പത്തനംതിട്ട: പമ്പാനദിയിലെ കോളിഫോം ബാക്ടീരിയകളുടെ അളവില്‍ കുറവില്ല. കഴിഞ്ഞദിവസം കൊച്ചുപമ്പയില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലേറെ കോളിഫോംബാക്ടീരിയകള്‍ ഉള്ളതായാണ് കണ്ടെത്തിയത്.നൂറ് മില്ലിലിറ്റര്‍ വെള്ളത്തില്‍ പന്തീരായിരത്തിലേറെ കോളിഫോംബാക്ടീരിയകള്‍ ഉള്ളതായാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള വെള്ളത്തില്‍ കോളിഫോംബാക്ടീരിയകളുടെ അനുവദനീയമായ അളവ് നൂറ് മില്ലീലിറ്ററില്‍ 500ഉം കുടിവെള്ളത്തില്‍ 50ഉം ആണ്.
പമ്പാത്രിവേണിക്കുമുകളില് കൊച്ചുപമ്പയിലാണ് പമ്പയിലേക്കും ശബരിമലയിലേക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള വാട്ടര്‍അതോറിറ്റിയുടെ ഇന്‍ടേക്ക് വെല്‍ സ്ഥിതിചെയ്യുന്നത്. ത്രിവേണിക്കു മുകളില്‍ വാട്ടര്‍അതോറിറ്റിയുടെ ഇന്‍ടേക്ക് വെല്‍ സ്ഥിതിചെയ്യുന്നിടത്തേക്ക് തീര്‍ത്ഥാടകരെ കുളിക്കാനോ മറ്റോ കടത്തിവിടാറില്ല. സന്നിധാനത്തെ വലിയ നടപ്പന്തലിനു കിഴക്കുഭാഗത്തുള്ള ലാട്രിന്കോംപ്ലക്സുകളിലെ പൈപ്പ് പൊട്ടി മാലിന്യങ്ങള്‍ ഒഴുകി കൊച്ചുപമ്പയിലെത്തുന്നതാണ് കോളിഫോംബാക്ടീരിയകള്‍ പെരുകാന്കാരണമായി മലിനീകരണനിയന്ത്രണബോര്‍ഡ് പറയുന്നത്. കഴിഞ്ഞ ദിവസം പമ്പയില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായദിവസം നടത്തിയ പരിശോധനയില്‍ കോളിഫോംബാക്ടീരിയകളുടെ എണ്ണം നാല്‍പ്പതിനായിരം വരെ എത്തിയിരുന്നു.
നുണങ്ങാറില്‍ നടത്തിയ പരിശോധനയില്‍ പതിനെണ്ണായിരമാണ് ഇപ്പോഴത്തെ കോളിഫോംബാക്ടീരിയകളുടെ എണ്ണം. ശബരിമലയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമായതോടെ പമ്പയിലെ കോളിഫോംബാക്ടീരിയകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ് സൂചന. എന്നാല്‍ പമ്പയിലെ ലാട്രിനുകളിലെ മാലിന്യം പൂര്‍ണ്ണമായും സംസ്കരിക്കാനാവശ്യമായ സംവിധാനമില്ലാത്തതാണ് കോളിഫോംബാക്ടീരിയകളുടെ വര്‍ദ്ധന തടയാനാവാത്തത്. നുണങ്ങാറില്‍ ഇപ്പോഴും മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ കലരുന്നുണ്ടെന്നാണ് പരിശോധനാഫലങ്ങള്‍ നല്കുന്നസൂചന. മണ്ഡലമകരവിളക്കുത്സവക്കാലം ആരംഭിച്ചതിനുശേഷമാണ് പമ്പയിലെ ലാട്രീന്‍ കോംപ്ലക്സുകള്‍ തുറന്നുകൊടുത്തത്.
തീര്ത്ഥാടനക്കാലയൊരുക്കങ്ങള്ക്കായി പമ്പയില്‍ ദിനംപ്രതി നൂറുകണക്കിന് തൊഴിലാളികളാണ് മാസങ്ങളായി പണിയെടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. അന്യസംസ്ഥാനതൊഴിലാളികളടക്കം പമ്പാനദിതീരമാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉപയോഗിച്ചത്. ഇവയെല്ലാംപമ്പയിലെ കോളിഫോംബാക്ടീരിയയുടെ എണ്ണം വര്‍ദ്ധിക്കാനിടയാക്കിയിട്ടുണ്ട്. മാസപൂജാവേളയില്‍ ഭക്തസഹസ്രങ്ങള്‍ എത്തുമ്പോള്‍പോലും പമ്പയിലെ ലാട്രിനുകള്‍ തുറന്നുകൊടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: