ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ജോലി ചെയ്യുന്നത് വിലക്കിയ നടപടി പുനപരിശോധിക്കണമെന്ന് ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസെന്റേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ കുമാര്‍ ആവശ്യപ്പെട്ടു. ഡിഎം ഒ ഓഫീസ് ധര്‍ണ ഉദ്ഘാട നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് വരുത്തുന്നത്. 638 അവശ്യമരുന്നുകല്‍ എഫ്ഡിസി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനറിക് മരുന്നുകള്‍ക്ക് പ്രത്യേക വിലക്കുറവ് ആവശ്യപ്പെടാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കൂടാതെ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സംവിധാനത്തില്‍ ലക്ഷക്കണക്കിന് രോഗികള്‍ക്ക് മരുന്നുനല്‍കാന്‍ നിലവിലുള്ള സംവിധാനം അപര്യാപ്തമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജന്‍ധന്‍ യോജന പദ്ധതിയില്‍ കുറഞ്ഞചെലവില്‍ മരുന്നു നല്‍കുന്ന ഫാര്‍മസികള്‍ ദേശവ്യാപകമായി നടപ്പാക്കുന്ന സ്‌കീമില്‍ നിന്നും കേരള സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്.
ജനറിക് മരുന്നുകള്‍ എന്ന പേരില്‍ മരുന്നുവിറ്റഴിക്കുന്ന കമ്പനികളെല്ലാം തന്നെ ബ്രാന്‍ഡഡ് മരുന്നു വ്യാപാരരംഗത്തുള്ളവരാണെന്നിരിക്കെ ജനറിക് മരുന്നുകള്‍ എഴുതിയതുകൊണ്ടുമാത്രം രോഗികള്‍ക്ക് കാര്യമായ വിലക്കുറവ് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ജനറിക് മരുന്നുകമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന ഈ നടപടിയില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന് ബിഎംഎസ്ആര്‍എ ആരോപിച്ചു. അതിനാല്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ ജോലി ചെയ്യുന്നതു വിലക്കിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ഡിഎംഒയ്‌ക്ക് നിവേദനം നല്‍കി. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബിനീഷ്‌ബോയി ആശംസ അര്‍പ്പിച്ചു.
















