പനാജി: 46-മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഗോവയില്‍ തുടക്കം. വാര്‍ത്താ വിതരണ വകുപ്പു മന്ത്രി അരുണ്‍ ജെയ്റ്റ്ലി മുഖ്യ പ്രഭാഷണം നടത്തി. പ്രസിദ്ധ നടന് അനില്‍ കപൂറായിരുന്നു മുഖ്യാതിഥി. ചടങ്ങില്‍, ഈ വര്‍ഷത്തെ ഭാരതീയ വ്യക്തിത്വത്തിനുള്ള അവാര്‍ഡ് സംഗീതാചാര്യന് ഇളയരാജയ്ക്ക് മന്ത്രി ജെയ്റ്റ്ലിയും അനില്‍ കപൂറും ചേര്‍ന്നു സമ്മാനിച്ചു.
ഭാരതീയ ചലച്ചിത്ര മേള ലോക ചലച്ചിത്രോത്സവങ്ങളുടെ നിലവാരം നേടിക്കഴിഞ്ഞുവെന്ന് പറഞ്ഞ ജെയ്റ്റ്ലി ഫിലിം ഫെസ്റ്റിവലുകള്‍ മികച്ച സിനിമകള്‍ക്കു വേദിയാകുന്നതോടൊപ്പം കലാകാരന്മാര്ക്ക് ദേശത്തിന്റെ അതിര്‍ത്തികള്‍ കടന്ന് ഒന്നിക്കാനുള്ള അവസരവുമൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ മൃദുല സിന്‍ഹ, പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍, മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, കേന്ദ്ര സഹമന്ത്രി രാജ്യവര്‍ദ്ധന്‍ രഥോഡ് തുടങ്ങിയവര്‍ പങ്കെടുത്തു. 11 ദിവസത്തെ മേളയില്‍ 89 രാജ്യങ്ങളില്‍നിന്നുള്ള 187 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 26 ഫീച്ചര്‍ സിനിമകളും 21 നോണ്‍ ഫീച്ചര്‍ സിനിമകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: