ആനഭ്രാന്തന്മാരായിരുന്ന മലയാളികളുടെ ഗിരീശന് എന്ന ചന്തത്തിന്റെ പെരുമാള്‍ ഇനി ഓര്‍മ്മയില്‍. പൂരപ്പറമ്പിന്റെ ആനയഴകുമായി നിന്ന ഗിരീശനെ കണ്ടാല്‍ കൊതി തീരില്ല. പാണ്ടും അഴകാര്‍ന്ന കൊമ്പും ആനകള്‍ക്ക് എന്നും മുതല്‍കൂട്ടാണ്. തിളക്കമാര്‍ന്ന അധ്യായങ്ങള്‍ തീര്‍ന്ന തൃപ്പൂണിത്തുറക്കാരുടെ ഒരു കാലഘട്ടത്തിന്റെ താരമായിരുന്നു.
എണ്‍പത്- തൊണ്ണൂറ് കാലഘട്ടത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആനകളിലെ ശ്രീമാനായിരുന്നു ഗിരീശന്. ദേവസ്വം ഉത്സവത്തിനു പുറമേ സ്വകാര്യ പൂരങ്ങളും ഗിരീശന് ഏറെ ആഘോഷമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ഗജപ്രൗഢിയായിരുന്ന ഗീരീശനെ 25 വര്‍ഷത്തോളം കൊണ്ടുനടന്നയാളാണ് വേണു എന്ന പാപ്പാന്. വേണു അവനെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ നോക്കി.
തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയായ വേണു ആനക്കാരുടെ പരമ്പരയിലാണ് ജനുച്ചുവളര്‍ന്നത്. അതുകൊണ്ടുതന്നെ വേണുവിന്റെ ബാല്യവും ആനകളോടൊപ്പം തന്നെയായിരുന്നു. മുതിര്‍ന്നതോടെ ആനപ്പണി വേണുവിന് അലങ്കാരമായി. ഒരു ആനയെപ്പറ്റി പഠിക്കുക എന്നതാണ് പാപ്പാന്റെ മുഖ്യ കര്‍ത്തവ്യം. അത് വേണുവിനറിയാം. മദപ്പാടിന്റെ ലക്ഷണം ആരംഭിക്കുന്നത് ഒന്നാം പാപ്പാനെ ഒടിച്ചുകൊണ്ടാവും. ആസമയത്ത് അതിനെ തളച്ച് ബന്ധവസ്സാക്കണം. മൂന്ന് മാസം വരെയാണ് മദപ്പാടുകാലം. മദം ഒഴുകി തീര്‍ന്നതിന്റെ എല്ലാ ലക്ഷണവും വ്യക്തമായിട്ടറിയാം. പേരുവിളിച്ചാല്‍ വിളി കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തു തുടങ്ങിയാല്‍ ആനയെ ചങ്ങലയില്‍ നിന്നും അഴിക്കാം.
ഗിരീശന് രണ്ടു തവണയായി ഏഴുമാസത്തോളമാണ് മദപ്പാട് കാണുക. ആകെ അഞ്ചുമാസമാണ് എഴുന്നള്ളിപ്പുകള്‍. തുലാം മുതല്‍ കുംഭം വരെയുള്ള എഴുന്നള്ളിപ്പുകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ഈ ഗജരാജന്‍. ഉത്സവക്കാലയളവില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ഗിരീശന് നടക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. എറണാകുളത്തു നിന്നും തൃശ്ശൂരിലേക്ക് ഒന്നര ദിവസം കൊണ്ട് നടന്ന് ഗിരീശനെത്തും. ഇപ്പോഴത് ലോറിയിലാക്കി. ഗിരീശന് കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി ലോറിയാത്രയും ശീലിച്ചു.
ആനയുടെ മനസ്സറിഞ്ഞ് ശുശ്രൂഷിക്കാനുള്ള കഴിവ് വേണുവിനുണ്ട്. അതുകൊണ്ടു തന്നെ ഇക്കാലമത്രയും ആനയുടെ ഒപ്പം നടന്നിട്ടും അദ്ദേഹത്തിന് ഒരു പോറല്‍ പോലുമേറ്റിട്ടില്ല.
1950ല്‍ കൊടുങ്ങല്ലൂരുകാര് പ്രത്യേക ഭണ്ഡാരം വെച്ച് കോടനാട് നിന്നുമാണ് ഗിരീശനെ വാങ്ങുന്നത്. കൊടുങ്ങല്ലൂരില്‍ അതിനെ നടയിരുത്തുമ്പോള്‍ കുലശേഖരന് എന്നാണ് ഗിരീശനെ പേരുവിളിച്ചത്. പിന്നീട് ദേവസ്വം രേഖകളില്‍ നിന്നു തന്നെ ആപേര് മാറ്റി ഗിരീശന് എന്നെഴുതിച്ചേര്‍ത്തു.
രാമപണിക്കര്‍ ആയിരുന്നു ആദ്യകാലത്തെ പാപ്പാന്. ദേവസ്വം ബോര്‍ഡ് അദ്ദേഹത്തെ മാറ്റിയപ്പോഴാണ് വേണു ഗിരീശന്റെ സ്ഥിരം പാപ്പാനായി ചാര്‍ജെടുത്തത്. രണ്ടു വര്‍ഷത്തിനകം ചട്ടക്കാരനായി (ഒന്നാം പാപ്പാന്). പിന്നീടങ്ങോട്ട് ഒരുകുറുമ്പു കാണിക്കാതെ അനുസണയോടെ അക്കാലത്തവന്‍ മാറി. ഗിരീശനില്‍ നിന്നാണ് വേണു ഉദ്യോഗത്തില്‍ നിന്നു പിരിഞ്ഞു പോന്നതും.
രാമപണിക്കര്‍ ആനയെ നോക്കിയ കാലത്താണ് തൃപ്പൂണിത്തുറയില്‍വെച്ച് ഗിരീശന് കുസൃതി ഒപ്പിച്ചത്. ആളുമാറി രാമപണിക്കരെ ഒന്നു തട്ടി. പണിക്കര്‍ക്ക് കാലിന് പരിക്കേറ്റതിനാല്‍ മൂന്നുദിവസം പ്ലാസ്റ്ററിട്ട് ആസ്പത്രിയിലാക്കി. ഈ മൂന്നു ദിവസവും കൈവിട്ട് പൂര്‍ണ്ണത്രയീശന്റെ മതില്‍ക്കകത്ത് ഗിരീശന് സൈ്വര്യ വിഹാരം നടത്തി. മൂന്നാം ദിവസം പണിക്കരെ കസേരയില്‍ ഇരുത്തിക്കൊണ്ടുവന്നു കാണിച്ചതില്‍ പിന്നെയാണ് ഗിരീശന് അടങ്ങിയത്.
മദപ്പാടിന്റെ ആരംഭകാലമായിരുന്നു അത്. ഗിരീശന്റെ വേര്‍പാട് ആനപ്രേമികള്‍ക്ക് കനത്ത നഷ്ടം തന്നെയാണ്.
വേണുവിന്റെ പരിചരണമാണ് ഗിരീശന്റെ യോഗം തെളിഞ്ഞത്. ഉത്സവപ്പറമ്പിലെ നായകനായി നിന്ന ഗിരീശന്റെ സൗന്ദര്യം പറഞ്ഞാല്‍ തീരില്ല. തൃപ്പൂണിത്തുറയിലെ എല്ലാ വീട്ടിലും ഗീരീശന്റെ ചിത്രം കാണാം അവനെ അവര്‍ നെഞ്ചോട് ചേര്‍ത്തു വെച്ചവരാണ്. അങ്ങിനെയാണ് ഗിരീശന് തൃപ്പൂണിത്തുറ ഗിരീശനായത്.
രണ്ടേ രണ്ടു കാര്യം മാത്രമാണ് ഇവന് അസഹ്യം. കുതിരയെ കാണുന്നതു പോയിട്ട് അതിന്റെ മണം പോലും അരോചകമായിരുന്നു. പിന്നെ കൂവിയാര്‍ക്കുന്ന ബഹളവും സഹിക്കില്ല. കാതടപ്പിക്കുന്ന വെടിക്കെട്ടിന് തിരികൊളുത്തുമ്പോള്‍ കോലവുമേന്തി ഗിരീശന് ഭയം കൂടാതെ നില്ക്കും. വേണു കാല്ചുവട്ടില് വേണമെന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.
ആരുവന്ന് കൊമ്പില്‍പിടിച്ചാലും ഗിരീശന് അനങ്ങാതെ നില്ക്കും. അതുകൊണ്ടുതന്നെ ഏതുനാട്ടില്‍ ചെന്നാലും അവന്റെ ആരാധകരാണ്. എതു നീരിലും ആര്‍ക്കും അടുത്തുചെല്ലാമായിരുന്നു. അത്രയ്ക്കുശാന്തശീലനായിരുന്നു എന്നും. ഒരുപക്ഷേ വേണുവിന്റെ കാരക്കോലില്‍ നിന്നു ശീലച്ചതിനാലാവാം അതെല്ലാം.
എറണാകുളത്തപ്പന്റെ ഉത്സവത്തിലെ ആറാട്ടുവിളക്കു കഴിഞ്ഞ് നഗരത്തെ വിറകൊള്ളിക്കുന്ന വെടിക്കെട്ട് സമയത്ത് ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഏറെ തവണ മഹാദേവനെ ശിരസ്സിലേറ്റി ഗിരീശന് നിന്നിട്ടുണ്ട്. വേണുവെന്ന കൈകാര്യക്കാരനെ അടുത്ത് ചേര്‍ത്ത് നിര്‍ത്തിയാല്‍ മതി പിന്നെ ഭയക്കാനില്ല. ഇത്രയും കാലത്തിനിടയ്ക്ക് കൊച്ചിന് ദേവസ്വം ബോര്‍ഡിന് ഒരു നഷ്ടവും ഗിരീശന് വരുത്തിയിട്ടില്ല
. ഇനി ഉത്സവപറമ്പില്‍ ഗിരീശന് എന്ന ആനച്ചന്തം കാണില്ല. അഴകിന്റെ സുവര്‍ണ്ണ സിംഹാസനത്തില്‍ ദേവസ്വം ഗിരീശന് ഓര്‍മ്മകളില്‍ മാത്രം.
കാലങ്ങളായി അങ്ങനെ പരിശീലിച്ച വേണുവിനും ഗിരീശന്റെ വേര്‍പാട് കണ്ണിനെ ഈറനണിയിക്കുന്നു. ഉത്സവപ്പറമ്പില്‍ ചെന്നാല്‍ അതിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ അവനറിയാം. കോലവുമേന്തി തട്ടകത്തിലെ ഉത്സവത്തിന് ഇവനെ ചേര്‍ന്നു നിര്‍ത്താന്‍ മോഹിക്കുന്നവര്‍ ഏറെയായിരുന്നു. ഇന്ന് നാടന്‍ ആനകള്‍ വിരളമാണ്. ബീഹാര്‍, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ള ആനകള്‍ കേരളത്തില്‍ തലങ്ങും വിലങ്ങുമായി വിലസുമ്പോഴാണ് ഗിരീശന്റെ എന്ന ഗജരാജന്റെ വിയോഗം.
താളത്തിനൊപ്പം ചെവിയാട്ടി നില്ക്കുന്ന കൊമ്പന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവത്തിലെ താരമായിരുന്നു. പഞ്ചാരിയും, പാണ്ടിയും പഞ്ചവാദ്യവും, നാദസ്വരവുമായി ഉത്സവപ്പറമ്പില്‍ നെറ്റിപ്പട്ടം ചാര്‍ത്തി നില്ക്കുന്ന അഴകിന്റെ ഈ മൂര്‍ത്തി ഒരുനാള്‍ തിരിച്ചുവരുമോ. ആരാധകരുടെ കണ്ണുകളേയും ഹൃദയത്തേയും തരിപ്പിക്കാന്‍. പാണ്ടന്‍ മുഖവും വെളുത്ത കൊമ്പുമായി ശിരസ്സില്‍ തിടമ്പുമേറ്റി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: