അങ്ങാടിപ്പുറം: ഭൂകമ്പം കഴിഞ്ഞ ഭൂപ്രദേശത്ത് അവശിഷ്ടങ്ങള്‍ തേടുന്ന സുരക്ഷാ സൈനികരുടെ അവസ്ഥയാണ് അങ്ങാടിപ്പുറത്തെ കോണ്‍ഗ്രസ് അണികളുടെ അവസ്ഥ. തദ്ദേശ തിരഞ്ഞെടുപ്പിനൊടുവില്‍ ദേശീയ പാര്‍ട്ടി ഇവിടെ നാമാവശേഷമായി. 23 വാര്‍ഡുകളുള്ള അങ്ങാടിപ്പുറത്ത് കോ-ലീ സഖ്യത്തിന് നേടാനായത് ആറ് സീറ്റുകള്‍ മാത്രം. അതില്‍ തന്നെ വെറും ഒരു സീറ്റാണ് ഇവിടെ കോണ്‍ഗ്രസ് നേടിയത്, അക്കൗണ്ട് തുറന്നു എന്ന് പറയുന്നതാകും ഉചിതം. ബിജെപി അക്കൗണ്ട് തുറക്കുന്നത് തടയാന്‍ അശ്രാന്ത പരിശ്രമം നടത്തിയവര്‍ക്ക് ഫലം വന്നപ്പോള്‍ സ്വയം അക്കൗണ്ട് തുറക്കേണ്ട അവസ്ഥ. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വാര്‍ഡുകളില്‍ മത്സരിക്കാനും തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്താനും ബിജെപി ക്ക് കഴിഞ്ഞു. സകലമുന്നണികളെയും നിഷ്പ്രഭരാക്കി ചരിത്രം കുറിച്ച് ഒരു സീറ്റ് നേടാനും ബിജെപിക്കായി. അതേസമയം ലീഗിന്റെ തെറ്റുകള്‍ക്ക് വിലനല്‍കേണ്ടി വന്നത് കോണ്‍ഗ്രസിനാണെന്ന് ആ പാര്‍ട്ടിയുടെ അണികള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം പഞ്ചായത്ത് ഭരിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്കാന് മുന്നണിക്കായില്ല. പകരം കോണ്‍ഗ്രസിനെ ഇല്ലാതാക്കി ലീഗിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ലീഗ് നേതാക്കള്‍ നടത്തിയത്. കൂടാതെ ലീഗിലെ കുടുംബ വാഴ്ചക്ക് ലീഗ് അണികള്‍ പോലും എതിരായിരുന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റും ഭര്‍ത്താവും മത്സരത്തിനങ്ങി.
ഇത് വന്‍ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. കോണ്‍ഗ്രസ് മത്സരിച്ച പല വാര്‍ഡുകളില്‍ പോലും വിമത ശല്യം ഉണ്ടായത് ലീഗിലെ കുടുംബാധിപത്യത്തോടുള്ള എതിര്‍പ്പ് മൂലമാണ്. വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 15000 ല്‍ അധികം വോട്ടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു പോന്ന മണ്ഡലമാണ് അങ്ങാടിപ്പുറം. എന്നാല്‍ ഇക്കുറി ഇവിടെയും ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് ജനം തോല്‍പ്പിക്കുന്ന അവസ്ഥയായിരുന്നു മണ്ഡലത്തില്‍ ഉണ്ടായിരുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ പോലും അടക്കം പറയുന്നു. ഇനി എന്ത് എന്ന ചിന്ത ആണ് അങ്ങാടിപ്പുറത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. ഒരുപക്ഷേ രാ്ര്രഷ്ടീയ വനവാസം ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം സ്ഥിതി അത്രക്ക് മോശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: