ജീവിച്ചിരിയ്ക്കുന്ന കഥാപാത്രവുമായി പൃഥ്വിരാജ് എത്തുന്നു. സ്വയം വിമാനമുണ്ടാക്കി പറപ്പിച്ച ഭിന്നശേഷിയുള്ള സജി തോമസിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ പേര് വിമാനം. പ്രദീപ് എം. നായരാണ് സംവിധായകന്.
ജീവിച്ചിരുന്നവരെ സിനിമയിലുടെ ഇതിനുമുമ്പും പൃഥ്വിരാജ് അനശ്വരമാക്കിയിരുന്നു. ജെസി ഡാനിയലിനേയും മുക്കത്തെ മൊയ്തീനേയും അവിസ്മരണീയമാക്കിയ പൃഥ്വി, പ്രദീപ് എം.നായരുടെ വിമാനത്തിലുടെയാണ് അഭിനയ സാധ്യത ഏറെയുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പറക്കാന്‍ കൊതിച്ച് സ്വയം വിമാനമുണ്ടാക്കിപ്പറന്ന ഇടുക്കി തൊടുപുഴ സ്വദേശിയായ സജി തനിക്കൊരു വെല്ലുവിളിയാണെന്നാണ് പൃഥ്വിയും പറയുന്നത്. ഊമയും ബധിരനുമായ യുവാവായാണ് പൃഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജിന്റെ 2016ലെ ആദ്യ സിനിമ ആയിരിയ്ക്കും ഈ ബിഗ്ബജറ്റ് ചിത്രം.
ജന്മനാ ബധിരനും മൂകനുമായ ഇടുക്കി തൊടുപുഴ സ്വദേശി സജിയ്ക്ക് ദാരിദ്ര്യം കാരണം ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ജന്മനായുള്ള പരിമിതികള്‍ക്കും പ്രതികൂലമായ ജീവിതസാഹചര്യങ്ങള്‍ക്കും മുന്നില്‍ തളരാന്‍ സജി തയ്യാറായിരുന്നില്ല. റബ്ബര്‍തോട്ടങ്ങളില്‍ കീടനാശിനിയടിക്കാന് വന്ന ഹെലികോപ്റ്ററുകള്‍ കണ്ട പതിനഞ്ചു വയസ്സുകാരന്റെ സ്വപ്നങ്ങളില്‍ വിമാനങ്ങള്‍ നിറഞ്ഞു. പിന്നീട് സ്വന്തമായി വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള നിരന്തര പരിശ്രമങ്ങളായിരുന്നു സജിയുടെ ജീവിതത്തില്‍.
വിമാനനിര്‍മ്മാണം സംബന്ധിച്ച പുസ്തകങ്ങള്‍ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങള്‍ തേടിയും സജി ഒടുവില്‍ ആ സ്വപ്നം സാക്ഷാത്കരിച്ചു. പതിനഞ്ചു വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സജി സ്വന്തമായി വിമാനം നിര്‍മ്മിച്ചു പറപ്പിച്ചു. വിമാനം രൂപകല്പന ചെയ്ത ഭിന്നശേഷിയുടെ ആദ്യ വ്യക്തി എന്ന നേട്ടവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും സജിയുടെ പേര് ഇടംപിടിച്ചു. 12 കോടിയില്‍പരം ചെലവിട്ട് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി ആദ്യം ആരംഭിക്കും.
ചിത്രത്തില്‍ ഉപയോഗിയ്ക്കുന്ന സ്കൈ റൈഡര്‍ എന്ന മോഡല്‍ വിമാനം നിര്‍മ്മിയ്ക്കുന്നതും സജി തന്നെയാണ്. മൂന്നു ചെറുവിമാനങ്ങള്‍ സിനിമയ്ക്കായി സജിതന്നെ നിര്‍മിക്കും. ആഗസ്റ്റ് സിനെമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്, സന്തോഷ് ശിവന് എന്നിവര്‍ ചേര്‍ന്നാണ് വിമാനം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: