പെരിന്തല്‍മണ്ണ: മണ്ഡലകാലം ആയതോടുകൂടി പച്ചക്കറിക്ക് തീവില. കഴിഞ്ഞ ആഴ്ച സുലഭമായി ലഭിച്ചിരുന്ന പല പച്ചക്കറികളും ഈ ആഴ്ചയില്‍ ലഭ്യമല്ല. വിപണിയില്‍ ഉള്ള പച്ചക്കറികള്‍ക്കാകട്ടെ, തീ പിടിച്ച വിലയും. ഒരാഴ്ചക്കിടയില്‍ സംഭവിച്ച ഈ ക്ഷാമം കൃത്രിമമാണെന്ന് വ്യക്തമാണ്. പച്ചക്കറികള്‍ പൂഴ്‌ത്തിവെച്ച് ക്ഷാമം സൃഷ്ടിച്ച് അയ്യപ്പഭക്തരെ പിഴിയാനുള്ള ചില കേന്ദ്രങ്ങളുടെ തന്ത്രമാണിതെന്ന സൂചനയും ശക്തമാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ പേമാരിയില്‍ കൃഷി നശിച്ചതാണ് ലഭ്യത കുറയാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. പക്ഷേ, ഇത് വാസ്തവ വിരുദ്ധമായ കാര്യമാണ്. കാരണം, പ്രളയക്കെടുതി ഉണ്ടായ സ്ഥലങ്ങളില്‍ നിന്നല്ല കേരളത്തിലേക്കുള്ള പച്ചക്കറികള്‍ വരുന്നത്. തമിഴ് നാട്ടിലെ പേമാരിയുടെ പേരുപറഞ്ഞ് കേരളത്തില്‍ മാത്രം വിലക്കയറ്റം സൃഷ്ടിക്കുന്ന മൊത്തവ്യാപാരികള്‍ക്ക് എതിരെ നടപടി എടുക്കാന് സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല.
എല്ലാ വര്‍ഷവും മണ്ഡകാലമാകുന്നതോടെ ഇത് തന്നെയാണ് അവസ്ഥ. അയ്യപ്പഭക്തരെ ചൂഷണം ചെയ്യാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്ന് വ്യക്തം. അയ്യപ്പഭക്തരുടെ വീടുകളിലേക്കും ക്ഷേത്രങ്ങളിലേക്കും ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വാങ്ങുന്നത് ഈ കാലയളവിലാണ്. മിക്ക ക്ഷേത്രങ്ങളിലും അഖണ്ഡനാമയജ്ഞം നടക്കുന്ന സമയമായതിനാല്‍ പച്ചക്കറികള്‍ക്ക് നല്ല ചിലവാണ്. വലിയ ക്ഷേത്രങ്ങളില്‍ അന്നേ ദിവസം ധാരാളം പച്ചക്കറികള്‍ ആവശ്യമായി വരും. ഇതൊക്കെ മുന്നില്‍കണ്ടാണ് വ്യാപാരികള്‍ തന്ത്രം ഇറക്കുന്നത്. സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പോ ഇതിനെതിരെ നടപടി സ്വീകരിക്കാനും തയ്യാറാകുന്നില്ല. പച്ചക്കറികള്‍ക്ക് ഈ ആഴ്ചത്തെ വില. കഴിഞ്ഞ ആഴ്ചത്തെ വില ബ്രാക്കറ്റില്‍. സവാള 62 (40), ചുമന്നുള്ളി 60 (38), വെളുത്തുള്ളി 125 (95), ഉരുളക്കിഴങ്ങ് 40 (20), പച്ചമുളക് 56 (35), ബീന്‍സ് 90 (50), പയര്‍ 95 (50), മുരിങ്ങക്ക 55 (38), ബീറ്റ്‌റൂട്ട് 40 (30), വെണ്ടക്ക 68 (46), തക്കാളി 50 (30), കാബേജ് 40 (30). ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പച്ചക്കറികളുടെ വിലയിലുണ്ടായ മാറ്റത്തില്‍ അമ്പരിന്നിരിക്കുകയാണ് ഉപഭോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: