നെയ്യാറ്റിന്‍കര: യുവാവിനെ ഗള്‍ഫിലേക്ക് യാത്ര അയയ്ക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ട്രാന്‍സ്ഫോര്‍മറിലിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. പളളിച്ചലിനു സമീപം പ്രാവച്ചമ്പലത്ത് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കുഴിത്തുറ സ്വദേശിനിയായ ഇന്ദിരാ ഫ്രാന്‍സിസ് (62) ആണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരുമായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കുപോയ ആംബുലന്‍സ് ആശുപത്രി വളപ്പിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രണ്ടാമത്തെ അപകടം പുലര്‍ച്ചെ 2.30ന് ആയിരുന്നു. വാഹനത്തിനുളളില്‍ കുടിങ്ങിയവരെയും ആംബുലന്‍സിനടിയില്‍ അകപ്പെട്ട ഡ്രൈവറെയും നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് 15 മിനിട്ട് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്.
മരിച്ച ഇന്ദിരയോടൊപ്പം കാറിലുണ്ടായിരുന്ന ബന്ധു അല്ദോബഹിന് (38), സുഹൃത്ത് സുബഹാര് (23), പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ കാട്ടാക്കട കിളളി ആശാന്‍വിള വീട്ടില്‍ പ്രവീണ്‍ എന്നിവരെ നെയ്യാറ്റിന്‍കരയിലുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വാഗണര്‍ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് പ്രാവച്ചമ്പലത്ത് റോഡരികിലുളള ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചത്. ട്രാന്‍സ്ഫോര്‍മറിന് തീപിടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തില്‍പ്പെട്ടവര്‍ അല്ദോയെ യാത്രയാക്കാന്‍ എത്തിയവരാണ്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നേമം പോലീസാണ് 108 ആംബുലന്‍സ് വരുത്തി അപകടത്തില്‍പ്പെട്ടവരെ നെയ്യാറ്റിന്‍കരയിലുളള ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇന്ദിരയ്ക്ക് മരണം സംഭവിച്ചിരുന്നു. സിറ്റി ട്രാഫിക് പോലീസ് കേസെടുത്തു. ഇന്ദിരയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: