തിരുവനന്തപുരം: നാടിനെ നടുക്കിയ ദുരന്തത്തില്‍ പരിക്കേറ്റുവന്നവരെ ചികിത്സിച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ഒരിക്കല്‍ കൂടി മാതൃകയായി. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും രോഗികള്‍ക്ക് മികച്ച ശുശ്രൂഷ നല്കാന് കഴിഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉന്നത ഡോക്ടര്‍ സംഘം എല്ലാവിധ സജ്ജീകരണവുമായി കാത്തുനിന്നു. ആറുമണി കഴിഞ്ഞപ്പോള്‍ ഒന്നിനു പുറകെ ഒന്നായി പരിക്കേറ്റവരെ കൊണ്ടെത്തിച്ചിരുന്നു.
വരുന്നവരെയനുസരിച്ച് വിദഗ്ധ ഡോക്ടര്‍ സംഘം അത്യാഹിത വിഭാഗത്തില്‍ വച്ചു തന്നെ വിദഗ്ധ പരിശോധനയും ചികിത്സയും നല്കി അഡ്മിറ്റാക്കി. കാത്തു നിന്ന ജനങ്ങള്‍ക്ക് മൈക്ക് അനൗണ്‍സ്മെന്റിലൂടെ അപ്പപ്പോള്‍ അറിയിപ്പുകള് നല്കി. മീഡിയ സെല്‍ വഴി അപ്പപ്പോള്‍ എല്ലാ മാധ്യമങ്ങള്‍ക്കും ചികിത്സയുടെ വിവരങ്ങള്‍ പത്രക്കുറിപ്പായും ഫോണ്‍ വഴിയും നല്കി. പോലീസുകാരും ജാഗരൂകരായി വേണ്ട സഹായങ്ങള്‍ ചെയ്തു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. ശ്രീനാഥ്, കാഷ്വാലിറ്റി സൂപ്രണ്ട് ഡോ. സുല്‍ഫിക്കര്‍, ആര് എംഒ ഡോ. ഋഷികേശ്, സര്‍ജറി എം.ഒ.ഡോ. ഫഹദു സമാന്, ഓര്‍ത്തോ എംഒ ഡോ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ 10 മെഡിക്കല്‍ ഓഫീസര്‍മാരും 25 പിജി ഡോക്ടര്‍മാരും 30 മെഡിക്കല്‍ വിദ്യാര്‍ഥികളും നിരവധി നഴ്സുമാരും മറ്റ് ജീവനക്കാരും ചികിത്സാപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: