പാണായി: ആനക്കയം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് പാണായി എ എം എല്‍ പി സ്‌കൂളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ജനകീയ മുന്നണി സ്ഥാനാര്‍ഥിയും ബൂത്ത് ഏജന്റുമാരും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ബൂത്തില്‍ വെച്ച് പോളിംഗ് ഓഫിസര്‍ വനിതാ വോട്ടര്‍മാരോട് ആവശ്യപ്പെട്ടെന്നും ഇത് വിജയപ്രതീക്ഷയുള്ള വാര്‍ഡില്‍ പരാജയത്തിന് കാരണമായെന്നും ഇവര്‍ പറഞ്ഞു. മൂന്നാം പോളിംഗ് ഓഫിസര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആനക്കയം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പാണായി എ എം എല്‍ പി സ്‌കൂളിലെ ബൂത്തില്‍ മൂന്നാം പോളിംഗ് ഓഫിസര്‍ വോട്ടിംഗ് മെഷിനിലെ ആദ്യ ബട്ടണ്‍ അമര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലീഗ് സ്ഥാനാര്‍ഥിയായിരുന്നു ബാലറ്റില്‍ ഒന്നാമത്. പകുതിയോളം പോളിംഗ് പൂര്‍ത്തിയായപ്പോഴാണ് തങ്ങളുടെ ശ്രദ്ധയില്‍ ഇത് പെട്ടതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വോട്ട് ചെയ്യാനെത്തിയ ഒരു സ്ത്രീയോട് കോണിക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ടത് സ്ത്രീ പുറത്തെത്തി പറഞ്ഞതോടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ച് ബന്ധപ്പെട്ട പോളിംഗ് ഓഫിസറെ മാറ്റുകയായിരുന്നു. തുടര്‍ന്ന് ജനകീയ മുന്നണി സ്ഥാനാര്‍ഥിയുടെ ഏജന്റുമാരെ ബൂത്തില്‍ ഇരിക്കാന്‍ ലീഗുകാര്‍ സമ്മതിച്ചില്ലെന്നും ഇവര്‍ പറയുന്നു. മലപ്പുറം എം എല്‍ എയുടെ ബൂത്തിലായിരുന്നു ലീഗിന് വേണ്ടിയുള്ള പോളിംഗ് ഓഫിസറുടെ വോട്ടുപിടുത്തം. വാര്‍ഡ് നഷ്ടപ്പെടാതിരിക്കാനുള്ള എം എല്‍ എ അടക്കമുള്ളവരുടെ ഗൂഡാലോചനയാണ് സംഭവമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സ്ഥാനാര്‍ഥി ടി റിസ്‌വാന, ബൂത്ത് ഏജന്റ് തട്ടായില്‍ മുഹമ്മദ്കുട്ടി, സി ഇല്യാസ്, അബ്ദുല്‍ സലാം ആനക്കയം, അമീര്‍ പാണായി എന്നിവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: