അങ്ങാടിപ്പുറം: മേല്‍പ്പാല നിര്‍മ്മാണം നടക്കുന്ന അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്ക് അതിരൂക്ഷമായിരിക്കുകയാണ്. ഓട നിര്‍മ്മിച്ചതിലെ അപാകത കാരണം സമീപത്തെ വീടുകളിലും മുതുവുറ ക്ഷേത്രത്തിലും വെള്ളം കയറി. വീടും പരിസരവും മലിനജലം നിറഞ്ഞതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞു. സബ് കലക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലാണ് നിര്‍മ്മാണം നടക്കുന്നത്.
കൂടാതെ രൂക്ഷമായിരിക്കുന്ന ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞു കേട്ടിട്ടെയുള്ളു. ഇനി അത് അനുഭവിക്കുകയും ചെയ്യാം. അങ്ങാടിപ്പുറം വരെ ഏതെങ്കിലും വാഹനത്തില്‍ വന്നാല്‍ മതി. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് കണ്ട് ”പെട്ട് പോയല്ലോ” എന്ന് മനസില്‍ വിചാരിക്കുമ്പോഴേക്ക്, ദാ വരുന്നു ട്രാഫിക് പോലീസ് നിയമം പഠിപ്പിക്കാന്‍.
ട്രാഫിക് പോലീസുകാരന് ”ലെഫ്റ്റ് റൈറ്റ് ” പറഞ്ഞാലേ ഇവിടെ വാഹനം ഇടത്തേക്കോ വലത്തേക്കോ തിരിക്കാന്‍ പറ്റു. ഏമാന് പറയുന്നതിന് മുമ്പ് വാഹനം അനക്കിയാല്‍ കയ്യില്‍ കരുതിയ ചെറിയ ബുക്കില്‍ വണ്ടി നമ്പര്‍ എഴുതി പേടിപ്പിക്കും. ചിലപ്പോള്‍ കണ്ണുരുട്ടും. അതുമല്ലെങ്കില്‍ ഒരുവട്ടം റിവേഴ്സ് എടുത്തിട്ട് വരാന്‍ പറയും. മണിക്കൂറുകള്‍ പൊരിവെയിലത്ത് കാത്ത് നിന്ന മടുത്ത പൊതുജനത്തിന് അനിഷ്ടം പ്രകടിപ്പാന്‍ പോലും അവസരം ഇല്ല. ഇനി അഥവാ പ്രകടിപ്പിച്ചാല്‍ അങ്ങാടിപ്പുറം പഴയ നാട്ടുരാജ്യമായി മാറും. രാജഭരണകാലത്തെ പോലെ എല്ലാം മിണ്ടാതെ സഹിക്കണം. മണിക്കൂറുകള്‍ വരിയില്‍ നിന്ന് വണ്ടി നിര്‍ത്തിയും അനക്കിയും അനാവശ്യമായി പെട്രോള്‍ കളയുന്നതിനും പുറമെ പോലീസിന്റെ വക ഒരു ഫൈനും ഫ്രീ.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി മുമ്പെങ്ങുമില്ലാത്ത വിധം അതി രൂക്ഷമായ ഗതാഗതക്കുരുക്ക് ആണ് അങ്ങാടിപ്പുറത്ത് അനുഭവപ്പെടുന്നത്. ജൂബിലി ജംഗ്ഷന് മുതല്‍ തിരൂര്‍ക്കാട് വരെയും തളി ക്ഷേത്ര ജംഗ്ഷന് മുതല്‍ വൈലോങ്ങര വരെയും ഈ വരി നീളുന്നു. അങ്ങാടിപ്പുറം വഴി യാത്ര ചെയ്യുന്ന അബാലവൃദ്ധം ജനങ്ങളും ഈ കുരുക്കിന് ഇരയാകുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നും അങ്ങാടിപ്പുറം വരെ എത്താന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണ്ടി വരുന്നു. 5 മിനിറ്റ് പോലും ആവശ്യമില്ലാത്ത യാത്രക്കാണ് ഈ നരക യാതന സഹിക്കേണ്ടി വരുന്നത്. രാവിലെ ഒന്‍പത് മണിക്ക് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തണമെങ്കില്‍ 7.30ന് എങ്കിലും വീട്ടില്‍ നിന്ന് യാത്രയാക്കണം. എന്നാലും കൃത്യ സമയത്ത് എത്താന്‍ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. മക്കളെ 7.30ന് യാത്രയാക്കണമെങ്കില്‍ അമ്മമാര്‍ 4.30ന് എങ്കിലും അടുക്കളയില്‍ കയറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: