പെരിന്തല്‍മണ്ണ: അവകാശത്തര്ക്കത്തിന്റെയും അധികാര വടംവലിയുടെയും കാര്യത്തില്‍ തങ്ങള്‍ കോണ്‍ഗ്രസുകാരേക്കാള്‍ ഒട്ടും മോശമല്ലെന്ന് സിപിഎമ്മും തെളിയിച്ചു. സിപിഎം ഭരണം നിലനിറത്തിയ പെരിന്തല്‍മണ നഗരസഭയിലാണ് ഈ നാണംകെട്ട വടംവലി. പരസ്യമായ വിഴുപ്പലക്കല്‍ ഇല്ലാത്തതിനാല്‍ പുറത്താരും അറിയുന്നില്ലെന്ന് മാത്രം.
കഴിഞ്ഞ അഞ്ച് വര്‍ഷം പെരിന്തല്‍മണ്ണ നഗരസഭയുടെ ചെയര്‍പേഴ്സണ്‍ ആയി നിഷി അനില്‍രാജും വൈസ്ചെയര്‍മാനായി എം.മുഹമ്മദ്സലീമും ഭരിച്ചു. അദ്ധ്യക്ഷ സ്ഥാനം വനിതാസംവരണം ആയതിനാലാണ് നിഷി അനില്‍രാജ് ഈ സ്ഥാനത്ത് എത്തിയത്. പക്ഷേ ഡ്രൈവര്‍ സീറ്റില്‍ വൈസ് ചെയര്മാന് ആയിരുന്നു എന്നത് പരസ്യമായ രഹസ്യം. വീണ്ടും ഒരു തെരഞ്ഞെടുപ്പ് കഴിച്ചപ്പോള്‍ അധികാരം പൂര്‍ണ്ണമായും എം.മുഹമ്മദ് സലീമിലേക്കെത്തി. നഗരസഭയുടെ ചെയര്മാന് സ്ഥാനത്തേക്ക് മറ്റൊരു പേര് പോലും ഉയര്‍ത്തി കാട്ടാന്‍ സിപിഎമ്മിനില്ല. ഇനി അഥവാ ജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെയൊരു മോഹം ഉണ്ടെങ്കില്‍ ആ വെള്ളം വാങ്ങിവെച്ചേ മതിയാകൂ. കാരണം, അത് നടപ്പില്ല അത്രതന്നെ. ഇതൊക്കെ നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതാണ്. ഇനി വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തിന്റെ കാര്യം എടുത്താലോ, അത് നിഷി അനില്‍രാജ് തന്നെയാകണം. അങ്ങനെയാണ് ജയിച്ച സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. അല്ലെങ്കില്‍ പറയിക്കുന്നത്. അപ്പോള്‍ മറ്റാരും ഈ പാര്ട്ടിയിലില്ലേയെന്ന സംശയം പൊതുജനങ്ങളില്‍ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഈ സംശയം സിപിഎം അണികള്‍ക്ക് പോലുമുണ്ട് എന്നതാണ് വാസ്തവം. കാരണം, പാര്‍ട്ടിയില്‍ അത്രയൊന്നും പ്രവര്‍ത്തന പരിചയം ഇല്ലാത്ത നിഷി അനില്‍രാജ് കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്ത് എത്തിയത് ഭാഗ്യത്തിന്റെ കൂടി പിന്‍ബലത്തിലാണ്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. പാര്‍ട്ടിയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഹഫ്സ മുഹമ്മദ് എന്ന കൗണ്‍സിലറെ തഴഞ്ഞിട്ടാണ് നിഷി അനില്‍രാജിന് ഒരവസരം കൂടി നല്കാന് സിപിഎം തയ്യാറാകുന്നത്. അതിന്റെ കാരണം ചില നേതാക്കന്മാര്വ്യക്തമാക്കി.
ഹഫ്സ മുഹമ്മദ് വൈസ് ചെയര്‍പേഴ്സണായാല്‍ രണ്ടുസ്ഥാനങ്ങളും മുസ്ലിം സമുദായത്തില്‍ നിന്നാകും. തങ്ങളുടെ ”മതേതരസ്വഭാവത്തിന്” ഈ നടപടി ഭീഷണിയാകും. അത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിക്കും. നിഷി അനില്‍രാജ് തല്‍സ്ഥാനത്ത് എത്തിയാല്‍ ഈ പ്രശ്നം ഉണ്ടാകില്ല. എന്നാല്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ നേതാവിന്റെ പാര്‍ട്ടിയിലാണ് മതാടിസ്ഥാനത്തിലുള്ള ഈ വീതംവെപ്പ് എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെച്ചു പോകും. ഇനി കാര്യം എന്തായാലും ശരി, ഒരു മാറ്റം അനിവാര്യം ആണെന്ന് പൊതുജനങ്ങള്‍ പറയുന്നു. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് ചെയര്മാന് ചെയര്മാന് ആകുമ്പോള്‍ ചെയര്‍പേഴ്സണ്‍ വൈസ്ചെയര്‍പേഴ്സണ്‍ ആകുന്നു. പൊതുജനങ്ങളുടെ ചോദ്യവും ന്യായമാണ്, 21 പേരെ ജയിപ്പിച്ചെന്ന് പറഞ്ഞിട്ട് വേറാരും ഇല്ലേ നിങ്ങളുടെ പാര്‍ട്ടിയിലെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: