: കാച്ചിലും ചേനയും ചേമ്പുമൊക്കെ മലയാളികളുടെ തൃക്കാര്‍ത്തിക വിഭവങ്ങളില്‍ പ്രധാനമാണ്. തൃസന്ധ്യയ്ക്ക് കാര്‍ത്തിക ദീപം തെളിച്ചതിനു ശേഷം കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വേകിച്ചെടുത്ത കിഴങ്ങുവര്‍ഗങ്ങള്‍ ചൂടോടെ കഴിക്കുന്ന പതിവുണ്ട് നാട്ടിന്‍പുറങ്ങളില്‍. ഇക്കുറി കിഴങ്ങുവര്‍ഗങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് വിപണിയില്‍. അതോടെ മലയാളിയുടെ ഈ ഭക്ഷണ ശീലത്തിനും മാറ്റം വരികയാണ്.
കനത്ത മഴയെതുടര്‍ന്ന് പ്രതീക്ഷിച്ച വിളവെടുപ്പ് കിട്ടാതായതാണ് വിപണിയില്‍ കിഴങ്ങുവര്‍ഗങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമായത്. കാര്‍ത്തികയ്ക്ക് മലയാളികള്‍ ഏറെ പ്രീയത്തോടെ വാങ്ങുന്ന കൂവ കിഴങ്ങിനാണ് വിപണിയില്‍ കനത്ത ക്ഷാമം. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നിന്ന് കിഴങ്ങുകള്‍ അഴുകിയതാണ് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. നനകിഴങ്ങ്, ചേമ്പ്, ചേന, കാച്ചില് ഇവയുടെയും സ്ഥിതി വ്യത്യസ്ഥമല്ല. വൃശ്ചിക മാസത്തെ കാര്‍ഷിക വിളവെടുപ്പ് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവുമധികം കിഴങ്ങുകൃഷി നടക്കുന്ന ഗ്രാമങ്ങളില്‍ ഒന്നായ വിളപ്പില്‍ പഞ്ചായത്തില്‍ ഇത്തവണ വന്‍ കൃഷി നാശമാണ് സംഭവിച്ചത്. നഗരപ്രദേശത്തു നിന്നുപോലും വിളപ്പിലിലെ കാര്‍ഷക ചന്തയില്‍ ആളുകള്‍ കിഴങ്ങുവര്‍ഗങ്ങള്‍ വാങ്ങാന്‍ കാര്‍ത്തിക തലേന്ന് എത്തുക പതിവാണ്. വിലക്കുറവും ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ യഥേഷ്ടം കിട്ടുമെന്നതുമാണ് ഇതിന് കാരണം. എന്നാല്‍ ഇത്തവണ ഇവിടെയും ഉയര്‍ന്ന വിലയും സാധനങ്ങളുടെ ലഭ്യതക്കുറവും രൂക്ഷമാണ്. ചേമ്പും ചേനയും കാച്ചിലും കിലോയ്ക്ക് നൂറു രൂപ കടന്നപ്പോള്‍ കൂവക്കിഴങ്ങു വില ഇരുന്നൂറിലെത്തി നില്‍ക്കുകയാണിവിടെ. കിഴങ്ങുവര്‍ഗങ്ങള്‍ ഒരുമിച്ച് പുഴുങ്ങി കാന്താരി മുളകു ചമ്മന്തിയും ചേര്‍ത്ത് സ്വാദോടെ കഴിക്കാന്‍ മലയാളിക്ക് അന്യ സംസ്ഥാന ഉത്പന്നങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: