രാജേഷ്ദേവ്
പേട്ട: മാമം പാലത്തിലുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആ
ശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലീസിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം. ആറ്റിങ്ങല്‍ മംഗലാപുരം എന്നീ സ്റ്റേഷനുകളിലെ പോലീസുകാരാണ് സംഭവസ്ഥലത്ത് ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അപകടത്തെത്തുടര്‍ന്ന് വന്‍ ജനത്തിരക്കാണ് മാമത്ത് അനുഭവപ്പെട്ടെങ്കിലും തിരക്കുകളെ അവഗണിച്ചുകൊണ്ട് പരിക്കേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ പോലീസിന് കഠിന പ്രയത്നമാണ് നടത്തേണ്ടിവന്നത്. മാമം മുതല്‍ മെഡിക്കല്‍ കോളേജ് വരെയും ട്രാഫിക് പോലീസിനു പുറമെ സ്റ്റേഷന് പോലീസും ട്രാഫിക് നിയന്ത്രണത്തിനായി നിരത്തിലിറങ്ങി.
നാഷണല്‍ ഹൈവേയില്‍ ഏറ്റവും കൂടുതല്‍ തിരക്കുണ്ടാവുന്ന സമയത്തായിരുന്നിട്ടുപോലും മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തടസ്സമുണ്ടാകാത്തതരത്തില് മാമത്ത് നിന്നും വരുന്ന ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കി. എല്ലാ സിഗ്നല്‍ ലൈറ്റുകളിലും തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളയിടത്തും പ്രത്യേകം പോലീസിനെ നിയോഗിച്ചിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശംഖുമുഖം എസി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം നേരത്തെ തന്നെ സേവനനിരതരായിരുന്നു. പരിക്കേറ്റവരുടെ ബന്ധുക്കളെ വിവരം അറിയിക്കുന്നതിനും ബന്ധുക്കള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുന്നതിനും പോലീസ് കൃത്യത പാലിച്ചു. മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു മാമം അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടയില്‍ പോലീസ് കാഴ്ചവച്ചത്. രാത്രിയോടെ ഡിസിപി സഞ്ജയ് കുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: