നിലമ്പൂര്‍: മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമത യോഗം വിളിച്ചതിന് കഴിഞ്ഞ ദിവസം ഇ.കെ.സമസ്തയുടെ യുവജന നേതാവായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ പുറത്താക്കിയ സംഭവത്തിന്റെ അലയൊലികള്‍ മലയോര പ്രദേശത്ത് ആഞ്ഞടിച്ചു.
എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് അനുയായികള്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് നിലമ്പൂരിന് സമീപം സിപിഎം നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇതെതുടര്‍ന്ന് ലീഗിലെ സമസ്ത വിഭാഗം പിന്‍വലിഞ്ഞതോടെ നഗരസഭയിലടക്കം മലയോര മേഖലയിലെ മുഴുവന്‍ ലീഗ് സ്ഥാനാര്‍ത്ഥികളുടെ നില പരുങ്ങലിലായി. സുന്നി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രവര്‍ത്തനത്തില്‍ നിന്നും വോട്ടര്‍മാരെ ക്യാന്‍വാസ് ചെയ്ത് ബൂത്തിലെത്തിക്കുന്നതിലും കൂട്ടത്തോടെ പിന്‍വാങ്ങിയത് സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി. ഇവരില്‍ പലരും ഒന്നെങ്കില്‍ വോട്ട് ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ചെയ്യുകയോ ചെയ്തിരിക്കാം. സിപിഎം വിരോധികളായ സുന്നികള്‍ ഒറ്റ വികാരത്തില്‍ സിപിഎമ്മിന് വോട്ട് ചെയ്യാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇവര്‍ ഒരിക്കലും ലീഗിന് വോട്ട് ചെയ്യാതിരിക്കാനുള്ള തന്ത്രമാണ് സിപിഎം ആവിഷ്ക്കരിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് കരുവാരക്കുണ്ടില്‍ നിന്നും മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥി ടി.പി.അഷറഫലി സമസ്തക്ക് ഒരു നിത്യതലവേദനയാണ്. സമസ്തയുടെ പദ്ധതികളെയും തീരുമാനങ്ങളെയും നിരന്തരം ധിക്കരിച്ചിരുന്ന ആളാണ് അഷറഫലി. ഏറ്റവും ഒടുവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഷറഫലി എടുത്ത നിലപാട് ഹമീദ് ഫൈസി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ലീഗിലെ മുജാഹിദ്പക്ഷ സംരക്ഷകനായ കെ.പി.എ.മജീദിന്റെ പൂര്‍ണ പിന്തുണ അഷറഫലിക്കുണ്ട്.
ഹമീദ് ഫൈസി കഴിഞ്ഞ ദിവസം കരുവാരക്കുണ്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘടനയില്‍ അറിയപ്പെടുന്ന പ്രമുഖരടക്കം 100 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. യോഗം മുജാഹിദ് വിഭാഗം അലങ്കോലമാക്കാന്‍ ശ്രമിക്കുകയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ ഒരു യോഗത്തോടെ സമസ്തയില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചു കഴിഞ്ഞു. നിലമ്പൂരിലെ സംഘടനയുടെ വളര്‍ച്ചക്ക് നിര്‍ണ്ണായക സംഭവന നല്‍കിയത് പുറത്താക്കപ്പെട്ട ഹമീദ് ഫൈസിയാണ്. ലീഗിന്റെ രാഷ്ട്രീയ വാലായി മാറുന്നതിന് പകരം സംഘടന ആത്മീയത മുറുകെ പിടിക്കണമെന്ന ഹമീദ് ഫൈസിയുടെ നിരന്തര വാദത്തിന് നല്ല അനുകൂല പ്രതികരണമാണ് സംഘടനയില്‍ നിന്ന് ലഭിച്ചത്. സമസ്തയുടെ മുഖപത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രിക ദിനപത്രം മുജാഹിദുകള്‍ ഹൈജാക്ക് ചെയ്ത് സമസ്തയുടെ വാര്‍ത്തകള്‍ തമസ്കരിക്കാന്‍ തുടങ്ങിയപ്പോഴാണ് സുപ്രഭാതം എന്ന പുതിയ പത്രം സംഘടന ആരംഭിച്ചത്. ഇതിന്റെ ബുദ്ധികേന്ദ്രവും ഹമീദ് ഫൈസിയാണ്. ഇതോടെ ലീഗ് മുജാഹിദുകളുടെ കണ്ണിലെ കരടായി മാറി ഫൈസി. മുജാഹിദിനെ മുട്ടുകുത്തിക്കുന്ന ഹമീദ് ഫൈസിയെന്ന ബുദ്ധികേന്ദ്രത്തിനെ ഒരു വിഭാഗം ലീഗുകാര്‍ കെ.പി.എ.മജീദ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരെ സ്വാധീനിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെകൊണ്ട് ഫൈസിക്കെതിരെ നടപടിയെടുപ്പിക്കുകയായിരുന്നു.
സമസ്തയിലെ ഒരുവിഭാഗം പണ്ഡിതന്മാര്ക്ക് ലീഗിന്റെ രാഷ്ട്രീയ നിലപാടുകളോട് താല്പര്യമില്ല. അതിന് ഉദാഹരണമാണ് നിലവിളക്ക് വിവാദത്തില്‍ സമസ്തയുടെ നിലപാട്. എന്തായാലും ഫൈസിക്കെതിരെയുള്ള നടപടിയില്‍ നഷ്ടപ്പെടുന്നത് ചില ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഉറപ്പാക്കിയിരുന്ന വിജയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: