മലപ്പുറം: നാടെങ്ങും ഭക്തിയുടെ നിറദീപം തെളിച്ചു കൊണ്ട് ദേവീക്ഷേത്രങ്ങളില്‍ നാളെ തൃക്കാര്‍ത്തിക ആഘോഷിക്കും. മണ്ഡലവ്രത കാലത്തിന്റെ ആദ്യവാരത്തില്‍ സര്‍വാഭീഷ്ട പ്രദായിനിയായ ദേവിയുടെ തിരുനാളില്‍ വിവിധ ക്ഷേത്രങ്ങളില്‍ നിറപകിട്ടാര്ന്ന് ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കാടമ്പുഴ: ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കാടമ്പുഴ ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഇന്ന് രാവിലെ എട്ടിന് കലവറ നിറക്കലോടെ പരിപാടികള്‍ക്ക് തുടക്കമാപും. വൈകിട്ട് 5.30 മുതല്‍ ഏഴ് വരെ സോപാനസംഗീതം നടക്കും. തുടര്‍ന്ന് പഞ്ചവാദ്യം നടക്കും. തൃക്കാര്‍ത്തിക ദിവസമായ നാളെ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തൃക്കാര്‍ത്തിക ദീപം തെളിയിക്കല്‍ ആരംഭിക്കും. മണ്ഡലകാലാമയതില് ഭക്തജനങ്ങളുടെ ഒഴുക്ക് പ്രവചനതീതമാണ്. അതുകൊണ്ട് തന്നെ വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ആറ് മണിമുതല്‍ സര്വ്വൈശ്വര്യപൂജയുണ്ടാകും.
ചെട്ടിപ്പടി: കാരക്കുളങ്ങര വാരിയത്ത് ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവം ഇന്ന് പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. മിനി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മഹാലക്ഷ്മി അഷ്ടകം അര്‍ച്ചനയും രാമായണ നാരായണീയ പാരായണ മല്‍സരവും വൈകിട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിന്റെ ധാര്‍മിക പ്രഭാഷണം ഉണ്ടാകും. സാംസ്കാരിക സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികള്‍ നടക്കും. നാളെ വിവിധ പരിപാടികള്‍ക്ക് ശേഷം രാത്രി ഒന്‍പതിന് കേരള കലാമണ്ഡലത്തിന്റെ ശാസ്ത്രീയ നൃത്തനൃത്യങ്ങളും അരങ്ങേറും.
വാണിയമ്പലം: ശ്രീത്രിപുര സുന്ദര ദേവീ ക്ഷേത്രത്തിലും വിപുലമായ പരിപാടികളോടെ തൃക്കാര്‍ത്തിക ആഘോഷിക്കും. വിശേഷാല്‍ പൂജകള്‍, കാര്‍ത്തിക വിളക്ക് എഴുന്നെള്ളത്ത് എന്നിവ നടക്കും. കരിമരുന്ന് പ്രയോഗം, കാക്കരശ്ശി നാടകം, നൃത്തനൃത്ത്യങ്ങള്‍, ബാലെ തുടങ്ങിയ പരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: