നിലമ്പൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പലിശ രഹിത ഇസ്ലാമിക് ബാങ്ക് നടത്തി കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ യുവാവിനെ ലീഗ് സംരക്ഷിക്കുന്നതായി നാട്ടുകാരുടെ പരാതി.
നിക്ഷേപകരില്‍ നിന്നും 50 കോടി രൂപയോളം തട്ടിയെടുത്ത കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജലാലുദ്ദീനെയാണ് ലീഗ് നേതൃത്വം സംരക്ഷിക്കുന്നത്. ലൈഫ് ലൈന്‍ ബാങ്ക് ഓഫ് മലബാര്‍ എന്ന പേരില്‍ സ്വര്‍ണ്ണ പണയത്തിന്മേല് പണം കൊടുത്തും ഭൂമിയുടെ ആധാരം വാങ്ങി ദീര്‍ഘകാല പലിശരഹിത കൊടുത്തുമാണ് തട്ടിപ്പ് അരങ്ങേറിയിരുന്നത്. സ്വര്ണ്ണാഭാരണത്തിന്റെ വിപണിയുടെ വിലയുടെ പകുതിയാണ് പലിശ രഹിത വായ്പയായി നല്‍കിയിരുന്നത്.
സ്ത്രീകളാണ് കൂടുതലായും ഇയാളുടെ ഇരകളായത്. പണയമായി ലഭിച്ച സ്വര്‍ണ്ണം ഭൂരിഭാഗവും ഇയാള്‍ വില്‍പ്പന നടത്തി. പലരും സ്വര്‍ണ്ണം തിരികെ എടുക്കാനെത്തിയപ്പോള്‍ സ്വര്‍ണ്ണവുമില്ല പണവുമില്ലയെന്ന അവസ്ഥയായിരുന്നു.
പാസ്പോര്‍ട്ട് നല്കിയാല് 5000 രൂപവരെ വായ്പ ലഭിച്ചിരുന്നു. ഇത്തരത്തില്‍ പണയം വെച്ച പലരുടെയും പാസ്പോര്‍ട്ടും നഷ്ടപ്പെട്ടു. പണയം വെച്ച ആധാരം തിരികെ ലഭിക്കാതെ കൊണ്ടോട്ടി സ്വദേശി മുസ്തഫ ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പുകള്‍ പുറംലോകം അറിയുന്നത്. മുസ്തഫയുടെ മരണത്തോടെ മുങ്ങിയ ഇയാളെ കുറിച്ച് കുറെ കാലങ്ങളായി ഒരു വിവരവും ഇല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സമാന രീതിയിലുള്ള തട്ടിപ്പ് നടത്തുന്നതിനിടെ ഇയാള്‍ പിടിയിലായത്. പക്ഷേ പോലീസ് സ്റ്റേഷനില്‍ വെച്ച് ഇയാള്‍ ചാടിപ്പോകുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ കുറിച്ച് ഒരു വര്‍ഷമായിട്ടും വിവരങ്ങളൊന്നുമില്ല.
ബാങ്കിന് വേണ്ടി ഇയാള്‍ ധാരാളം പരസ്യങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പരസ്യതുകക്കായി ഇയാള്‍ നല്കിയ ചെക്കുകള്‍ മുഴുവന്‍ ഉപഭോക്താക്കളുടെ ചെക്കുകളായിരുന്നു. ഇദ്ദേഹത്തിന്റെ സഹായികളില്‍ മിക്കവരും ലിഗുകാരായിരുന്നു. ലീഗിലെ മുതിര്‍ന്ന നേതൃത്വവുമായി നല്ല ബന്ധമാണ് ജലാലുദ്ദീന്‍ ഉണ്ടായിരുന്നത്. കേരളത്തിന് പുറത്താണ് ഇയാള്‍ ഇപ്പോളുള്ളതെന്നാണ് വിവരം. അവിടെ എല്ലാവിധ സഹായങ്ങളും നല്‍കുന്നത് ലീഗുകാരണെന്ന് നാട്ടുകാര്‍ പറയുന്നു.
കോഴിക്കോട് ഫറോക്കിലും സമാനമായ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: