പരപ്പനങ്ങാടി: തെരഞ്ഞെടുപ്പും കഴിഞ്ഞു കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയും കഴിഞ്ഞു എന്നിട്ടും ഒരു നഗരമാതാവിനെ കണ്ടെത്താന്‍ ഇതുവരെ മുന്നണികള്‍ക്കായിട്ടില്ല. തിരൂരങ്ങാടി നഗരസഭയില്‍ ചെയര്‍പേഴ്‌സണായി മുസ്ലീം ലീഗിലെ കെ.ടി.റഹീദയെ തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ പ്രഥമ നഗരസഭയായ പരപ്പനങ്ങാടിയില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ലീഗ് കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പുവിനെയും മുന്‍ പ്രസിഡന്റ് വി.ജമീല ടീച്ചറെയേയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബുഷ്‌റ ടീച്ചറിനെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ അധികാരം കൈക്കലാക്കുവാന്‍ പതിനെട്ടടവും പയറ്റുന്ന വികസനമുന്നണി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കുന്നത് ഭവ്യാരാജിനെയാണ്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ലീഗിലെ പ്രബലരെ തറപറ്റിച്ച് വിജയിച്ച ഹനീഫ കൊടപ്പാളിയേയും പരിഗണിക്കുന്നുണ്ട്. ലീഗിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി മന്ത്രി അബ്ദുറബ്ബിന്റെ അനുജന്‍ പി.കെ.മുഹമ്മദ് ജമാലാകും. അധികാരത്തിലെത്തുന്നത് യുഡിഎഫാണെങ്കില്‍ താക്കോല്‍ സ്ഥാനങ്ങളെല്ലാം ലീഗായിരിക്കും നിയന്ത്രിക്കുക. പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം വികസന മുന്നണിയുടെ കൂടെ കൂടിയതിനാല്‍ അവരെയൊക്കെ അച്ചടക്ക നടപടിയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. യുഡിഎഫില്‍ അവശേഷിക്കുന്ന കോണ്‍ഗ്രസുകാരാകട്ടെ ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലും. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമെന്ന് വിശ്വസിച്ചിരുന്ന നെടുവ പ്രദേശത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജനം നെലംതൊടിയിച്ചില്ല. കഴിഞ്ഞ 40 വര്‍ഷം പഞ്ചായത്ത് ഭരിച്ചിട്ടും നെടുവ ദേശത്തോട് കാണിച്ച അവഗണനക്കെതിരെ ജനങ്ങള്‍ ബാലറ്റിലൂടെ പ്രതികരിച്ചെന്നുവേണം കരുതാന്‍. പരപ്പനങ്ങാടി നഗരസഭയിലെ നിര്‍ണ്ണായക ശക്തിയാകാന്‍ സഹായിച്ച നെടുവ ദേശത്തിന്റെ സമഗ്രവികസനമാണ് ബിജെപിയുടെ ലക്ഷ്യം. അദ്ധ്യക്ഷ സ്ഥാനങ്ങളെ കുറിച്ച് കൃത്യമായ ഉത്തരം നല്‍കാനാവാതെ വിയര്‍ക്കുന്ന മുന്നണികള്‍ ബിജെപിയുടെ നിലപാടുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: