തസമ്മര്‍ദ്ദം ഉയരുകയും ശ്വാസതടസ്സം ഉണ്ടായും കുഴഞ്ഞുവീഴുന്ന തീര്‍ത്ഥാടകര്‍ക്ക് ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്കാന് കഴിഞ്ഞാല്‍ ഇവരെ മരണത്തി ല്‍നിന്ന് രക്ഷിക്കാന്‍ കഴിയുമെന്ന് ആരോഗ്യവിഭാഗം മേധാവികള്‍തന്നെ തുറന്നു പറയുന്നുണ്ട്.
പക്ഷേ ഇവര്‍ക്ക് പ്രഥമിക ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു.
പമ്പമുതല്‍ സന്നിധാനം വരെയുള്ള പാതകളില്‍ ഇരുപതോളം എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രിതന്നെ പ്രഖ്യാപനം നടത്തിയിട്ട് ഇന്ന് ഇരുപത്തിയേഴ് ദിവസം പിന്നിടുകയാണ്. ഒരു ഡോക്ടറും നഴ്സും കുറഞ്ഞത് രണ്ട് സഹായികളും അടങ്ങുന്ന മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
മെഡിക്കല്‍ കെയര്‍ യൂണിറ്റുകളെന്ന പേരില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ മാത്രമാണ് ആ രോഗ്യവകുപ്പ് ഇതുവരെ തുറന്നിട്ടുള്ളത്. പാര്‍ലറുകളില്‍ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിയും 2 സന്നദ്ധസേവകരും ഉണ്ടാകുമെന്ന് പറഞ്ഞിട്ട് നഴ്സുമാരുടെ സേവനം ഉറപ്പാക്കാനും ഇവര്‍ക്കായില്ല.
മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ക്കായി ഹൃദ്രോഗനിര്ണ്ണയം നടത്താന്‍കഴിയുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പത്തോളം ആധുനിക ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയെങ്കിലും ഡോക്ടറന്മാരുടെ സേവനം ഉറപ്പാക്കാനാവാത്തതിനാല്‍ ഈ യന്ത്രങ്ങളും ഉപയോഗിക്കാന്‍ കഴിയുന്നില്ല. രോഗലക്ഷണങ്ങള്‍ കാട്ടുന്ന രോഗികളെ മെഡിക്കല്‍ കെയര്യൂണിറ്റുകളില് എത്തിച്ച് ഇസിജി, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിച്ച് പ്രഥമിക ചികിത്സനല്കാന് ഈ യന്ത്രങ്ങള്‍ക്ക് ആകുമായിരുന്നു. എന്നാല്‍ പാര്‍ലറുകളില്‍ ഓക്സിജന്‍ നല്കുകയല്ലാതെ മറ്റ് പരിശോധനകള്‍ ഒന്നും സാദ്ധ്യമാകില്ല.
നീലിമലബോട്ടം, നീലിമല-2, നീലിമല-3, നീലിമലടോപ്പ്, അപ്പാച്ചിമേട് താഴ്ഭാഗം, അപ്പാച്ചിമേട് മിഡില്‍, അബ്ബാസ്ക്യാമ്പ്ഷെഡ്, അപ്പാച്ചിമേട് മുകള്‍, ലക്ഷമിഹോസ്പിറ്റല്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തിതാഴ്ഭാഗം, ശരംകുത്തി മുകള്‍, ചരല്മേട്മുകള്, ചരല്മേട്താഴ്ഭാഗം, മടുക്ക, ചെളിക്കുഴി തുടങ്ങി 17 കേന്ദ്രങ്ങളിലാണ് മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒക്സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയിട്ടുള്ളത്.
ദേഹാസ്സവാസ്ഥ്യം അനുഭവപ്പെടുന്നവ ര്‍ക്ക് ഓക്സിജന്‍ നല്കാന് മാത്രമേ ഇപ്പോഴത്തെ പാര്‍ലറുകള്‍ക്ക് കഴിയുകയുള്ളു. ഇതിന് പരിഹാരമായാണ് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ എന്ന ആശയം ഉതിച്ചത്. ഇതിനായി ഏതാനും ഹൗസ് സര്ജന്മാര്ക്കും വാളണ്ടിയര്‍മാര്‍ക്കും പരിശീലനവും നല്കി. പക്ഷേ വകുപ്പിന്റെ അനാസ്ഥമൂലം പദ്ധതി അവതാളത്തിലായി. അടിയന്തിര സേവനത്തിന് വിധേയരാകേണ്ട ഒരുകൂട്ടം ഡോക്ടറന്മാര് സന്നിധാനത്തെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തിരികെ പോയതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: