തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് 9 ന്റെ രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ പുരോഗമിക്കുന്നു. പ്രീമിയം, സില്‍വര്‍, ജനറല്‍ എന്നീ വിഭാഗത്തില്‍ പ്രീമിയം, സില്‍വര്‍ വിഭാഗത്തിലുള്ള രജിസ്ട്രേഷനാണ് ഇപ്പോള്‍ നടന്നുവരുന്നത്. 20,000 രൂപ രജിസ്ട്രേഷന് ഫീസ് നല്കുന്ന പ്രീമിയം വിഭാഗത്തില്‍ 250 ല്‍പരം സ്ഥാപനങ്ങള്‍ ഇതിനോടകം രജിസ്ട്രേഷന് നടത്തി. കഴിഞ്ഞ സീസണില്‍ ആകെ പ്രീമിയം വിഭാഗം 176 മാത്രമായിരുന്നു. സീസണിന്റെ ആരംഭമാകുമ്പോഴേക്ക് ഈ വിഭാഗത്തില്‍ 500 ല്‍പരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് അറിയിച്ചു. സില്‍വര്‍ വിഭാഗത്തില്‍ 3000ല്‍പ്പരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷം കൂപ്പണ്‍ വീതം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്കാന് തയ്യാറായി 4 വ്യാപാരസ്ഥാപനങ്ങള്‍ ഈ സീസണില്‍ സ്വമേധയാ മുന്നോട്ടു വന്നു.
ബീമാ ജ്വല്ലേഴ്സ്, ചുങ്കത്ത് ജ്വല്ലറി, ജോസ്കോ ജ്വല്ലേഴ്സ് എന്നിവയാണ് ട്രേഡ് പാര്‍ട്ണര്‍മാരായി ജികെഎസ്എഫില്‍ പങ്കെടുക്കുന്നത്. നവംബര്‍ രണ്ടാംവാരം മുതല്‍ വ്യാപാരസംഘടനകളും രജിസ്ട്രേഓഷന് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ജനറല്‍ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍കൂടി ആരംഭിക്കുന്നതോടെ 20,000 ല്‍പ്പരം വ്യാപാരസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന വ്യാപാരമേളയായി സീസണ് 9 മാറുമെന്ന് ഡയറക്ടര്‍ അറിയിച്ചു. എല്ലാ വ്യാപാര സംഘടനകളും സജീവമായി സഹകരിക്കുന്നു എന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജികെഎസ്എഫിന്റെ വിജയത്തിനുവേണ്ടി വ്യാപാരിവ്യവസായി ഏകോപന സമിതി, വ്യാപാരിവ്യവസായി സമിതി എന്നിവരുടെ വിവിധ തലങ്ങളിലുള്ള യോഗങ്ങള്‍ നടന്നു വരികയാണ്. ഒന്നാം സമ്മാനം 1 കിലോ സ്വര്‍ണ്ണവും, രണ്ടാം സമ്മാനം അരകിലോ സ്വര്‍ണ്ണവും, മൂന്നാം സമ്മാനം അര കിലോ സ്വര്‍ണ്ണം രണ്ടു പേര്‍ക്കും 14 ജില്ലകളിലായി ഓരോ ലക്ഷം രൂപ വീതം നല്കുന്ന 42 ഭാഗ്യവാന്മാരെയും മെഗാ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്ഥമായി ജില്ലകള്‍തോറും ദൈ്വവാര നറുക്കെടുപ്പുകളും ഈ സീസണില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ നിരവധി അന്തര്‍ദേശീയ, ദേശീയ, സംസഥാന ബ്രാന്റുകളുടെ അത്യാകര്‍ഷകങ്ങളായ ആനുകൂല്യങ്ങളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സമ്മാനകൂപ്പണുകളിലൂടെ നേടാന്‍ കഴിയും.
രാജ്യത്തെ വാര്ത്താവിനിമയശൃംഘലയിലെ ബ്രാന്റായ വോഡാഫോണ്‍ എല്ലാ കൂപ്പണിലും ഒരു സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂപ്പണിന്റെ ഒരു നിശ്ചിത ഭാഗം വോഡാഫോണ്‍ സ്റ്റോറില്‍ നല്കുന്ന ഉപഭോക്താക്കളെ വോഡാഫോണിന്റെ ഒരു വര്‍ഷത്തെ സംസാരസമയം നല്കുന്ന അധികസമയമുള്പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനപദ്ധതിയും കാത്തിരിക്കുന്നു.ഈ സമ്മാനപദ്ധതികളും നറുക്കെടുപ്പിന്റെയും ആനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ നവംബര്‍ 18 നു മുന്‍പായി പ്രഖ്യാപിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: