നിലമ്പൂര്‍: സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയെ പോലെ തന്നെ തണുപ്പന്‍ മട്ടിലാണ് വകുപ്പിന്റെ കാര്യങ്ങളും പോകുന്നത്. ലക്ഷകണക്കിന് വരുന്ന റേഷന്‍ കാര്‍ഡുടമകളെ നിരന്തരമിട്ട് വട്ടംകറക്കുകയാണ് വകുപ്പ്. അവസാനം തെറ്റുതിരുത്തിയതിന് ശേഷം പുറത്തിറങ്ങിയ കരട് പതിപ്പിലും വ്യാപക തെറ്റാണ് കടന്ന് കൂടിയിരിക്കുന്നത്.
2012ല്‍ കാലാവധി തീര്‍ന്ന റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്കുന്ന നടപടി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അക്ഷയാ സെന്ററിലൂടെ ഓണ്‍ലൈനായായിരുന്നു പുതുക്കല്‍ പ്രക്രിയ ആരംഭിച്ചത്. പിന്നീട് തെറ്റുതിരുത്തലും അക്ഷയ വഴി നടന്നെങ്കിലും ആ തെറ്റുകള്‍ ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുകയാണ്.
കാര്‍ഡുടമകള്‍ തങ്ങളുടെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തി നല്‍കിയെങ്കിലും പിന്നെയും അവ അങ്ങനെ തന്നെ തുടരുകയാണ്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്രയും പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് റേഷന്‍കട നടത്തുന്നവരും കാര്‍ഡ് ഉടമകളും പറയുന്നു.
റേഷന്‍ കാര്‍ഡ് പുതുക്കല്‍ സ്വകാര്യ കമ്പനിക്ക് ആദ്യം കരാര്‍ നല്‍കിയിരുന്നു. അതാണ് ഇത്രയും തെറ്റുകള്‍ കടന്നുകൂടാനുണ്ടായ പ്രധാന കാരണം. പിന്നീട് ആ കരാര്‍ പിന്‍വലിച്ച് റേഷന്‍ കടക്കാരെ തന്നെ പണി ഏല്‍പ്പിച്ചു.
എന്നാല്‍ തുച്ഛമായ പണത്തിന് ഇത്രയും വലിയ ജോലി ചെയ്യാനാവില്ലെന്ന റേഷന്‍ കടയുടമകള്‍ നിലപാടെടുത്തതോടെ വീണ്ടും അക്ഷയാ സെന്ററുകളിലേക്ക് എത്തി.
രണ്ട് വര്‍ഷമായിട്ടും പരിഹരിക്കാനാവാത്ത പ്രശ്നം അട്ടിമറിയുടെ ഭാഗമാണോയെന്ന് വരെ സംശയമുണ്ട്. കാര്‍ഡ് കുടുംബനാഥയുടെ പേരിലായതിനാല്‍ സ്ത്രീകളാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഒരു കാര്‍ഡിലെ തെറ്റ് തിരുത്താന്‍ പത്ത് പ്രാവശ്യം ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ. നിലവില്‍ ലഭിച്ച അപേക്ഷകളില്‍ 90 ശതമാനവും തിരുത്താനുള്ളവയാണ്. കാര്‍ഡുടമകള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും അച്ചടിച്ച് വന്നതാകട്ടെ പൊട്ടതെറ്റും. ഡാറ്റാ എന്‍ട്രി നടത്തിയവരുടെ ശ്രദ്ധകുറവാണ് പ്രശ്നത്തിന് കാരണമെന്ന് ആരോപണമുണ്ട്. റേഷന്‍ കാര്‍ഡ് അനുവദിക്കലും പുതുക്കലും സുതാര്യമായി നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ഇടത് വലത് സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറിയാണോ സംഭവത്തിന് പിന്നിലെന്നാണ് ജനങ്ങളുടെ ബലമായ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: