പെരിന്തല്‍മണ്ണ: നഗരസഭയിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ഇത്തവണ ഭരണം പിടിക്കുമെന്ന് ലീഗ് നേതാക്കള്‍ വീമ്പിളക്കിയ പെരിന്തല്‍മണ്ണ നഗരസഭയില്‍ ലീഗിന് അപ്രതീക്ഷിത പരാജയമാണ് നേരിട്ടത്. ആകെയുള്ള 34 സീറ്റില്‍ വെറും 13 സീറ്റ് മാത്രമാണ് അവിടെ കോ-ലീ സഖ്യത്തിന് കിട്ടിയത്.
നഗരസഭയിലെ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് ഉള്‍പ്പെടെയുള്ള ലീഗ് പ്രമുഖര്‍ പരാജയം രുചിച്ചു. ലീഗിലെ ആഭ്യന്തര കലഹവും യുഡിഎഫിലെ പടലപ്പിണക്കവുമാണ് ഇത്തരമൊരു വന്‍ പരാജയത്തിലേക്ക് കോ-ലീ സഖ്യത്തെ തള്ളിവീഴ്ത്തിയത്. മിക്കയിടത്തും വിമത സ്ഥാനാര്‍ത്ഥികളാണ് ഫലം പോലും നിര്‍ണ്ണയിച്ചത്. ലീഗ് നേരിട്ട വന്‍പരാജയത്തിന് കാരണം വിഭാഗീയത ആണെന്നാരോപിച്ച് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പിയുടെ വീടിന് മുന്നില്‍ പ്രകടനമായെത്തുകയും പ്രകോപനമായ രീതിയില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതേസമയം ലീഗിന് ഭരണം കിട്ടിയാല്‍, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് നഗരസഭ ചെയര്മാന് ആകാതിരിക്കാന്‍ വേണ്ടി ലീഗ് നേതാക്കള്‍ തന്നെ അദ്ദേഹത്തെ തോല്‍പിച്ചതാണെന്ന ആരോപണവും ശക്തമാണ്. ഏതായാലും വന്‍ പൊട്ടിത്തെറിക്കാണ് വരും ദിവസങ്ങളില്‍ മുസ്ലിം ലീഗില്‍ കളമൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: