ജന്മദോഷപാപങ്ങളകറ്റി ജന്മസാഫല്യത്തിനായി പുനര്‍ജ്ജനി നൂഴലിനും വില്വാദ്രിനാഥനെ ദര്ശിക്കുന്നതിനുമായി ആയിരക്കണക്കിന് ഭക്തര്‍ ഒരുങ്ങിക്കഴിഞ്ഞു.
ഗുരുവായൂര്‍ ഏകാദശി നാളായ ഈമാസം 22നാണ് പുനര്‍ജ്ജനി നൂഴല്‍. തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം തൃശൂര്‍ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണെങ്കിലും ഏറെ അടുപ്പം പാലക്കാടിനോടാണ്.
ഇവിടെനിന്നും 35 കിലോമീറ്റര്‍ മാത്രം ദൂരമാണുള്ളത്.
മനോഹരമായ ഭൂപ്രകൃതികൊണ്ട് അലംകൃതമായ വില്വാദ്രിയും പരിസരവും നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിന്ന്. വില്വാദ്രിനാഥ ക്ഷേത്ര ദര്‍ശനംവഴി പുണ്യംനേടിയ അശരീരികളായ പ്രേതങ്ങള്‍ക്ക് മുക്തിലഭിക്കുന്നതിനുവേണ്ടി പരശുരാമന് ദേവരാജാവായ ദേവേന്ദ്രനോടപേക്ഷിക്കുകയും വിശ്വകര്‍മ്മാവിനെക്കൊണ്ട് നിര്‍മ്മിക്കുകയും ചെയ്തതാണ് പുനര്‍ജനി ഗുഹ എന്നാണ് ഐതിഹ്യം. പുനര്‍ജനി താണ്ടുന്ന ജീവജാലങ്ങള്‍ക്ക് മുക്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
വില്വാദ്രി ക്ഷേത്രത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ കിഴക്കുഭാഗത്താണ് പുനര്‍ജ്ജനി ഗുഹ. വില്വാദ്രിമലയിലേക്ക് രണ്ടുവഴികളാണ് ഉള്ളത്. ലക്കിടിയില്‍നിന്നും നേരിട്ട് മല്ലേശമംഗലം ആലിന്ചുവട്ടില് നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയും ഇവിടെയെത്താം.
ദര്‍ശനത്തിനുശേഷം കിഴക്കേനടവഴിയാണ് പുനര്‍ജനിയിലേക്ക് ഭക്തര്‍ പ്രവേശിക്കുന്നത്. ഭൂതമല, വില്വമല, മൂരിക്കുന്ന് എന്നീ മനോഹരങ്ങളായ പാറക്കൂട്ടങ്ങളാണ് വില്വമലയായി അറിയപ്പെടുന്നത്.
എല്ലാസമയത്തും കാടുപിടിച്ചു കിടക്കുന്ന ഈ മലകളിലൂടെ വേണം പുനര്‍ജ്ജനി ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അന്ന് അനുഭവപ്പെടുക. വൃശ്ചികമാസത്തിലെ ഗുരുവായൂര്‍ ഏകാദശി ദിവസം വില്വാദ്രിക്ഷേത്രപൂജകള്‍ക്കുശേഷമാണ് പുനര്‍ജനിയാത്ര തുടങ്ങുക. മേല്‍ശാന്തിമാര്‍ തീര്‍ത്ഥംതളിച്ച് ശുദ്ധിയോടെ പുലര്‍ച്ചെ മൂന്നുമണിയോടെ കിഴക്കേനടയിലെ ആലിന്‍ചുവടുവഴി ഗുഹയിലേക്കുള്ള യാത്ര തുടങ്ങും.
പുനര്‍ജ്ജനി നൂഴല്‍ ദുഷ്കരവും ഗുഹയിലൂടെ ആയതിനാലും സ്ത്രീകളെ പുനര്‍ജ്ജനി നൂഴാന്‍ അനുവദിക്കാറില്ല. ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് ഏകദേശം 20 മിനിറ്റുകൊണ്ട് കിഴക്കേമലയുടെ വടക്കേചെരിവിലെത്തി ആദ്യം ഗണപതി തീര്‍ത്ഥത്തില്‍ സ്പര്‍ശിക്കും. മനസ്സിന് ആത്മബലം നല്കുന്ന ഈ തീര്‍ത്ഥസ്പര്‍ശനത്തിനുശേഷമാണ് പുനര്‍ജനി മലയിലേക്ക് കയറുക.
ഗുഹയുടെ തെക്കുകിഴക്കുഭാഗത്തെ വഴിയിലൂടെ യാത്ര ചെയ്ത് പുനര്‍ജ്ജനി മലയിലേക്കു നീങ്ങും.
അരകിലോമീറ്റര്‍ കൂടി ഇതേദിശയില്‍ യാത്ര ചെയ്തെത്തുന്നതാണ് പാപനാശിനീ തീര്‍ത്ഥത്തിനു സമീപം. കടുത്ത വേനലിലും വറ്റാത്ത ഈ ഉറവ ഗംഗയുടെ സാമീപ്യമായി ഭക്തര്‍ കരുതുന്നു. ഈ തീര്‍ത്ഥവും സ്പര്‍ശിച്ചശേഷമാണ് നൂഴലിനായി ഗൂഹാമുഖത്തേക്കിറങ്ങുന്നത്.
പ്രധാനപൂജാരിമാരുടെ നേതൃത്വത്തില്‍ ഗുഹാമുഖത്ത് നടക്കുന്ന പൂജകള്‍ക്കുശേഷം രാവിലെ അഞ്ചുമണിയോടെ പുനര്‍ജ്ജനി നൂഴല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: