ഭാരതീയരുടെ സ്വര്‍ണ സമ്പാദ്യം മുഴുവന്‍ വിനിയോഗിച്ചാല്‍ ഇവിടുത്തെ ജനങ്ങളുടെ പട്ടിണിമാറ്റാനുള്ള ധനമാകും. സ്വര്‍ണ സമ്പാദ്യം എന്നത് വ്യക്തി കേന്ദ്രീകൃതമാകുമ്പോള്‍ അത് സാധ്യമാവുകയുമില്ല. പക്ഷേ രാജ്യത്തിന്റെ പുരോഗതിയ്ക്കുവേണ്ടി ഈ സ്വര്‍ണശേഖരത്തെ മറ്റൊരുതരത്തില്‍ ഉപയോഗക്ഷമമാക്കുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍.
സ്വര്‍ണത്തെ നിക്ഷേപമാക്കിക്കൊണ്ടുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പക്കലുള്ള ഉപയോഗ്യ യോഗ്യമല്ലാത്ത സ്വര്‍ണത്തെ ചലനാത്മകമാക്കിക്കൊണ്ട് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആഭരണങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത സ്വര്‍ണം ലഭ്യമാക്കുക. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുക എന്നിവയൊക്കെയാണ് ഈ പദ്ധതിയുടെ നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമായും മൂന്ന് പദ്ധതികള്‍ക്കാണ് കേന്ദ്രം തുടക്കം കുറിച്ചിരിക്കുന്നത്. ആശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയം, ഗോള്‍ഡ് മോണിറ്റേസേഷന്‍ പദ്ധതി(ഇഎംഎസ്), ഗോള്‍ഡ് സോവറിന്‍ ബോണ്ട് എന്നീ നിക്ഷേപ പദ്ധതികളാണവ.
ഗോള്‍ഡ് മോണിറ്റേസേഷന്‍ പദ്ധതി
മൂന്ന് ലക്ഷ്യങ്ങളാണ് ഈ പദ്ധതിയ്ക്കുള്ളത്.
1 സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും കൈവശമുള്ള സ്വര്‍ണം കൂടുതല്‍ ചലനാത്മകമാക്കുക
2 ആഭരണ നിര്‍മാണ മേഖലയ്ക്കാവശ്യമായ അസംസ്കൃത സ്വര്‍ണവും ബാങ്കുകളില്‍ നിന്ന് വായ്പയും ലഭ്യമാക്കുക.
3 ആഭ്യന്തര ആവശ്യങ്ങള്‍ക്കായി സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നതില്‍ കുറവു വരുത്തുക.
സ്വര്‍ണം സുരക്ഷിതമായും സുഗമമായും കൈകാര്യം ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ഏതാനും നഗരങ്ങളില്‍ മാത്രമാണ് ഗോള്‍ഡ് മോണിറ്റേസേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയവും ഈ പദ്ധതിയെ കൂടുതല്‍ മാറ്റുള്ളതാക്കുന്നു. നിലവില്‍ രാജ്യത്ത് 350 ഹോള്‍മാര്‍ക്കിങ് കേന്ദ്രങ്ങളാണുള്ളത്. സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കുന്നത് ഈ സ്ഥാപനങ്ങളാണ്. ഈ ഹോള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ തന്നെയാണ് ഈ പദ്ധതി പ്രകാരവും സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കുന്നതും.
പ്രാഥമിക പരിശോധന
പരിശുദ്ധ സ്വര്‍ണം എത്രയുണ്ടെന്ന് പരിശോധിച്ച് ബോധ്യപ്പെടുന്നതിനായി എക്സ്ആര്‍എഫ് മെഷീന് ടെസ്റ്റ് നടത്തും. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉപഭോക്താവിനും മനസിലാകുന്ന വിധത്തിലാവും പരിശോധന. ഇത്തരം പരിശോധനകള്‍ക്കു ശേഷം ഉപഭോക്താവ് സ്വര്ണത്തിന്മേല് നിക്ഷേപം നടത്താന്‍ വിസമ്മതിക്കുകയാണെങ്കില്‍ ഉരുക്കിയ സ്വര്‍ണത്തിന് പകരമായി ഗോള്‍ഡ് ബാറുകളുടെ രൂപത്തില്‍ സ്വര്‍ണം മടക്കിക്കൊണ്ടുപോകാം. അതല്ല, നിക്ഷേപം നടത്താന്‍ സന്നദ്ധമാണെങ്കില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി, തുക എന്നിവ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കളക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.
ആഭരണത്തിന് പുറമെ, ബാറുകളും നാണയങ്ങളുമായും നിക്ഷേപിക്കാം.
ഹ്രസ്വകാലം(ഒന്ന് മുതല്‍ മൂന്ന് വര്‍ഷം), ഇടക്കാലം (അഞ്ച് മുതല്‍ ഏഴ് വര്‍ഷം), ദീര്‍ഘകാലം( 12 മുതല്‍ 15 വര്‍ഷം) എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകനുണ്ട്. നിക്ഷേപമായി ലഭിക്കുന്ന സ്വര്‍ണം ബാങ്കുകള്‍ക്ക് ജ്വല്ലറികള്‍ക്ക് വില്‍ക്കാം. ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാണിത്.
ഏറ്റവും കുറഞ്ഞത് മുപ്പത് ഗ്രാം മുതല്‍ എത്രവേണമെങ്കിലും നിക്ഷേപിക്കാം. മുതലും പലിശയും സ്വര്‍ണത്തില്‍ കണക്കാക്കും . ഹ്രസ്വകാലം ,മദ്ധ്യകാലം , ദീര്‍ഘകാലം എന്നിങ്ങനെയാണ് നിക്ഷേപത്തിന്റെ കാലയളവുകള്‍. ചെറു നിക്ഷേപകരേയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്‍പ്പടെ ബാങ്കുകള്‍ക്കെതിരെ പരാതി ഉണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് ഓംബുഡ്സ്മാനാണ് പരാതികള്‍ സ്വീകരിയ്്ക്കുന്നത്.
ബാങ്കുകളില്‍ ഗോള്‍ഡ് സേവിങ്സ് അക്കൗണ്ട്
സ്വര്‍ണത്തിന്റെ പരിശുദ്ധി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബാങ്കുകളില്‍ ഹാജരാക്കിയാല്‍ ഉപഭോക്താവിന് ഗോള്‍ഡ് സേവിങ്സ് അക്കൗണ്ട് തുറക്കാം. സ്വര്‍ണത്തിന്റെ മൂല്യം അനുസരിച്ചുള്ള തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയും ചെയ്യും.
ഗോള്‍ഡ് സേവിങ്സ് അക്കൗണ്ട് തുറന്ന് 30/60 ദിവസത്തിനുള്ളില്‍ സ്വര്‍ണ നിക്ഷേപത്തിനുള്ള പലിശ ലഭിച്ചുതുടങ്ങും. മുതലും പലിശയും സ്വര്‍ണത്തിലാണ് കണക്കാക്കുകയെന്ന പ്രത്യേകതയുമുണ്ട്. നിക്ഷേപത്തിന്റെ ശരാശരി കാലാവധി ഒരു വര്‍ഷമാണ്. സ്വത്ത് നികുതി, ആദായ നികുതി തുടങ്ങിയ നികുതികളില്‍ നിന്നും ഉപഭോക്താക്കളെ ഒഴിവാക്കിയിട്ടുമുണ്ട്. 2.5 ശതമാനം പലിശയാണ് നിക്ഷേപകന് ലഭിക്കുക. കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് പിന്‍വലിച്ചാല്‍ പ്രീ മെച്വര്‍ വിത്ത്ഡ്രാവലുകള്ക്ക് മിനിമം ലോക്ക് പീരിഡും പിഴയും ഇടാക്കും. ഹ്രസ്വകാല നിക്ഷേപങ്ങള്‍ തിരിച്ചെടുക്കുന്ന സമയത്ത് സ്വര്‍ണമായോ, അതല്ല സ്വര്‍ണത്തിന് ആ സമയത്തുള്ള വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പണമായോ മാറ്റാം.
ഗോള്‍ഡ് ബോണ്ട് പദ്ധതി
സ്വര്‍ണത്തിന്റെ വിലയുമായിട്ടാണ് ഈ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്. നല്കുന്ന പണത്തിനനുസരിച്ചാണ് ഗോള്‍ഡ് ബോണ്ട് ഇഷ്യു ചെയ്യുക. കേന്ദ്രസര്‍ക്കാരിന് വേണ്ടി ആര്‍ബിഐയാണ് ഈ ബോണ്ട് ഇഷ്യൂ ചെയ്യുക.
ബോണ്ടുകള്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ മൂല്യത്തിലാണ് പുറത്തിറക്കുക. രണ്ട് ഗ്രാം ആണ് മിനിമം നിക്ഷേപം. അതേസമയം ഒരു വര്‍ഷം 500 ഗ്രാമില്‍ കൂടുതല്‍ നിക്ഷേപം നടത്താനും പാടില്ല. രണ്ട് ഗ്രാം, അഞ്ച് ഗ്രാം, 10 ഗ്രാം സ്വര്ണത്തിന്മേലായിരിക്കും ബോണ്ട് ഇഷ്യു ചെയ്യുക. ബോണ്ടിന്റെ കാലാവധി ചുരുങ്ങിയത് അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയാണ്. ഈ ബോണ്ട് വായ്പയ്ക്ക് ഈടായും നല്‍കാം. ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശ ലഭിക്കും. കമോഡിറ്റി എക്സ്ചേഞ്ച് വഴി വേഗത്തില്‍ വിറ്റൊഴിയാനും സാധിക്കും. 2.75 ശതമാനമാണ് വാര്‍ഷിക പലിശ.
സ്വര്‍ണ നാണയ പദ്ധതി
ഭാരത സര്‍ക്കാര്‍ ആദ്യമായി പുറത്തിറക്കുന്ന സ്വര്‍ണനാണയം അഞ്ച് ഗ്രാം , പത്ത് ഗ്രാം , ഇരുപത് ഗ്രാം എന്നീ തൂക്കത്തില്‍ വാങ്ങാന്‍ കഴിയും . ബി ഐ എസ് ഹോള്‍മാര്‍ക്ക് ചെയ്ത 24 കാരറ്റ് സ്വര്‍ണനാണയമാണ് പുറത്തിറക്കുക. എളുപ്പത്തില്‍ പണമാക്കാന്‍ കഴിയുന്ന നാണയത്തിന്റെ ഒരു പുറത്ത് അശോക ചക്രവും മറുപുറത്ത് ഗാന്ധിജിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട് അശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയം ആദ്യമായാണ് ഭാരതം പുറത്തിറക്കുന്നത്. ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്ത 25 കാരറ്റ് പരിശുദ്ധ സ്വര്‍ണം ഈ സ്കീം പ്രകാരം വാങ്ങാം. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് കോര്‍പ്പറേഷന്റെ സെന്ററുകളില്‍ സ്വര്‍ണം ലഭിയ്ക്കും. അഞ്ച് ഗ്രാമിന്റെ 20,000 സ്വര്‍ണ നാണയങ്ങളും 10 ഗ്രാമിന്റെ 30,000 സ്വര്‍ണ നാണയങ്ങളും ഇതിനോടകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഈ നാണയങ്ങള്‍ ബാങ്ക് ശാഖകള്‍ മുഖേനയും പോസ്റ്റ് ഓഫീസുകള്‍ മുഖേനയും വാങ്ങാന്‍ സാധിക്കും. കൃത്രിമം ഒഴിവാക്കാന്‍ ടാംപര്‍ പ്രൂഫ് പാക്കേജിങും എളുപ്പത്തില്‍ പണമാക്കി മാറ്റാം എന്നതുമാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
രാജ്യത്ത് 20000 ത്തോളം ടണ്‍ സ്വര്‍ണമാണ് ആര്‍ക്കും പ്രയോജനമില്ലാതെ നിഷ്ക്രിയമായിരിക്കുന്നത്. ഏകദേശം 5,40,000 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. ശരിയായ നയ ആസൂത്രണം മുഖേന ഈ സ്വര്‍ണം ഉപയോഗിച്ച് രാജ്യത്തെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാമെന്ന വിശ്വാസം കേന്ദ്രസര്‍ക്കാരിനുണ്ട്. വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് എന്നതൊരു പരസ്യവാചകമാണ്. വീട്ടില്‍ സ്വര്‍ണം വെറുതെ വച്ചിട്ട് കാര്യമൊന്നുമില്ല, വ്യക്തിക്കും രാജ്യത്തിനും. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ അതുകൊണ്ട് ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടുതാനും. ഇറക്കുമതി മൂലമുള്ള വിദേശനാണ്യം നഷ്ടപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: