പെരിന്തല്‍മണ്ണ: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ മന്ത്രി മഞ്ഞളാംകുഴി അലിക്കും മുന്‍ മന്ത്രി നാലകത്ത് സൂപ്പിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ലീഗ് നേതാക്കളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക്, പച്ചീരി ജലാല്‍, ഇസ്മായീല്‍ മാസ്റ്റര്‍, കളത്തില്‍ കുഞ്ഞപ്പ ഹാജി, സക്കീര്‍ പൂന്തോടന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ലീഗിലെ കലഹം പുതിയ വഴിത്തിരിവിലേക്കെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷം പെരിന്തല്‍മണ നഗരസഭയില്‍ ലീഗിന്റെ നാവായിരുന്ന പച്ചീരി ഫാറൂക്കിനെ സസ്പെന്‍ഡ് ചെയ്തതിലൂടെ ലീഗ് നേതൃത്വം അണികള്‍ക്ക് നല്കുന്ന സന്ദേശം വ്യക്തമാണ്. എത്ര വലിയ നേതാവായാലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന ശക്തമായ സൂചനയാണ് ലീഗ് നേതൃത്വം നല്‍കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ലീഗില്‍ ശുദ്ധികലശം നടത്താനുള്ള നേതൃത്വത്തിന്റെ നീക്കമായും ഈ നടപടിയെ രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു.
അതേസമയം പച്ചീരി ഫാറൂക്ക് അടക്കമുള്ളവരെ സസ്പെന്റ് ചെയ്ത ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ അണികള്‍ക്കിടയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ലീഗിനു വേണ്ടി ഇത്രനാള്‍ വിയര്‍പ്പൊഴുക്കിയ നേതാക്കള്‍ക്കെതിരെ നിഷ്ക്കരുണം നടപടി എടുത്തതിലൂടെ ആരുടെ താല്പര്യം ആണ് നേതൃത്വം സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അണികള്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ കുറെ നാളുകളായി ലീഗില്‍ രൂപപ്പെട്ട ഗ്രൂപ്പിസം തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി മറനീക്കി പുറത്ത് വരികയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലീഗിന് ഭരണം കിട്ടിയാല്‍ ആരാകും വൈസ് ചെയര്മാന് എന്നതിനെ ചൊല്ലി ലീഗില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
പച്ചീരി ഫാറൂക്കിനൊപ്പം തന്നെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഉസ്മാന് താമരത്തും ഈ സ്ഥാനത്തിന് വേണ്ടി കരുക്കള്‍ നീക്കിയിരുന്നു. ലീഗിന് ഭരണം കിട്ടിയാലും ഇവരിലൊരാള്‍ തോല്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
അല്ലാത്തപക്ഷം ചെയര്മാന് സ്ഥാനത്തിന് വേണ്ടിയുള്ള തര്‍ക്കത്തില്‍ സംസ്ഥാന നേതൃത്വത്തിന് തന്നെ ഇടപെടേണ്ടി വന്നേനെ. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത പരാജയത്തിലേക്കാണ് മുസ്ലിം ലീഗ് കൂപ്പു കുത്തിയത്.
പരസ്പരമുള്ള കാലുവാരല്‍ കാരണമാണ് ഈ വമ്പന്‍ പരാജയമെന്നത് പരസ്യമായ രഹസ്യമാണ്. ഏതായാലും ‘മലപ്പുറം പാര്‍ട്ടിയില്‍’ ഉരുള്‍പൊട്ടുകയാണ്. അതിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് വരും ദിവസങ്ങളില്വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: