തിരുവനന്തപുരം: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് വേണ്ടത്ര ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പരേതന്റെ ഭാര്യക്ക് സര്‍ക്കാര്‍ മൂന്നുമാസത്തിനകം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
നഷ്ടപരിഹാരം ആഭ്യന്തര വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ നല്‍കണം. കളമശേരി എച്ച്എംടി കോളനി ആഞ്ഞിലിമൂട്ടില്‍ എ.എ അലിയുടെ ഭാര്യ കെ.എ. സഫിയ ഫയല്‍ ചെയ്ത പരാതിയിലാണ് നടപടി. സഫിയയുടെ ഭര്‍ത്താവ് അലി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കെ മൂത്രാശയ രോഗം മുര്‍ച്ഛിച്ച് 2015 മേയ് 27 നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. 2013 സെപ്റ്റംബറിലാണ് അലി സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായത്. അലിക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹാര്‍ട്ട് അറ്റാക്ക്, പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നു. അലിക്ക് 12 തവണ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ കമ്മീഷനെ അറിയിച്ചു. 78 തവണ ജയില്‍ ആശുപത്രിയില്‍ ചികിത്സ നല്കി. അതേസമയം അലിയുടെ ചികിത്സയ്ക്കായി കോടതിയില്‍ ജാമ്യാപേക്ഷയ്ക്ക് അപേക്ഷിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തു. കമ്മീഷന് രേഖകള്‍ പരിശോധിച്ചപ്പോള്‍ അലിയെ നിരവധി തവണ ആശുപത്രിയില്‍ കാണിച്ചെങ്കിലും ഡോക്ടര്‍മാര്‍ എഴുതിയ മരുന്നുകള്‍ രോഗിക്ക് കൊടുത്തിട്ടില്ലെന്ന് കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ മരുന്നില്ലാത്തതായിരുന്നു കാരണം. പുറത്ത് നിന്നു മരുന്ന് വാങ്ങി നല്കിയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: