മലപ്പുറം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ചുങ്കത്തറ പഞ്ചായത്തിലെ പള്ളിക്കുത്ത് വാര്‍ഡില്‍ ബിജെപിയെയും ഹൈന്ദവസംഘടനാ പ്രവര്‍ത്തകരെയും മാര്‍ക്‌സിസ്റ്റുകാര്‍ ആക്രമിക്കുന്നതിന് മൗനപിന്തുണ നല്‍കിയ എടക്കര എസ് ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈന്ദവസംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പള്ളിക്കുത്തില്‍ വിജയിച്ച ഇടതുപക്ഷം ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളിലെത്തി അസഭ്യം പറയുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദിനെ മര്‍ദിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ എട്ടിന് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ എകെജി സെന്ററിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
ഇടതുരാഷ്‌ട്രീയ നേതാവിനെ പോലെയാണ് എസ് ഐ പെരുമാറിയതെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രവര്‍ത്തകരെ ശാന്തരാക്കുന്നതിനിടയില്‍ നേതാക്കളെ വളഞ്ഞിട്ടു മര്‍ദിച്ചു.
ഇവര്‍ക്കെതിരെ വ്യാജ കേസെടുത്തിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി ദേശീയ സമിതിയംഗം കെ.ജനചന്ദ്രന്‍ മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍, വിഎച്ച്പി ജില്ലാ പ്രസിഡന്റ് തോട്ടുപാടി അപ്പുക്കുട്ടന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.സുമേഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: