തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂജപ്പുര വാര്‍ഡില്‍ നിന്ന് ബിജെപി കൗണ്‍സിലറായി വിജയിച്ച ഡോ. വിജയലക്ഷ്മി ഇന്ന്് കേരള ചരിത്രത്തിന്റെ ഭാഗമാണ്. തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരള ചരിത്രത്തില്‍ തന്നെ ആദ്യമായണ് ഒരു ബിജെപി അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
കോര്‍പ്പറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുതിര്‍ന്ന അംഗമെന്ന നിലയില്‍ പൂജപ്പുര വാര്‍ഡില്‍ നിന്നു വിജയിച്ച ബിജെപിയിലെ ഡോ. വിജയലക്ഷ്മിയായിരുന്നു ആദ്യം സത്യപ്രതിജ്ഞയെടുത്തത്. വാരണാധികാരി ജില്ലാ കളക്ടര്‍ ബിജുപ്രഭാകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് 99 കൗണ്‍സിലര്‍മാര്‍ക്കും ഡോ. വിജയലക്ഷ്മി സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. പ്രതിജ്ഞയ്ക്കു ശേഷം ഭാരതമാതാവിന് അഭിവാദ്യം അര്‍പ്പിച്ചശേഷമാണ് അംഗം രജിസ്റ്ററില്‍ ഒപ്പുവച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ആദ്യ കൗണ്‍സില്‍ യോഗം ഡോ. വിജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ 43-ാമത് ഭരണസമിതിയുടെ ആദ്യ യോഗത്തില്‍ അദ്ധ്യക്ഷപദവി അലങ്കരിക്കാന്‍ ബിജെപിയിലൂടെ ഡോ. വിജയലക്ഷ്മിക്കു കഴിഞ്ഞതും ചരിത്രത്തില്‍ ഭാഗമായി.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ മുന്‍ ശാസ്്ത്രജ്ഞ ഡോ. വിജലക്ഷ്മി തെരഞ്ഞെടുപ്പിനു മുമ്പും ഫലത്തിനുശേഷവും ഒട്ടും കരുതിയിരുന്നില്ല താന്‍ കേരള ചരിത്രത്തിന്റെ ഭാഗമാകുമെന്ന്. പൂജപ്പുര സരസ്വതി മണ്ഡപത്തിലെ വിദ്യാരംഭത്തിന് നൂറകണക്കിന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചിരുന്ന വിജയലക്ഷ്മിക്ക് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് ഹരിഃശ്രീകുറിക്കാനുള്ള നിയോഗവും നിമിത്തമായി.
64 വയസ്സുള്ള ഡോ. വിജയലക്ഷ്മി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചില്‍ സീനിയര്‍ സയന്റിസ്റ്റായി വിരമിച്ചതിനുശേഷം നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ എന്‍ജിനിയറിംങ് കോളേജില്‍ രസതന്ത്രം അധ്യാപികയായി ജോലി നോക്കിവരികയായിരുന്നു. ഡോ. വിജലക്ഷ്മി 99 പേര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തപ്പോഴും ഊര്‍ജ്ജസ്വലയായി നിന്നത് അധ്യാപനവൃത്തിയിലെ പ്രവൃത്തിപരിചയം തന്നെ. എന്‍വയോണ്‍മെന്റല്‍ രസതന്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്ത ഡോ. വിജയലക്ഷ്മി പരിസ്ഥിതി പ്രശ്നങ്ങള്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സിഎസ്ഐആറിന്റെ ചെയര്മാന് പ്രധാനമന്ത്രിയാണ്.
അതിനാല്‍ താന്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരുത്തിയ ഭരണ പരിഷ്കാരങ്ങളാണ് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ പ്രചോദനമായത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള മാലിന്യസംസ്കരണ രീതിയായിരിക്കും തന്റെ വാര്‍ഡില്‍ അവലംബിക്കുകയെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് രാമചന്ദ്രന് എന്‍എസ്എസ് കോളേജില്‍ പ്രൊഫസറായിക്കെ സര്‍വീസില്‍ നിന്ന് വിരമിച്ചു. മക്കള്‍: പ്രഫുല്ല ചന്ദ്രന്, നവീന്‍ ചന്ദ്രന്. പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ കുരുന്നകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുവന്നിരുന്ന തനിക്ക് നഗരസഭയുടെ 99 കൗണ്‍സിലര്‍മാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കാനായത് സരസ്വതീ ദേവിയുടെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണെന്നു വിശ്വസിക്കുന്നു ഡോ. വിജയലക്ഷ്മി. ഇനി ജനസേവനത്തിനായി കര്‍മ്മരംഗത്തേക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: