കാലത്തിന്റെ രഥചക്രത്തിനടിയില്‍ ചതഞ്ഞുപോകുന്ന ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍, അതിനെ താലോലിക്കുന്ന നിസ്വാര്‍ത്ഥ മനസ്സുകളില്‍ നിലയ്ക്കാത്ത നീറ്റല്‍ തീര്‍ക്കും. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ കിരീടം ഇളകാതെ ശിരസ്സിലുറപ്പിക്കാന്‍ തത്രപ്പെടുന്നവര്‍ക്ക് ദേശത്തിനുവേണ്ടി ചോരചിന്തിയവരേയും അവര്‍ നയിച്ച പ്രസ്ഥാനങ്ങളേയും ബോധപൂര്‍വ്വം മറക്കേണ്ടിവരുന്നു. ചിലരാകട്ടെ കുത്തി നോവിക്കുന്ന ആ ചരിത്ര യാഥാര്‍ത്ഥ്യത്തിന്റെ ഏടുകള്‍ ചികഞ്ഞ് പോരാട്ടനായകരുടെ ചിത്രങ്ങള്‍ ചോര്‍ത്തി സ്വന്തം പ്രസ്ഥാനത്തിന്റെ മുഖം മിനുക്കുന്നു.
അധിനിവേശാധിപത്യത്തിനെതിരെ കര്‍മ്മധീരതയുടെ ചെമ്പട്ടുടുത്തിറങ്ങിയ ഒരുപറ്റം യുവകേസരികളുടെ ആത്മസമര്‍പ്പണത്തിന്റെ വീരഗാഥ ഭാരതസ്വാതന്ത്ര്യത്തിന്റെ ചമല്ക്കാരമില്ലാത്ത ചരിത്രത്താളുകളില്‍ രക്തവര്‍ണ്ണം ചേര്‍ത്ത് കുറിക്കപ്പെട്ട അധ്യായമാണ്.
വാണിഭത്തിനുവന്നു വാഴ്ചക്കാരായ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ എട്ടരദശകം മുമ്പ് മഹാത്മാഗാന്ധി നയിച്ച സഹനസമരത്തിന് നേര്‍വര നല്കിയ ഈ ധീരന്മാര്, അടിമച്ചങ്ങല അറുക്കാന്‍ ആഹൂതികളും ആവശ്യമായി കരുതി, പഞ്ചാബിലെ മലഞ്ചെരുവുകളില്‍ ഒളിഞ്ഞ്, ആവേശത്തിന്റെ അഗ്നിച്ചിറകു വിരിച്ചു. യന്ത്രത്തോക്കുകള്‍ തുപ്പിയ തീയ്യില്‍ ഒരൊറ്റ മണിക്കൂറിനകം ആയിരത്തിലേറെ ജീവിതങ്ങള്‍ക്ക് ചിത തീര്‍ത്ത ജാലിയന്‍വാലാബാഗില്‍ നിന്നും ഉയര്‍ന്നുകേട്ട അലമുറകളുടേയും, ജയ്വിളികളുടെയും ബഹളങ്ങള്‍ക്കിടയില്‍ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യമെന്ന ലക്ഷ്യവും പ്രതീക്ഷയുമായി ജ്വലിച്ചുനിന്നവരുടെ പോരാട്ടവീര്യം അരങ്ങനുഭവമാക്കി സമൂഹ മനസ്സിലെറിയുകയാണ് ‘ബോധി തിയേറ്റേഴ്സ്’ എന്ന പാലക്കാട്ടെ പുതിയ നാടക സംഘം. കര്മ്മമാര്ഗ്ഗത്തില് തടസ്സമാവുന്നതെല്ലാം ത്യജിക്കുകയും ജന്മഭൂമിയോടും ലക്ഷ്യേേത്താടും മാത്രം അടിമപ്പെടുകയും ചെയ്തുകൊണ്ട് എത്ര ജീവിച്ചു എന്നതിലേറെ, എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം എന്ന് ഉറക്കെ പറഞ്ഞ ഭഗത്സിംഗിന്റേയും, ഭട്കേശ്വര്ദത്തിന്റേയും, രാജ്ഗുരുവിന്റേയും, ചന്ദ്രശേഖര്‍ ആസാദിന്റേയും, സുഖ്ദേവിന്റേയും, ഭഗവതിചരണിന്റേയും വിപ്ലവമുന്നേറ്റ ചരിത്രത്തിനൊപ്പം, സാധാരണ മനുഷ്യന്റെ വിഹ്വലതകള്‍ നെഞ്ചുചേര്‍ത്ത അവരുടെ കുടുംബബന്ധങ്ങളുടെ നേര്‍ചിത്രം കൂടി വരച്ചുചേര്‍ക്കുകയാണ് ‘വീരഭഗത്സിംഗ്’എന്ന നാടകത്തില്‍.
മനം മടുപ്പിക്കുന്ന പ്രമേയങ്ങളും അനുകരണപ്രിയര്ക്ക് വികലമാക്കി അവതരിപ്പിക്കാന്‍ ഇരയാകുന്ന സംഭാഷണരീതിയുമായി അരങ്ങിലെത്തുന്ന കച്ചവടനാടകങ്ങളും, സമൂഹത്തോട് പ്രതിബദ്ധതയോ അവര്‍ക്ക് നല്കാന് സന്ദേശമോ ഇല്ലാതെ നിറപ്പകിട്ടും, അട്ടഹാസങ്ങളുമായി കഥയില്ലാതെ ആടുന്ന കസര്ത്തുനാടകങ്ങളും കണ്ടുമടുത്ത പ്രേക്ഷകരില്‍ പ്രതീക്ഷയുടെ പുതിയ പ്രകാശം പരത്തുന്ന രീതിയിലാണ് ‘ഭഗത്സിംഗി’നെ ‘ബോധി’ അരങ്ങേറ്റിയത്. നെഞ്ചിടിപ്പിന്റെ താളവും, സമരപുളകങ്ങളുടെ സിന്ദൂരമാലയും രാഷ്ട്രബോധത്തിന്റെ തിരിച്ചറിവും ഇതിനകത്തുണ്ട്. ആദ്യന്തം ആശ്വാസത്തോടെ ആസ്വദിച്ച നിറഞ്ഞ സദസ്സില്‍ ഉദ്വേഗത്തിനപ്പുറം നിരാശയുടെ ചെറു നിശ്വാസംപോലും ഉയര്ന്നില്ലെന്നിടത്തായിരുന്നു ‘വീരഭഗത്സിംഗ്’ നാടകത്തിന്റെ വിജയം.
ദേശബോധം ആരെങ്കിലും സ്വകാര്യമായി കൊണ്ടുനടക്കേണ്ട സ്വത്തല്ലെന്ന് ഈ നാടകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഭഗത്സിംഗും, സുഖ്ദേവും, രാജ്ഗുരുവും തൂക്കുമരച്ചുവട്ടില്‍ മരണം കാത്തുനില്ക്കുന്നേടത്തുനിന്നാണ് അരങ്ങില്‍ വെളിച്ചം തെളിയുന്നത്.
രചനാവഴിയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന പ്രമുഖ നാടകകൃത്ത് കാളിദാസ് പുതുമനയാണ് ആര്‍ഷഭൂവിന്റെ അഭിശപ്തമായ ചരിത്രത്തെ നാടകവുമായി കൂട്ടിയിണക്കുന്ന ദൗത്യം നിര്‍വ്വഹിച്ചത്. ലോക നാടകവേദിയിലെ ഗുണപരമായ പരിവര്‍ത്തനങ്ങളെ മലയാളനാടകത്തിനു പരിചയപ്പെടുത്തിയ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഒന്നാംക്ലാസ്സോടെ ബിടിഎ ബിരുദം നേടിയ ശേഷം നാടകം ജീവിതമാക്കിയ പയ്യന്നൂര്‍ പെരുംതിട്ട സ്വദേശി മഞ്ജുളനാണ് ഭഗത്സിംഗിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. രചനാമര്മ്മങ്ങള്ക്ക് വേദനയേല്ക്കാത്തവിധം ശ്രദ്ധാര്‍ഹമായ പരിശ്രമങ്ങളിലൂടെ നാടകത്തിന് ക്രിയാംശം നല്‍കുകയായിരുന്നു അദ്ദേഹം. ഗ്രീക്ക് നാടകങ്ങളിലേതിനു സമാനമായ രംഗാവതരണരീതിയാണ്, പുരസ്കാരങ്ങള്‍ നിരവധി നേടിയ മഞ്ജുളര് അതിനുപയോഗിച്ചത്. കേന്ദ്ര കഥാപാത്രമായ ഭഗത്സിംഗിനിണങ്ങിയ അഭിനേതാവിനെ കണ്ടെത്താന്‍ നീണ്ട കാത്തിരിപ്പുതന്നെ വേണ്ടിവന്നു.
ലാഹോറില്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ ആസ്ഥാനത്ത് ഭഗത്തിനൊപ്പം ഒളിവില്‍ കഴിഞ്ഞവരുടെ സംഘത്തിലുണ്ടായിരുന്ന സംഗീതജ്ഞന് റിയാസത്തുള്ളാഖാനെ ചന്ദ്രശേഖര്‍ ആസാദ് നിര്‍ബന്ധിച്ച് പാടിക്കുന്ന ഗസല്‍ സമാനമായ ദേശഭക്തിഗാനം അകമ്പടിയാക്കി, ഒരു പഞ്ചാബി സംഘനൃത്തം അരങ്ങില്‍ പൂക്കുന്നതോടെയാണ് നാടകം തീക്ഷ്ണരൂപത്തിലേയ്ക്ക് ചുവടുമാറുന്നത്. ലാലാലജ്പത്റായിയുടെ വധം, അതില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തിനു നേരെയുള്ള ആക്രമണം, ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ സാന്റേഴ്സിന്റെ മരണം, വേഷപ്രഛന്നരായി പാറാവുകാരനെ വെട്ടിച്ച് ഭഗത്തിന്റേയും സഹചാരികളുടേയും നാടുവിടല്‍, പൊതു സുരക്ഷ – തൊഴില്‍തര്‍ക്ക നിയമ ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്രനിയമ നിര്‍മ്മാണസഭയില്‍ നടന്ന ബോംബേറ്, ഇതിന് പിടികൂടപ്പെടുന്നവര്‍ ജയിലില്‍ നടത്തുന്ന സമരം തുടങ്ങിയവയെല്ലാം ഇരുപത്തൊന്ന് ചെറുരംഗങ്ങളിലൂടെ ഇതള്‍വിരിയുന്നു. ജയിലിനകത്തിരുന്നുകൊണ്ടുള്ള പഠനത്തിനും, ആശയ കൈമാറ്റത്തിനുമിടയില് എഴുതിയ കത്തുകളിലൂടെയാണ് ഭഗത്സിംഗിന്റെ കുടുംബജീവിതവും, മറ്റു കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷവും ആവിഷ്കരിച്ചിരിക്കുന്നത്.
പ്രത്യയശാസ്ത്രത്തിന്റെ കരുത്തുമായി മുന്നേറുന്ന നാടകത്തില്‍ ഭഗത്തിന്റെ ചില പരാമര്‍ശങ്ങള്‍ പ്രേക്ഷകരിലുയര്ത്തിയ കരഘോഷം നിലവിലുള്ള പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും നേരെയുള്ള വിരല്‍ചൂണ്ടലായിരുന്നു. ‘ഒരു പ്രസ്ഥാനവും വ്യക്തികേന്ദ്രീകൃതമാവരുത്. അങ്ങനെയാവുമ്പോള്‍ അതിന് നിലനില്പില്ല. ഒരു പൂവു കൊഴിയുമ്പോള്‍ നൂറു പൂവുകള്‍ വിടരണം. അതാണ് വിപ്ലവ വസന്തം. പൂവല്ല, ചെടിയാണ് പ്രധാനം.’
കേന്ദ്രകഥാപാത്രമായ ഭഗത്ത് നീലേശ്വരം സ്വദേശിയും നാടക- സിനിമാനടനുമായ നവജിത്നാരായണനില് ഭദ്രമായിരുന്നു. നായകന്റെ വേവിക്കുന്ന വിപ്ലവച്ചൂടിനോട് അനുരാഗത്തിന്റെ ആര്‍ദ്രത ചേര്‍ക്കാന്‍ ശ്രമിക്കുന്ന രാഗഭരിതനായിക സുശീലയായി ശ്രീജാദാസാണ് വേഷമണിഞ്ഞത്. ഭഗത്തിന്റെ മാതാവ് വിദ്യാവതിയായി വന്ന സിന്ധു ബാലാജി പുത്രവാത്സല്യത്തിന്റെ ഉള്ളുലയ്ക്കുന്ന അഭിനയത്തിലൂടെ പ്രേക്ഷകരില്‍ കണ്ണീരുവീഴ്ത്തി പി. സി. ദര്ശന് (സുഖ്ദേവ്), ജിനേഷ് ഒറ്റപ്പാലം (രാജ്ഗുരു), എം. ജി. പ്രദീപ്കുമാര്‍ (ആസാദ്), ആനന്ദ്. സി. മേനോന് (റിയാസത്തുള്ള), രാധാകൃഷ്ണന് പള്ളത്ത് (കിഷന്‍സിംഗ്), ബി. വിപിനചന്ദ്രന്‍ (ലാലാലജ്പത്റായ്, ബ്രിട്ടീഷ് ന്യായാധിപന്), രാജേഷ്പൂജ (ഭഗവതിചരണ്‍), എസ്. വി. സച്ചിന് (ഭട്കേശ്വര്ദത്ത്), സിജാ ശിവന് (ദുര്‍ഗ), ഹരി ഗോകുല്‍ദാസ്, സത്യന് കോട്ടായി, റുഷ്ദികൃഷ്ണ, മനു, ദീപുലക്ഷ്മണ് എന്നിവരും ഏറ്റെടുത്ത കഥാപാത്രങ്ങളോട് നീതികാട്ടി.
നിഴലും നിറവും നറുവെളിച്ചവും എവിടെ?, ഇഴയിടും ഒരു മണിവേദിക അവിടെ…’ എന്നു തുടങ്ങുന്ന മുദ്രാഗാനവും, ‘രാവിന്റെ കാലം മാറും, ഇരുളിന്റെ കോലം കീറും, ആകാശമാകെ പൊന്‍വെയില്‍….’എന്ന ദേശഭക്തി തുളുമ്പുന്ന ഗസല്ഗാനവുമടക്കം നാടകത്തിലെ മൂന്നു ഗാനങ്ങള്‍ക്കും വരികള്‍ കുറിച്ചത് ഹരി ഏറ്റുമാനൂരാണ്. പ്രസിദ്ധ ഗായകരായ മധു ബാലകൃഷ്ണനും, മനോജ്കൃഷ്ണനും പാടിക്കൊഴുപ്പിച്ച ഗാനങ്ങള്‍ക്ക്, മനോജ്കൃഷ്ണന്തന്നെ സംഗീതസംവിധാനവും നിറവേറ്റി. ഒന്നേമുക്കാല്‍ മണിക്കൂറോളം നീളുന്ന നാടകത്തിലെ കൊച്ചുകൊച്ചുരംഗങ്ങള്ക്കിടയില്, സജ്ജീകരണമാറ്റത്തിനായി ചോര്‍ന്നുപോകുന്ന ഇടവേളകളുടെ വിരസതയകറ്റാന്‍ നാടകസംവിധായകന്റെ മേല്‍നോട്ടത്തില്‍ തന്നെ പശ്ചാത്തലസംഗീതമൊരുക്കി, അത് കൃത്യമായി പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ അജയ്ഭാസ്ക്കറിന് കഴിഞ്ഞിട്ടുണ്ട്. അരങ്ങില്‍ വിസ്മയകരമായ ദൃശ്യപ്പൊലിമ തീര്‍ക്കാന്‍ ദീപവിതാനം നടത്തിയ കെ.ജി.റോയിക്കും സാധിച്ചു. കഥാപാത്രങ്ങള്‍ക്ക് അവര്‍ ജീവിച്ച കാലത്തിനിണങ്ങിയ കുപ്പായങ്ങളൊരുക്കിയത് സിന്ധുബാലാജിയും മുഖം മിനുക്കിയത് പുതുപ്പരിയാരം കൃഷ്ണന്‍കുട്ടിയുമാണ്. ഇങ്ങനെയൊരു നാടകം ദീര്‍ഘകാലമായി സ്വപ്നംകണ്ട ബി. വിപിനചന്ദ്രന്‍ ഏകോപനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: