തിരുവനന്തപുരം: പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇതു സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ആനയറയിലെ ആര്‍ടെക് ദീപം ഫഌറ്റിലെ 2-ഇ യില്‍ താമസിച്ചിരുന്ന പുരജിത്തിന്റെ (33) മരണത്തെക്കു
റിച്ചാണ് ബന്ധുക്കള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ടി.പി. സെന്‍കുമാറിനെ സമീപിക്കാനൊരുങ്ങുന്നത്. 14ന് നാലു മണിയോടെയാണ് പൂവാറിലെ ഐസ് ലോ ഡി കോ കോ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ നീന്താനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്.
പോസ്റ്റുമോര്‍ട്ടത്തില്‍ വെള്ളം ശ്വാസകോശത്തില്‍ നിറഞ്ഞ് ശ്വാസം മുട്ടിയാണ് പുരജിത്തിന്റെ മരണമെന്ന് വ്യക്തമാക്കുന്നു. നന്നായി നീന്താനറിയാവുന്ന പുരജിത്ത് എങ്ങനെ മുങ്ങിമരിച്ചെന്നാണ് ബന്ധുക്കളുടെ സംശയം. മദ്യപാനശീലമില്ലാത്ത ആളാണ് പുരജിത്ത്. പോസ്റ്റുമോര്‍ട്ടത്തിലും മദ്യത്തിന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. മാത്രമല്ല നീന്താനിറങ്ങിയ സ്വിമ്മിംഗ് പൂളില്‍ പരമാവധി ആഴം ഏഴര അടിയാണ്. അഞ്ചര അടിയിലധികം പൊക്കമുള്ള പുരജിത്ത് ഇവിടെ മുങ്ങിമരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും അവര്‍ പറയുന്നു. മാത്രമല്ല ഈ റിസോര്‍ട്ടില്‍ ലൈഫ് ഗാര്‍ഡുകളോ അപകടം സംഭവിച്ചാല്‍ പ്രാഥമിക ശുശ്രൂഷ നല്കാന് ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. മുമ്പും ഇവിടെ രണ്ട് ദുരൂഹ മരണങ്ങള് നടന്നതായാണ് വിവരം.
സ്റ്റാര്‍ യൂണിയന് ഡോയി ഇക്കി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ട്രെയിനിംഗ് വിഭാഗം മാനേജരായി ജോലി ചെയ്യുകയായിരുന്നു പുരജിത്ത്. ഈ സ്ഥാപനത്തിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് പുരജിത്ത് അന്ന് റിസോര്‍ട്ടിലെത്തിയത്. 18 പേരടങ്ങിയ സംഘം പരിശീലനം കഴിഞ്ഞ് മടങ്ങാനിരിക്കവെയാണ് സംഭവം. നീന്താനിറങ്ങി വെള്ളത്തില്‍ മുങ്ങിയ പുരജിത്തിനെ രക്ഷിക്കാനായി റിസോര്‍ട്ട് ജീവനക്കാരോട് സഹായം തേടിയെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
എന്നാല്‍ അപകടമുണ്ടായി മിനിട്ടുകള്‍ക്ക് ശേഷമാണ് ലൈഫ് ബോയിയുമായി റിസോര്ട്ടുകാര് എത്തുന്നത്. കരയ്ക്കെത്തിച്ച പുരജിത്തിന് പ്രാഥമികശുശ്രൂഷ നല്കാന് ഡോക്ടര്‍മാര്‍ പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആയുര്‍വേദ ഡോക്ടറാകട്ടെ തനിക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തുകയും ചെയ്തു.
അവസാനം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ റിസോര്‍ട്ടുകാരുടെ അനാസ്ഥയാണെന്നും അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് പരാതിയുമായി ഡിജിപിയെ സമീപിക്കുന്നതെന്നും പുരജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: