പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ട് തുറന്ന ബിജെപി നേടിയത് ഉജ്വല വിജയം. നാലുവാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ ഇരുകൈകളും നീട്ടിസ്വീകരിച്ചത്. മൊത്തം 14 വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ഒരു സ്വതന്ത്രനുമാണ് മറ്റ് വിജയികള്‍.
വാര്‍ഡ് ആറ് ഇലക്കുളത്ത് ശ്രീകലാ പി.അനില്‍, തൊട്ടടുത്ത സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ രാജിതമ്പിയേ 112 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമണിക്ക് 74 വോട്ടുകളാണ് നേടാനായത്. വാര്‍ഡ് 12 മലയാലപ്പുഴ താഴത്ത് ജി.മനോജ് എട്ട് വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ബിന്ദുഗോപനെ പിന്തള്ളിയത്. സിപിഎമ്മിലെ കെ.കെ.വാസുദേവന്‍നായര്‍ ഇവിടെ മൂന്നാം സ്ഥാനത്തായി. വടക്കുപുറം വാര്‍ഡ് 10ല്‍ 37 വോട്ടുകള്‍ക്ക് മുരളീധരക്കുറുപ്പ് പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ ഹരിദാസ് പടിപ്പുരയ്ക്കലിനെയാണ്. എല്‍ഡിഎഫ് സ്വതന്ത്രന് മുകുന്ദന്പിള്ളയാണ് മൂന്നാം സ്ഥാനത്ത്.
വാശിയേറിയ മത്സരം നടന്ന എട്ടാം വാര്‍ഡ് വെട്ടൂരില്‍ 17 വോട്ടുകളുടെ വിജയം സന്തോഷ്കുമാര്‍ നേടിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സേവാദള്‍ നേതാവുമായ വെട്ടൂര്‍ ജ്യോതിപ്രസാദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ്. സിപിഐയിലെ പി.എസ്.ഗോപാലകൃഷ്ണപിള്ളയാണ് രണ്ടാമതെത്തിയത്. അക്കൗണ്ട് തുറന്നതോടെ നാല് വാര്‍ഡുകളില്‍ വിജയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയും മധുരപലഹാരങ്ങള്‍ വിളമ്പിയും വിജയം വെട്ടൂരില്‍ ഉത്സവമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: