തിരുവനന്തപുരം: ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും എത്തുന്ന ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആറ്റുകാല്‍ക്ഷേത്ര പരിസരത്തും അനുബന്ധ പ്രദേശങ്ങളിലുമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റുകാലില്‍നിന്ന് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്കും തിരികെയും കെഎസ്ആര്‍ടിസി, ആവശ്യാനുസൃതം ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഗതാഗതനിയന്ത്രണത്തിനും തീര്‍ത്ഥാടക സുരക്ഷയ്ക്കും ആവശ്യമായ ക്രമീകരണങ്ങളെല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ശബരി മല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭക്തജനത്തിരക്ക് കൂടുമ്പോള്‍, കുടിവെള്ളവിതരണത്തിന് തടസ്സം നേരിടാതിരിക്കാന്‍ ജല അതോറിറ്റി താത്ക്കാലിക ജലസംഭരണികള്‍ സ്ഥാപിക്കും. ആവശ്യാനുസൃതം വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിയെയും നഗരസഭയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പോലീസും റവന്യൂവകുപ്പും ആറ്റുകാലില്‍ കണ്ട്രോള് റൂമുകള്‍ തുറക്കും. ആരോഗ്യവകുപ്പ് മൊബൈല്‍ ക്ലിനിക്കുകള്‍ ഏര്‍പ്പെടുത്തും. നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രധാന കവലകളില്‍ വിവിധ ഭാഷകളിലുള്ള സൈന്‍ബോര്‍ഡുകള്‍ കൂടുതലായി സ്ഥാപിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ആഹാരം പാകംചെയ്യുന്നതും കുളിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗവും വിലനിയന്ത്രണം കര്‍ശനമാക്കാന്‍ സിവില്സപ്ലൈസ്വകുപ്പും പ്രത്യേക സ്ക്വാഡുകളെ വിന്യസിപ്പിക്കും. വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: