
ആലപ്പുഴ: കരവിരുതില്‍ കമനീയ ശില്പങ്ങള്‍ നിര്‍മ്മിക്കുകയും തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ട സംസാരഭാഷയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ശില്പചാതുര്യം വിളിച്ചോതുകയാണ് ആലപ്പുഴ ലളിതകലാ അക്കാദമിയിലെ ആര്‍ട്ട് ഗാലറി.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ പൂക്കോട് പാടം ഗ്രാമത്തിലെ കുംഭാര സമുദായക്കാരാണ് കളിമണ്ണില്‍ ചുമര്‍ശില്പങ്ങള്‍ മെനഞ്ഞും തങ്ങളുടെ ഭാഷ സംസാരിച്ചും വിസ്മയം തീര്‍ക്കുന്നത്. അന്യംനിന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കലാവൈഭവത്തെ പുനര്‍ജന്മം നല്‍കി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ഈ സമുദായത്തിലെ പത്തോളം അംഗങ്ങളാണ്.
പുത്തന്‍തലമുറ പരമ്പരാഗത കളിമണ്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരാത്തതും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യതയും പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അറിവില്ലായ്‌മയും ഈ തൊഴില്‍ കലാവൈഭവം അന്യംനിന്നുപോകുന്നതിനു കാരണമായി.
ഇതുമനസിലാക്കി കലാസൃഷ്ടിക്ക് ഉണര്‍വ്വു നല്‍കാന്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി അഹോരാത്രം പ്രവര്‍ത്തിച്ച് ഹെല്‍പ്പിങ് ഹാന്റ് എന്ന സംഘടനാ രംഗത്തു വരികയും തൊഴില്‍ സംരക്ഷണവും പുത്തന്‍ സാങ്കേതിക വിദ്യ പകര്‍ന്നു നല്‍കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.
ഇതിന്റെ ഭാഗമായാണ് ഇരുപതോളം കുടുംബങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സൃഷ്ടി ടെറാകോട്ട മ്യൂറല്‍ (കളിമണ്‍ ചുമര്‍ ചിത്രങ്ങള്‍) ആലപ്പുഴ ലളിതകലാ അക്കാദമിയില്‍ കളിമണ്‍ ചുമര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നിരവധി ആളുകളാണ് പ്രദര്‍ശനഹാളില്‍ എത്തുന്നത്.
നാലിഞ്ച് ചതുരത്തില്‍ തീര്‍ത്ത കളിമണ്‍ കട്ടകള്‍ ചൂളയില്‍ ചൂട്ടെടുത്ത് ആവശ്യമായ ഡിസൈനുകള്‍ വരുത്തിയാണ് മനോഹരങ്ങളായ ചിത്രങ്ങളും ശില്പങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ 11മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിന് നല്ലതിരക്കാണ്. പതിനഞ്ചിന് പ്രദര്‍ശനം സമാപിക്കും.
നിരവധി ആളുകള്‍ പ്രദര്‍ശനം കാണുവാനും ചിത്രങ്ങളും ശില്പങ്ങളും വാങ്ങാനും എത്തുന്നുണ്ട്. ഇപ്പോള്‍ ഇതിന്റെ ഓഡര്‍ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ചില സ്ഥാപനങ്ങളും ആര്‍ക്കിടെക്ച്ചര്‍മാരും സ്വകാര്യ വ്യക്തികളും കളിമണ്‍ ചുമര്‍ചിത്രങ്ങളുടെ ഓഡര്‍ നല്‍കിയതായി ഹെല്‍പിങ് ഹാന്റ് സെക്രട്ടറി ടി.പി. നാരായണന്‍ പറഞ്ഞു.