മലപ്പുറം: ജില്ലയില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ ഇതുവരെ 138 മലമ്പനികള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും കണ്ടെത്തിയിരിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളിലാണ്. വെറും ആറെണ്ണം മാത്രമാണ് തദ്ദേശിയമായി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് പതിനാലുകാരന് മലമ്പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
മലപ്പുറം, കീഴുപറമ്പ്, വാഴക്കാട്, കണ്ണമംഗലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മലമ്പനി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. രോഗികള്‍ക്ക് പുറമെ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും സമീപവാസികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കൂടാതെ കൊതുക് നശീകരണത്തിനായി വീടിന്റെ അകം ചുമരുകളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നു. ആരോഗ്യത്തിന് ഹാനികരമാകാത്ത സൈപ്പര്‍ മെത്രിന്‍ എന്ന കീടനാശിനിയാണ് ഉപയോഗിക്കുന്നത്. പനിയും വിറയലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്. ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ മൂടിയിടുക, കിണറുകളില്‍ ഗപ്പി മത്സ്യങ്ങളെ വളര്‍ത്തുക, കൊതുകു വലകള്‍ ഉപയോഗിക്കുക.
വാര്‍ത്താസമ്മേളനത്തില്‍ ഡിഎംഒ വി.ഉമ്മര്‍ ഫാറൂഖ്, ജില്ലാ മലേറിയ ഓഫീസര്‍ ബി.എസ്.അനില്‍കുമാര്‍, എം.ഗോപാലന്, എം.വേലായുധന്, കെ.പി.സാദിഖ് അലി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: