പരപ്പനങ്ങാടി: ജനവിധി തുലാസിലാക്കിയ പരപ്പനങ്ങാടി നഗരസഭ ആരു ഭരിക്കുമെന്ന ആകാംക്ഷയുടെ മുള്‍മുനയിലാണ് പരപ്പനങ്ങാടിക്കാര്‍. ജില്ലയില്‍ ബിജെപി നിര്‍ണായക ശക്തിയായ ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരസഭയാണ് പരപ്പനങ്ങാടി. വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടില്‍ ജനവിധി എതിരായത് ലീഗ് നേതൃത്വം അതീവ ഗൗരവമായാണ് കാണുന്നത്. ഹാര്‍ബര്‍ വിഷയത്തിലും ഐഐഎസ്ടി വിഷയത്തിലും ജനം തിരിഞ്ഞുകുത്തിയതോടെയാണ് ലീഗിന് ഇവിടെ അടിപതറിയത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞടുപ്പ് അടുക്കുന്നതോടെ ഇരു മുന്നണികളിലും അങ്കലാപ്പ് ഏറുന്നുണ്ട്.
സ്വതന്ത്രന്മാരെ കൂടെ കൂട്ടിയാല്‍ 21 എന്ന കേവല മാന്ത്രിക സംഖ്യയിലേക്ക് ലീഗിന് എത്താന്‍ കഴിയും ബിജെപി നിഷ്പക്ഷത പാലിച്ചാല്‍ ഭരണം കയ്യെത്തും ദൂരത്താകും. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മല്‍സരിച്ച ആപ്പിള്‍ മുന്നണിക്കാരും നെല്ലിക്ക വായിലിട്ട അവസ്ഥയിലാണ്. ഇതിലൊക്കെ വല്യേട്ടന്‍ ചമഞ്ഞ സിപിഎമ്മിന് വെറും മൂന്ന് സീറ്റ് മാത്രമേ നേടാനായുള്ളൂ എന്ന ജാള്യതയിലാണ്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ലീഗിലെയും അസംതൃപ്തരെയും ചെറിയ പരല്‍ മീനുകളെയും കൂട്ടി ഉണ്ടാക്കിയ ആപ്പിള്‍മുന്നണി എത്ര കാലത്ഥ നിലനില്‍ക്കുമെന്ന കാര്യവും പ്രവചനാതീതമാണ്. നഗരസഭയിലെ അനിശ്ചിതത്വത്തിന് വിരാമമിടാന്‍ ബിജെപി നിലപാട് ഇന്നലെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ മുന്നണി നേതാക്കള്‍ അസ്വസ്ഥരാണ്.
പ്രാദേശിക രാഷ്‌ട്രിയ വിഷയങ്ങളില്‍ പാര്‍ട്ടിക്കൊപ്പം നിന്നവരുടെ വികാരമുള്‍ക്കൊണ്ടുള്ള പക്വവും നയപരവുമായ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നറിയുന്നു. ഇതിനായി ഉന്നത നേതൃത്വം ഇന്നും നാളെയുമായി പരപ്പനങ്ങാടിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: