കല്‍പ്പറ്റ : കോണ്‍ഗ്രസുകാര്‍ കാലുവാരി തോല്‍പ്പിച്ച മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ഡിസിസി സെക്രട്ടറി പി.വി.ജോണിന്റെ ആത്മഹത്യകുറിപ്പിലുള്ള മുഴുവന്‍ നേതാക്കള്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി ജില്ലാകമ്മിറ്റി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാലുവാരല്‍ രാഷ്ട്രീയത്തിന്റെ ജില്ലയിലെ ആദ്യത്തെ രക്തസാക്ഷിയാണ് പി.വി.ജോണ്‍. ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടത് – വലത് മുന്നണികള്‍ ജില്ലയില്‍ വ്യാപകമായ വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. പല ഘടകകക്ഷികളെയും യുഡിഎഫ് കാലുവാരലിലൂടെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ജനതാപാര്‍ട്ടിക്ക് ജയസാധ്യതയുള്ള നാല്‍പ്പതോളം വാര്‍ഡുകളില്‍ എല്‍ഡിഎഫ് – യുഡിഎഫ് കക്ഷികള്‍ വോട്ടുകച്ചവടം നടത്തിയിട്ടുണ്ട്. പി.വി.ജോണിനോട് കടുംകൈ കാണിച്ചപ്പോള്‍ അദ്ദേഹം ആത്മഹ്യ ചെയ്യുമെന്ന് നേതാക്കള്‍ കരുതിയില്ല. ജില്ലയിലെ സമുന്നതനായ നേതാവിനെ കാലുവാരലിലൂടെ പുറത്താക്കിയ ചരിത്രം കേരളത്തില്‍ തന്നെ അപൂര്‍വ്വമാണ്.
തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കുറഞ്ഞുവെന്ന സിപിഎം ആരോപണം ബാലിശമാണ്.16 ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും മത്സരിച്ച ബിജെപിക്ക് 60173 വോട്ട് ലഭിച്ചിട്ടുണ്ട്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 24000 നും 25000 നും ഇടയിലായിരുന്നു. ജില്ലയില്‍ കാല് ലക്ഷത്തോളം വോട്ടുകള്‍ ബിജെപിക്ക് ഒന്നര വര്‍ഷത്തിനിടെ വര്‍ദ്ധിച്ചു. 2010ല്‍ 5.63 ശതമാനമായിരുന്നു ബിജെപി വോട്ടിംഗ്. 2015ല്‍ ഇത് 14.98 ശതമാനമായി ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ വോട്ട ചോര്‍ച്ച സംഭവിച്ചത് സിപിഎമ്മിനാണ്. കേരളത്തില്‍ സിപിഎമ്മിന് 10 ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി. യുഡിഎഫിന് നാല് ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി. ഇത് മറച്ചുവെച്ചാണ് സിപിഎം ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 41 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ബിജെപി രണ്ടാം സ്ഥാനത്താണ്. പലയിടത്തും ഒന്നുമുതല്‍ പത്ത് വരെയുള്ള വോട്ടിന്റെ കുറവിനാണ് ബിജെപി പരാജയപ്പെട്ടത്.
ബിജെപിയെ തോല്‍പ്പിക്കുക എന്ന അജണ്ടയോടെ ബീഫ് വിഷയമാണ് സിപിഎം ഉയര്ത്തികൊണ്ടുന്നത്. വികസനം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയെ ആയിരുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. പനമരം, നൂല്‍പ്പുഴ, നെന്മേനി, തൊണ്ടര്‍നാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ്-യുഡിഎഫ് ധാരണ പ്രകടമായിരുന്നു. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലും എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുനില ഇത് സാധൂകരിക്കുന്നു. വസ്തുതകള്‍ മറച്ചുവെച്ച് ബിജെപിയെ താറടിക്കുന്ന തന്ത്രമാണ് സിപിഎം നടത്തുന്നത്. ഇത് വയനാട്ടുകാര്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. ബിജെപി നിര്‍ണ്ണയാകമായ വാര്‍ഡുകളില്‍ ഇഠതിനോടും വലതിനോടും ആഭിമുഖ്യം പുലര്‍ത്തുകയില്ലെന്നും സംസ്ഥാന സമിതിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ബിജെപി ജില്ലാകമ്മിറ്റിയുടെ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്, ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ പത്രസമ്മേനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: