നെടുമങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്് ലക്ഷ്യമിട്ട് പൊതുജനസമ്പര്‍ക്ക പരിപാടി 25, 26, 27 തീയതികളില്‍ നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
കേന്ദ്ര സര്‍ക്കാറിന്റെ സുപ്രധാന പദ്ധതികളായ ശുചിത്വ ഭാരതം, ദേശീയ ആരോഗ്യ ദൗത്യം, പ്രധാന്‍മന്ത്രി ജീവന് ബീമാ യോജന, പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്ഷന് യോജന, ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും അതുവഴി ഈ പദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിന് അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം പി.ഐ.ബി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.എം. രവീന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൂന്നു ദിവസത്തെ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പത്തോളം വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകളെടുക്കും. സൗജന്യ ആരോഗ്യ- നേത്ര പരിശോധന ക്യാമ്പ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ്സ് മത്സരങ്ങള്‍, വിവിധ കലാ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നാല്പതോളം വകുപ്പുകള്‍ പങ്കെടുക്കുന്ന വിജ്ഞാനപ്രദമായ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. എല്ലാ പരിപാടികളിലേക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
നാളെ രാവിലെ 10 ന്് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ എ.സമ്പത്ത് എം. പി. പരിപാടി ഉദ്ഘാടനം ചെയ്യും. പാലോട് രവി.എം.എല്‍.എ അദ്ധ്യക്ഷനായിരിക്കും. നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന്, വൈസ് ചെയര്‍പേഴ്സണ്‍ ലേഖ വിക്രമന്, കൗണ്‍സിലര്‍മാര്‍, കേന്ദ്രസര്‍ക്കാരിന്റെ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികള്‍ തുടങ്ങിയവരും സംബന്ധിക്കും. 27ന് വൈകിട്ട് 4ന് ചേരുന്ന സമാപന സമ്മേളനം സ്പീക്കര്‍ എന്‍ ശക്തന് ഉദ്ഘാടനം ചെയ്യും. ചെറ്റച്ചല്‍ സഹദേവന് അധ്യക്ഷനായിരിക്കും.
നെടുമങ്ങാട് നഗരസഭ, തിരുവനന്തപുരം ജില്ലാ ഭരണകൂടം, കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മാധ്യമ വിഭാഗങ്ങളായ ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി, ഡി.എ.വി.പി, ആകാശവാണി, ദൂരദര്ശന്, ഫിലിംസ് ഡിവിഷന് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ആകാശവാണി കലാകാരന്മാര് അവതരിപ്പിക്കുന്ന കാക്കാരശ്ശി നാടകവും വിവിധ ഗോത്ര വിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന തനത് കലാരൂപങ്ങളും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷപണ മന്ത്രാലയത്തിനു കീഴിലുള്ള സോങ്ങ് & ഡ്രാമാ ഡിവിഷന്റെ വിവിധ കലാപരിപാടികളും മൂന്നു ദിവസങ്ങളിലായി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: