ശബരിമല: സന്നിധാനത്തെ നടപ്പന്തല്‍ അടക്കമുള്ള വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവിയില്‍ ഭണ്ഡാരം ജീവനക്കാരുടെ ശുചിമുറി ദൃശ്യങ്ങള്‍ തെളിയാന്‍ ഇടയായ സംഭവത്തില്‍ ജീവനക്കാരില്‍ പ്രതിഷേധമിരമ്പുന്നു. സുതാര്യമായ കാണിക്ക നിര്‍ണ്ണയത്തിന്റെ ഭാഗമായാണ് സിസി ടിവി ക്യാമറകള്‍ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥ മേധാവികളുടെ ആഫീസുകളിലും മറ്റിടങ്ങളിലും ഈ ദൃശ്യങ്ങള്‍ വിവിധ സ്ക്രീനുകളില്‍ ഒരേസമയം കാണാവുന്നതാണ്. ശുചിമുറിയില്‍ ക്യാമറ ഘടിപ്പിച്ചിട്ടുള്ള വിവരം ജീവനക്കാര്‍ക്ക് അറിയാവുന്നതാണെങ്കിലും ഇതി ലെ ദൃശ്യങ്ങള്‍ നടപ്പന്തല്‍ അടക്കമുള്ള ടിവികളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിട്ടുള്ളത്.
കാണിക്ക എണ്ണുന്ന ജീവനക്കാരുടെ തുണിയഴിച്ച് ഗുഹ്യഭാഗങ്ങളില്‍ വിരല്കടത്തിവരെ ഗാര്‍ഡുകള്‍ നടത്തുന്ന ദേഹപരിശോധനയിലും ജീവനക്കാര്‍ക്ക് ഇടയില്‍ മാനഹാനിക്കും പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട് ഭണ്ഡാരം ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് മേല്‍വസ്ത്രം അഥവാ ഷര്‍ട്ട്, ബനിയന് എന്നിവ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. അടിവസ്ത്രവും പറ്റില്ലെന്നായതോടെ നാണം മറയ്ക്കാനുള്ള ഏകമാര് ഗ്ഗമായ മുണ്ടുമാത്രമാണ് ജീവനക്കാരുടെ വേഷം.
ജോലികഴിഞ്ഞ് പുറത്തുപോകുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരുടെ മുന്നില്‍ നാണംമറന്ന് ഉള്ളതുണിയും അഴിച്ചുകാട്ടണം. വികൃതമായ പരിശോധനാ രീതിയാണ് ജീവനക്കാരെ ഏറെ വേദനിപ്പിക്കുന്നത്. ജോലിതീര്‍ന്ന് പുറത്തുപോകുന്നതിന് മുമ്പായി ജീവനക്കാര്‍ സെക്യൂരിറ്റി ജീവനക്കാ ര്‍ക്ക് മുന്നില്‍ പ്രായഭേദമില്ലാതെ നിരനിരയായി അണിനിരക്കണം. കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി കക്ഷത്തി ല്‍ ഒന്നും ഇരുപ്പില്ലെന്ന് ഉറപ്പിക്കുകയാണ് ആദ്യനടപടി. തുടര്‍ന്ന് വായതുറന്ന് നാക്ക് ഇടത്തോട്ടും വലത്തോടും ഉയര്‍ത്തിയുമൊക്കെ കാട്ടണം.
കാലുകളുയര്‍ത്തി വിരലുകള്‍ക്കിടയില്‍ വരെ പരിശോധനയുണ്ട്. പിന്നീട് ആകെയുള്ള ഉടുമുണ്ട് അഴിച്ച് ഇരുകൈകളിലും പിടിച്ച് പരിപൂര്ണ്ണനഗ്നനത പ്രദര്‍ശിപ്പിക്കണം. ഈ സമയത്താണ് ഗുഹ്യഭാഗങ്ങളില്‍ വിരല്‍ കടത്തിയും ലൈംഗികാവയവങ്ങള്‍ ഉയര്ത്തിയുമൊക്കെയുള്ള പരിശോധനകള്‍ നടക്കുന്നത്.
പ്രായമേറെയുള്ള ജീവനക്കാര്‍ക്ക് ഇടയിലാണ് ഇത്തരത്തിലുള്ള പരിശോധന ഏറെ മനോവിഷമം സൃഷ്ടിക്കുന്നത്. ഉപജീവനത്തിനുള്ള ഏകമാര്‍ഗമായ തൊഴില്‍ ഉപേക്ഷിക്കാനു ള്ള മാനസിക വിഷമംകൊണ്ട് മാത്രമാണ് പലരും ക്ഷമിച്ചും സഹിച്ചും നഗ്നത പ്രദര്ശിപ്പിക്കുവാന് നിര്‍ബ്ബന്ധിതരാകുന്നത്.
കഴിഞ്ഞ പല മണ്ഡലകാലങ്ങളിലും ജീവനക്കാരില്‍ ചിലര്‍ പണാപഹരണം നടത്തിയതാണ് ഇത്തരത്തില്‍ ഒരു പരിശോധനയക്ക് സാഹചര്യമൊരുക്കിയത്. പക്ഷേ സ്കാനര്‍ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ പ്രാകൃതമായി നടത്തുന്ന ഈ പരിശോധന മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: