മല്ലപ്പള്ളി: കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫ്. പിളര്‍ന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കേരള കോണ്‍ഗ്രസ്സും മുസ്ലിംലീഗും ഏറ്റുമുട്ടി. സി.പി.എം. ലീഗിന് പിന്തുണ നല്കി എരിതീയില്‍ എണ്ണയൊഴിച്ചു. നാലിനെതിരെ ഏഴുവോട്ടുകള്ക്ക് കേരള കോണ്‍ഗ്രസ്സിലെ ജോബിച്ചന് തോമസ് വിജയിച്ചു. ലീഗിന്റെ മുഹമ്മദ് സലിമാണ് പരാജയപ്പെട്ടത്.മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.ഇ.അബ്ദുള്‍റഹ്മാന്റെ പഞ്ചായത്തിലാണ് യു.ഡി.എഫ്. ഘടകകക്ഷികള്‍ തുറന്ന പോരിലെത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ആദ്യ ഒരുവര്‍ഷം കേരള കോണ്‍ഗ്രസ്സിനും അടുത്ത രണ്ടുവര്‍ഷം ലീഗിനും ബാക്കി കാലം കോണ്‍ഗ്രസ്സിനും നല്കാന് യു.ഡി.എഫ്. തീരുമാനിച്ചിരുന്നതായി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു അറിയിച്ചു എന്നാല്‍, ആദ്യ ഊഴം വേണമെന്നും ലീഗ് നിലപാടെടുത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആലീസ് രണ്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ക്ക് ഇവര്‍ ജയിച്ചു. ആകെ 13 അംഗങ്ങളുള്ള ഭരണസമിതിയിലെ രണ്ട് ബി.ജെ.പി. അംഗങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്4, കേരള കോണ്‍ഗ്രസ്3, ലീഗ്2, സി.പി.എം.2 എന്നതാണ് മറ്റ് കക്ഷികളുടെ നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: