Categories: Alappuzha

തെരഞ്ഞെടുപ്പ് പരാജയം: കുട്ടനാട്ടിലെ കോണ്‍ഗ്രസില്‍ വിഭാഗീയത ശക്തം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കുട്ടനാട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കുട്ടനാട്ടിലെ കോണ്‍ഗ്രസില്‍ തമ്മിലടി മുറുകി. പാര്‍ട്ടി നോര്‍ത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വെളിയനാട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ. ഗോപകുമാറിന്റെ പരാജയത്തെതുടര്‍ന്നാണു വിഭാഗീയത രൂക്ഷമായത്.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വിമതനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന പ്രാദേശിക നേതാവിനെതിരെ യുഡിഎഫ് കണ്‍വീനര്‍ സി.വി. രാജീവ് പരസ്യമായി തന്നെ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.

വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ടും മാദ്ധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചും വിവാദനായകനായ നേതാവാണ് പ്രതിക്കൂട്ടില്‍. ജയിക്കാനാവശ്യമായ വ്യക്തിഗത വോട്ടുകള്‍ നേടിയിട്ടും ഉണ്ടായ പരാജയം ചില കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചേല്‍പ്പിച്ചതാണെന്നാണു സ്ഥാനാര്‍ത്ഥിയെ അനുതൂലിക്കുന്നവരുടെ വാദം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഗോപകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടും അവസാന നിമിഷം വരെ വിമതനേതാവ് താന്‍ മല്‍സരരംഗത്തുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും മണ്ഡലത്തിലുടനീളം ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തശേഷം അവസാനനിമിഷം ഇയാള്‍ പിന്‍മാറിയത് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കിയതെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ വാദം. നേതൃത്വത്തിന്റെ അറിവോടെയല്ലങ്കിലും ഒരു പഞ്ചായത്തിലെ ചില ഘടകകക്ഷിനേതാക്കളും ഈ ചതിക്കു കൂട്ടുനിന്നെന്നാണ് ഇവരുടെ വിശ്വാസം.

പുളിങ്കുന്ന് വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ടും വിമതനേതാവിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. വവള്ളംകളി നടത്താതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ഇദ്ദേഹമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഉത്തരവാദിത്തപ്പെട്ട ചില പാര്‍ട്ടി നേതാക്കളും ഇയാള്‍ക്ക് പിന്തുണ നല്‍കിയതായും ആരോപണമുണ്ട്.ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കു 300 വോട്ടുകള്‍ ഭൂരിപക്ഷം ലഭിച്ച വാര്‍ഡുകളില്‍ ജില്ലാപഞ്ചായത്ത സ്ഥാനാര്‍ത്ഥി നൂറിലധികം വോട്ടുകള്‍ക്കു പിന്നിലായത് എങ്ങിനെയെന്നാണ് ആക്ഷേപമുന്നയിക്കുന്നവര്‍ ചോദിക്കുന്നത്.

ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റാരോപിതര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ക്ക് പരാതി നല്കാനാണു ഇവരുടെ നീക്കം.

Recent Posts