വടശ്ശേരിക്കര: ശബരിമല തീര്‍ഥാടന കാലത്ത് അയ്യപ്പന്മാരുടെ സഹായത്തിനായി .രാത്രി കാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കേണ്ട മെഡിക്കല്‍ സ്റ്റോറുകള്‍ പലതും തുറക്കുന്നില്ല. പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയില്‍ ലിസ്റ്റിന്പ്രകാരം മെഡിക്കല്‍ സ്റ്റോറുകള്‍ രാത്രി പ്രവര്‍ത്തിക്കാത്തത് അയ്യപ്പന്മാര്ക്ക് ബുദ്ധിമുട്ടാകുന്നു.
ഓരോ ദിവസവും രാത്രി പ്രവര്‍ത്തിക്കേണ്ട മെഡിക്കല്‍ സ്റ്റോറുകളുടെ പേരു വിവരം ഡ്രഗ് ഇന്‍സ്പെക്ടര്‍ തയ്യാറാക്കി നല്‍കുകയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസ്സര്‍ ഇത് പ്രസിദ്ധപെടുത്തുകയുമാണ് ചെയ്യുന്നത്. മണ്ണാരകുളഞ്ഞി മുതല്‍ ളാഹ വരെ ശബരിമലപാതയോരത്ത് സ്ഥിതി ചെയ്യുന്ന ആറോളം മെഡിക്കല്‍ ഷോപ്പുകളില്‍ ഏതെങ്കിലും ഒന്ന് രാത്രിയില്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാണു കര്‍ശന നിര്‍ദ്ദേശം. തീര്‍ഥാടന കാലം തുടങ്ങി ഇതുവരെ ഈ പ്രദേശത്തു രാത്രി എട്ടു മണിക്ക് ശേഷം ഒരു മെഡിക്കല്‍ ഷോപ്പും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇത് അന്യസംസ്ഥാനക്കാരടക്കമുള്ള അയ്യപ്പന്മാര്ക്ക് ഏറെ ദുരിതമാകുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ബന്ധപെട്ടവര്‍ക്ക് ഫോണ്‍ മുഖേന നിരവധി പരാതികള്‍ നല്‍കിയിട്ടും ആവശ്യമായ നടപടികള്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയില്‍ രാത്രി കാലത്ത് ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ശബരിമല പാതയോരത്ത് നിന്ന് മാറി സ്ഥിതി ചെയ്യുന്ന എംടിഎം ഹോസ്പിറ്റലിനെ മെഡിക്കല്‍ ഷോപ്പുകളുടെ ലിസ്റ്റില്‍പെടുത്തി, രാത്രി കാലങ്ങളില്‍ അവര്‍ തുറന്നു പ്രവര്‍ത്തിക്കുന്നു എന്ന ന്യായമാണ് അധികൃതരും, മെഡിക്കല്‍ സ്റ്റോര്‍ ഉടമകളും പറയുന്നത്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരുന്ന അയ്യപ്പന്മാര്ക്ക് ഈ സ്ഥാപനം കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. അയ്യപ്പന്മാര് വിശ്രമിക്കുന്ന വടശ്ശേരിക്കരയില്‍ നിന്നും ഒരു കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേപെരുനാട് സര്‍ക്കാര്‍ ആശുപത്രിലെത്താന്‍ കഴിയുകയുള്ളൂ. നിശ്ചയിക്കപ്പെട്ട മെഡിക്കല്‍ സ്റ്റോറുകള്‍ രാത്രികാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ബിജെപി വടശേരിക്കര പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: