പലക്ഷേത്രങ്ങളിലും വിഗ്രഹങ്ങളുടെ ശിരസിന്റെ പിന്‍വശത്തായി ഭിത്തിയല്‍ ഒരു വലിയ കണ്ണാടിയും അതിനുചുറ്റും വൃത്താകാരത്തില്‍ ചെറിയ കണ്ണാടികളും പിടിപ്പിച്ചരിയ്‌ക്കുന്നതായി കാണാം. മുന്നില്‍ വെച്ചിരിയ്‌ക്കുന്ന എണ്ണവിളക്കിന്റെ ദീപനാളം കേന്ദ്രത്തിലും ചുറ്റുമുള്ള കണ്ണാടികളിലും പ്രതിഫലിയ്‌ക്കുന്നു. ആരാധകനും തന്റെ പ്രതിബിംബം കണ്ണാടിയ്‌ക്കുള്ളില്‍ കാണുന്നു. ഒരേഒരു കേന്ദ്രയാഥാര്‍ത്ഥ്യമാണ്. പഞ്ച പ്രതിഭാസങ്ങളിലെല്ലാമുള്ളത് എന്നതത്വത്തിന്റെ പ്രതീകമാണിത്.
ബ്രഹ്മം എന്ന അപരിമേയ സത്യത്തെക്കുറിച്ചുള്ള പുരാതനജ്ഞാനം കാലാതീതമായി പ്രസക്തമാണ്.ബ്രഹ്മം ഒരേസമയംതന്നെ പരമമായ ബോധവും പരമമായ ശക്തിയുമാണ്. എല്ലാത്തിനും നിദാനമായ ആത്മാവായി ബ്രഹ്മത്തെ വീക്ഷിയ്‌ക്കുമ്പോള്‍ പരമാത്മാവ് എന്നും പരമശക്തിയായി വീക്ഷിയ്‌ക്കുമ്പോള്‍ പരാശക്തി എന്നും പറയുന്നു. രണ്ടും ഒരേ യാഥാര്‍ത്ഥ്യത്തിന്റെ ഭാവങ്ങളാണ്.
ഉണ്മയുടെ ഈരണ്ടു ഭാവങ്ങളും ബോധവും ശക്തിയും- രണ്ടു സ്വതന്ത്രഘടകങ്ങളെന്ന വിധം പെരുമാറുന്നുവെങ്കിലും ധനാത്മകവും ഋണാത്മകവുമായ വൈദ്യുതചാര്‍ജുകളെന്നപോലെ പ്രാതിഭാസികരംഗത്ത് പരസ്പരപൂരകമായിരിയ്‌ക്കുന്നു. അങ്ങനെ ബ്രഹ്മത്തിന്റെ പരമമായ ഏകത്വത്തില്‍ യാതൊരു വ്യതിയാനവും സംഭവിയ്‌ക്കാതെ കാല-സ്ഥലഭേദമെന്ന് തോന്നിപ്പിയ്‌ക്കുന്ന ഒരുമാനത്തില്‍ അനന്തകോടി വൈവിദ്ധ്യ പ്രതിഭാസങ്ങളെ ഉണ്മ സൃഷ്ടിയ്‌ക്കുന്നു.
അതായത് ഏകത്വത്തിന്റെ കലാപരമായ ആവിഷ്‌ക്കാരമാണ് വൈവിദ്ധ്യം. പരാശക്തിയെ’കലാത്മിക’ ആയിട്ടാണല്ലോ ലളിതാ സഹസ്രനാമത്തില്‍ വര്‍ണ്ണിയ്‌ക്കുന്നത്. ഹിന്ദു തത്വ ദര്‍ശനത്തിന്റെ മുഖ്യധാരകളെല്ലാം പരമമായ ഏകത്വം എന്ന ആദ്ധ്യാത്മകവീക്ഷണത്തില്‍ അധിഷ്ഠിതമാണ്.
















