കല്‍പ്പറ്റ:പഠനത്തെ മത്സരമാക്കി മാറ്റുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ശാസ്ത്രപരമായ അറിവുകളോടൊപ്പം കുട്ടികളിലെ ക്രിയാത്മകത കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കണമെന്ന് ഐ.എസ്.ആര്.ഒ റിട്ട. സയിന്റിസ്റ്റും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ റിസര്‍ച്ച് ഫെല്ലോയുമായ ഡോ. പി.എം. സിദ്ധാര്ത്ഥന് അഭിപ്രായപ്പെട്ടു. മാനന്തവാടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍- എഞ്ചിനീയറിംഗ് മേഖലകളിലേക്ക് വിദ്യര്‍ത്ഥികള്‍ കൂടുതലായി കടന്നു വരുന്നുണ്ടെന്നും പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തി ഇത്തരത്തിലുള്ള ഗ്രാമീണ മേളകള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ട്രോള്‍ എന്നു പേരിട്ടിട്ടുള്ള ശാസ്ത്രമേളയില്‍ മാനന്തവാടി ഉപജില്ലയ്ക്കു കീഴിലുള്ള 129 ഓളം വിദ്യാലയങ്ങളില്‍ നിന്നായി ഏകദേശം 5000ത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങൡ രണ്ട് ദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രവൃത്തി പരിചയ മേളയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മത്സരിക്കാനെത്തിയത്. 915 വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഗണിത ശാസ്ത്ര മേളയില്‍ 399 വിദ്യാര്‍ത്ഥികളും സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ 98, ഐ.ടി വിഭാഗത്തില്‍ 100 വിദ്യാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രവൃത്തി പരിചയമേള നടത്തുന്നതിന് 15000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ പ്രത്യേകം പന്തലും ഭക്ഷണം നല്‍കുന്നതിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിക്കുന്നതിനുമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിരുന്നെത്തിയ കുട്ടികളെയും അധ്യാപകരേയും വരവേല്‍ക്കാന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന വൊളന്റീയര്‍മാരും മേളയില്‍ സജീവമാണ്. മേളയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് 101 അംഗങ്ങളെ ഉള്‍പ്പെടുത്തി സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.
സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായുള്ള പ്രദര്‍ശന മത്സരം, സ്റ്റില്‍- വര്‍ക്കിംഗ് മോഡല്‍, ശേഖരണം, പത്രകട്ടിംഗ്- എല്‍.പി, യു.പി. വിഭാഗം എന്നിവയും ഗണിതശാസ്ത്ര മേളയിലെ ഭാസ്ക്കരാചാര്യ സെമിനാര്‍, ക്വിസ് എന്നിവയും ഇന്ന് ( നവംബര്‍ 6 ) നടക്കും. എച്ച്. എസ്, എച്ച്. എസ്.എസ്. വിഭാഗം വെബ് ഡിസൈനിംഗ്, എച്ച്.എസ്. വിഭാഗം ഐ.ടി പ്രോജക്ട്, മലയാളം ടൈപ്പിംഗ് , സയന്‍സ് മേളയുടെ എല്ലാ മത്സരങ്ങളും നാളെ നടക്കും. ചടങ്ങില്‍ തൃശ്ശിലേരി ഗവ. ജി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് വി.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. മാനന്തവാടി എ.ഇ.ഒ. കെ. രമേഷ്, തൃശ്ശിലേരി ഗവ. ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ വി. ശശിധരന്, മാനന്തവാടി ബി.പി.ഒ. കെ.ജി. ജോണ്സണ്, പി.ടി.എ. വൈസ് പ്രസിഡന്റ് സി.ജെ. ജെയിംസ്, സംഘാടകസമിതി സെക്രട്ടറി പി.ടി. സുഗതന്, ട്രഷറര്‍ വി. ബേബി, അജയന്, മുഹമ്മദ് നവാസ്, എം. പ്രകാശ്, കെ.കെ. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: