ശിവാകൈലാസ്
കാട്ടാക്കട: വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ വിടാതെ പിന്തുടരുന്ന വൃദ്ധ ദമ്പതികള്‍ക്ക് മറുകരയെത്താന്‍ ഒരു നടപ്പാലം വേണം. കലിതുള്ളിയെത്തുന്ന വെള്ളപാച്ചില്‍ വീടിനു മുന്നിലെ വലിയ തോടിനെ വിഴുങ്ങുന്നതോടെ പുറം ലോകവുമായുള്ള ബന്ധം മുറിഞ്ഞ് ഒറ്റപ്പെടുകയാണിവര്. പൂവച്ചല്‍ മൈലോട്ടുമൂഴി ചെറുമനാട് വലിയതോടിന്റെ തീരത്ത് കഴിയുന്ന മാധവന് പിള്ളയും (78), ഭാര്യ ശ്യാമള അമ്മയുമാണ് (67) അധികൃതരുടെ കനിവിനായി യാചിക്കുന്നത്.
തുലാവര്ഷമായതോടെ തോട് നിറഞ്ഞ് കവിഞ്ഞു. തോടിന്റെ ഇടതു കരയിലെ കുന്നിന് മുകളില്‍ താമസിക്കുന്ന ഇവര്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. വെയില് വന്ന് തോട്ടില്‍ വെള്ളം താഴ്ന്നാലെ പുറത്തേക്ക് പോകാനാകു. കഴിഞ്ഞ തവണ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലെത്തി തങ്ങളുടെ ദുരിത ജീവിതം ഇവര്‍ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു. ശരിയാക്കി തരാമെന്ന പതിവു പല്ലവി പറഞ്ഞ് ഇവരെ മടക്കി. പക്ഷെ പാലം മാത്രം വന്നില്ല. മക്കളൊക്കെ വിവാഹം കഴിഞ്ഞ് ദൂരെ സ്ഥലങ്ങളിലാണ് താമസം.
ഇടയ്ക്കിടെ രണ്ടാള്‍ക്കും അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നാട്ടുകാര്‍ ഏറെ പണിപ്പെടാറുണ്ട്. വേനല്‍ക്കാലത്തുപോലും മുട്ടോളം വെള്ളമുള്ള തോട് മുറിച്ചു കടക്കുക ശ്രമകരമാണ്. പാലത്തിനു വേണ്ടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല, കാണാത്ത ഏമാന്മാരും. അനുകൂല നടപടി മാത്രം ഉണ്ടായില്ല. തോടിനു ഇടതു വശത്തെ തേരിപ്പുറത്തെ കൊച്ചു വീട്ടിലേക്ക് എത്തിപ്പെടാന്‍ മറ്റ് വഴികളൊന്നും ഇല്ലാത്തതിനാല്‍ തോടിനു കുറുകെ ഒരു നടപ്പാലം നിര്‍മ്മിച്ചു നല്‍കണമെന്ന ചെറിയ ആവശ്യമാണ് ഇവര്‍ക്കുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തോട് കടന്നെത്തുന്നവര്‍ വിജയിച്ചു കഴിയുന്നതോടെ ഈ വയോധികരെ മറക്കുകയാണ് പതിവ്. അവശതകള്‍ ഏറെയുണ്ടെങ്കിലും ആരെയും ആശ്രയിക്കാതെ മറുകര താണ്ടാന്‍ ഒരു നടപ്പാലത്തിനായി ഇനിയും എത്രനാള്‍ കാക്കണമെന്ന ചിന്തയിലാണ് ഈ വൃദ്ധ ദമ്പതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: