അനീഷ് അയിലം
ആറ്റിങ്ങല്‍: മാമം അപകടം സജീവ ചര്‍ച്ചയായതും മാധ്യമങ്ങളിലെ വാര്‍ത്തയും കൊണ്ടാകണം ഇന്നലെ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്രയും നാള് സ്ഥലത്തുണ്ടായിരുന്ന എംഎല്‍എമാരും ആര്‍ടിഒ സാറന്മാരും പോലീസ് മാമന്മാരുമൊക്കെ സജീവമായി യോഗത്തില്‍ പങ്കെടുത്തു. ഒപ്പം ബസ്സ് മുതലാളിമാരുടെ സംഘടനക്കാരും. എടുത്തതാകട്ടെ പതിരിന്‍മേല്‍ വളംവയ്ക്കുന്ന തീരുമാനങ്ങളും.
പ്രൈവറ്റ് ബസുകളില്‍ ഏത് സമയവും മഫ്തിയില്‍ പോലും മോട്ടോര്‍വാഹനവകുപ്പിനോ പോലീസിനോ പരിശോധന നടത്താമെന്നാണ് യോഗതീരുമാനം. പോരാത്തതിന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. പാലങ്ങള്‍ക്ക് സമീപം പോലീസ് പരിശോധന. വേഗം 60 ആയി നിജപ്പെടുത്തും. ഇങ്ങനെ തുടരുന്നു തീരുമാനങ്ങള്‍. ഇതെല്ലാം ചെയ്യാന്‍ മൂന്ന് ജീവനുകള്‍ പൊലിയേണ്ടി വന്നു. നിരവധിപേര്‍ വേദന അനുഭവിക്കേണ്ടി വന്നു. ഇതെല്ലാം നേരത്തേ ചെയ്യാവുന്നവ ആയിരുന്നില്ലേ എന്ന് ചേദിച്ചാല്‍ ഉത്തരമില്ല. മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ വാര്‍ത്തയുമായി ബന്ധപ്പെട്ടുള്ളതിനാല്‍ സൂചിപ്പിച്ചെന്നുമാത്രം. ഇവയൊന്നും ശാശ്വത പരിഹാരമല്ലെന്ന് പൊതുജനത്തിനും അതിനുപരി അധികാരികള്‍ക്കും നന്നായി അറിയാം.
സ്വകാര്യബസ്സുകള്‍ക്ക് സമയമനുവദിക്കുന്നതാര് എന്നതാണ് ആദ്യ ചോദ്യം. ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള ബസ് മുതലാളിമാരുടെ മീറ്റിംഗിലാണത്രേ പുതിയ പെര്‍മിറ്റുകളും സമയവും അനുവദിക്കുന്നത്. ഒരു റൂട്ടില്‍ ബസ്സില്ലെന്നു കാട്ടി ആരെങ്കിലും പെര്മിഷന് റിക്വസ്റ്റ് നല്കിയാല് ആ റൂട്ടില്‍ ഓടുന്ന ബസ് ഓണേഴ്സിനെ ഹിയറിംഗിനായി ആര്‍ടിഒ വിളിക്കും. അവിടെ മറ്റുള്ള ബസ്സുമുതലാളിമാ ര്‍ എതിര്‍ക്കും. ഒടുവില്‍ ആര്‍ടിഒ പെര്‍മിറ്റ് അനുവദിക്കും. ഇതാണ് സാധാരണ നടക്കുന്നത്. ഒരു റൂട്ടില്‍ 10 നും 10.20 നും ബസ് ഉണ്ടെങ്കില്‍ 10.10 ന് അവിടെ യാത്രാക്ലേശമെന്ന് കാട്ടിയാണ് പുതിയ പെര്‍മിറ്റുകളും സമയവും അനുവദിക്കുന്നത്രേ. ഇത്തരത്തില്‍ ഒരു മിനിട്ട് വ്യത്യാസത്തില്‍ വരെ ബസ് അനുവദിച്ച് നല്കപ്പെട്ടിട്ടുണ്ട്.
ചില റൂട്ടുകളില്‍ ഒരേ സമയം പോലും ബസ്സുകള്‍ അനുവദിച്ചിട്ടുണ്ട്. ബസ്സുകള്‍ക്ക് റൂട്ട് അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങല്‍ ഒന്നുമില്ല. ഒരു റൂട്ടില്‍ ആവശ്യപ്പെട്ടാല്‍ കിട്ടുന്ന കാശുവാങ്ങി സമയം അനുവദിക്കുക എന്നത് മാത്രമാണ് ആര്‍ടിഒയുടെ പണിയെന്നാണ് പൊതുജനാരോപണം. ആകെ ചെയ്യുന്നത് തുടങ്ങുന്ന സ്ഥലവും അവസാന സ്റ്റോപ്പും മാത്രം മാറ്റി നല്‍കും എന്നതാണ്. അതായത് നിലവില്‍ ബസ്സുള്ള റൂട്ടിന് മുമ്പും പിമ്പുമുള്ള സ്ഥലം വച്ച് പെര്‍മിറ്റ് അനുവദിക്കും. പക്ഷേ ഓടുന്നത് പഴയ റൂട്ടില്‍ മാത്രമാകും. ഇത് ബസ് എണ്ണം കൂടുതലുള്ള മുതലാളിമാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളത്രേ. ഒരു ബസ്സുമായി വന്നാല്‍ ഏതെങ്കിലും ഓണം കേറാമൂലയിലേക്കാകും പെര്‍മിറ്റ് നല്‍കുന്നത്. വന്‍കിട മുതലാളിമാരുടെ പകരഓട്ടക്കാരനാക്കും.
ഇത്തരത്തിലുള്ള സമയം അനുവദിക്കലാണ് ബസ്സുകളുടെ മരണപ്പാച്ചിലിന് കാരണവും. ആദ്യം പരിഹാരം കാണേണ്ടത് ബസ്സുകളുടെ സമയക്രമത്തിനാണ്. അല്ലാതെ ഡ്രൈവര്‍മാരെ ബോധവത്കരിച്ചതുകൊണ്ടോ ഏതെങ്കിലും ഒരിടത്ത് പരിശോധന നടത്തിയതുകൊണ്ടോ മാത്രം പരിഹാരം കാണാന്‍ കഴിയുന്നതല്ല. പരിശോധനകള്‍ കാലക്രമത്തില്‍ നിര്‍ത്തലാകും അല്ലെങ്കില്‍ നിര്‍ത്തലാക്കപ്പെടുമെന്ന് എല്ലാവര്ക്കും അറിയാം. അതിനാണ് ആദ്യം പരിഹാരം കാണേണ്ടത്.
സ്വകാര്യ ബസ്സുകളുടെ അമിത വേഗത്തിന്റെ മറ്റൊരുകാരണമാണ് പരിചയ സമ്പന്നരല്ലാത്ത ബസ് ജീവനക്കാര്‍. 18 വയസ്സില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുത്ത് 20 വയസ്സ് കഴിഞ്ഞാല്‍ ഹെവി ലൈസന്‍സും ബാഡ്ജും ലഭിക്കും. പിന്നെ ബസിലെ പറപ്പിക്കുന്ന ഡ്രൈവറാകാം. ഇത് തന്നെയാണ് അപകടത്തിന്റെ മുഖ്യ കാരണവും. ഇതിനുമാത്രം എക്സിപീരിയന്‍സ് വേണ്ട. ഇരുത്തയ്യായിരമോ അന്‍പതനായിരമോ മുതലാളിക്കു നല്കിയാല് മാത്രം മതി. പിറ്റേന്നുമുതല്‍ ഡ്രൈവര്‍ സീറ്റിലിരിക്കാം. വണ്ടി തട്ടിയാലോ കൂട്ടിയിടിച്ചാലോ മുതലാളിക്ക് നഷ്ടവും വരില്ല. ഇത് ഡ്രൈവറുടെ കാര്യമാണെങ്കില്‍ കണ്ടക്ടര്‍മാരുടെ കാര്യമാണ് ബഹുവിശേഷം. മിക്ക ബസ്സുകളിലും കണ്ടക്ടര്‍മാര്‍ക്ക് ലൈസന്‍സ് ഇല്ലയെന്നതാണ് സത്യം. ബെല്ലടിച്ചുവിടുന്ന കിളികളാകട്ടെ നാലുംഅഞ്ചും പേരാണ് ഓരോബസ്സിലും കൂട് കൂട്ടിയിരിക്കുന്നത്. അമിത വേഗത്തെക്കാള്‍ ദോഷകരമാണ് ഇവരുടെ അഭ്യാസപ്രകടനങ്ങള്‍. കയറും മുമ്പും ഇറങ്ങും മുമ്പും ബെല്ലടിച്ചും അസഭ്യവര്‍ഷവുമായി ഫുഡ്ബോര്‍ഡില്‍ തൂങ്ങിയുമാകും ഇവരുടെയാത്ര. പരിശോധനയ്ക്കെത്തിയാല്‍ ഉടന്‍ ഇവര്‍ യാത്രക്കാരാകും. ഇവരാണ് മറ്റ് ബസ്സുകളുമായി ഉടക്കുണ്ടാക്കുന്നതും അടിപിടിനടത്തുന്നതും.
ഇനിയാണ് അമിതവേഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വേഗപ്പൂട്ടിന് പൂട്ടിട്ട വിരുതന്മാരുടെ കാര്യം. മാമത്ത് അപകടത്തില്‍പ്പെട്ട വണ്ടിയുടെ വേഗം 70 ന് മുകളില്‍ ആയിരുന്നു. അപകടത്തിന് പിന്നാലെ ആര്‍ടിഒ ശക്തമാക്കിയ പരിശോധനയില്‍ ഏതാനും ചില ബസുകള്‍ പിടിയിലായെന്നാണ് വാദം. എന്നാല്‍ ഈ വേഗത്തില്‍ പറക്കല്‍ തുടങ്ങിയിട്ട് കാലങ്ങളായി. 60 ല്‍ നിജപ്പെടുത്തിയ വേഗം 70നു മുകളില്‍ എത്തുന്നത് എങ്ങനെയെന്ന് അറിയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: