അര്‍ബുദ രോഗ ചികിത്സയ്ക്ക് വ്യത്യസ്ത മാര്‍ഗമായ സ്വസ്തി സൗഖ്യ പദ്ധതിയുടെ ഭാഗമായുള്ള സ്നേഹതാളം പദ്ധതിക്ക് കൂടുതല്‍ പ്രചാരമേറുന്നു. പാലിയേറ്റീവ് കെയറിന് പ്രധാന്യം നല്കി കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്വസ്തിക് സൗഖ്യ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ കീഴില്‍ സ്ത്രീകള്‍ക്കായി ബ്രസ്റ്റ് സ്ക്രീനിങ് പദ്ധതി സപ്തംബറില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സ്തനങ്ങളില്‍ മുഴകള്‍ ഉള്ളതായി ബോധ്യപ്പെട്ടാല്‍ മാത്രം തുടര്‍ചികിത്സ ലഭ്യമാക്കിയാല്‍ മതി എന്ന ആശയത്തില്‍നിന്നാണ് ബ്രസ്റ്റ് സ്ക്രീനിങിനായി സ്നേഹതാളം പദ്ധതി ആരംഭിച്ചത്. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന മാമോഗ്രാം പരിശോധനയ്ക്കുമുമ്പ് നടത്തുന്ന ഈ പരിശോധനയിലൂടെ സ്തനങ്ങളില്‍ മുഴകള്‍ ഉണ്ടോ എന്നറിയാനാകുമെന്നതാണ് പ്രത്യേകത. അനാവശ്യമായുള്ള മാമോഗ്രാം പരിശോധന ഇതിലൂടെ ഒഴിവാക്കാനുമാകും. മാത്രമല്ല, മുഴകള്‍ ഉണ്ടോ എന്നു സ്വയം പരിശോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ സ്ക്രീനിങിലൂടെ ലഭിക്കുന്നു.
സ്നേഹതാളം പദ്ധതിവഴി ഇതിനകം 7,500 ല്‍ അധികം പേര്‍ക്ക് പരിശോധന നടത്തിക്കഴിഞ്ഞു. റസിഡന്റ്സ് അസോസിയേഷനുകളും വിവിധ സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നതനുസരിച്ചാണ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത്. വിദഗ്ദ്ധ ലേഡി ഡോക്ടമാരും നഴ്സുമാരും അടങ്ങുന്ന സംഘം ക്യാമ്പുകളിലെത്തി പരിശോധന നടത്തുകയാണ് ചെയ്യുന്നത്. ദിവസേന ഏകദേശം 100 മുതല്‍ 350 പേരെ വരെ പരിശോധിച്ചുവരുന്നു. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ശാന്തിഗിരി സിദ്ധ, ആയുര്‍വേദ മെഡിക്കല്‍ കോളേജ്, കാരക്കോണം മെഡിക്കല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തുക.
ക്യാമ്പുകളിലെ പരിശോധനയില്‍ തുടര്‍ പരിശോധന ആവശ്യമുള്ളവര്‍ക്കായി തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലും നന്ദന്‍കോട്ടും പ്രവര്‍ത്തിക്കുന്ന സ്വസ്തി സൗഖ്യ കേന്ദ്രങ്ങളില്‍ തുടര്‍ പരിശോധന നടത്തും. ദിവസവും വൈകുന്നേരങ്ങളില്‍ ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജിവിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. പോള്‍ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രഗല്ഭ ഡോക്ടര്‍മാരാണ് തുടര്‍ പരിശോധന നടത്തുന്നത്്. ഇതിലൂടെ മാമോഗ്രാം പരിശോധന ആവശ്യമുള്ളവര്‍ക്കുമാത്രം ചെയ്യാന്‍ അവസരമൊരുക്കുന്നു. തിരുവനന്തപുരത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ വിദഗ്ദ്ധരായ അഞ്ചു വനിതാ ഡോക്ടര്‍മാരടങ്ങിയ വിദഗ്്ദ്ധസംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നതെന്ന് കണ്‍വീനറും കോ ഓര്‍ഡിനേറ്ററും ഗോകുലം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസറുമായ ഡോ. രജി പോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: